ബ്രസീലിനെ പരിശീലിപ്പിക്കാൻ ആഞ്ചലോട്ടി എത്തില്ല! റയലുമായുള്ള കരാർ 2026 വരെ നീട്ടി
text_fieldsമഡ്രിഡ്: ബ്രസീൽ ദേശീയ ഫുട്‌ബാൾ ടീമിന് തന്ത്രങ്ങൾ മെനയാൻ സൂപ്പർകോച്ച് കാർലോ ആഞ്ചലോട്ടി എത്തില്ല. ഇതിഹാസ ഇറ്റാലിയൻ പരിശീലകൻ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡുമായുള്ള കരാർ 2026 വരെ ദീർഘിപ്പിച്ചു. 2024 ജൂൺ മുതൽ ആഞ്ചലോട്ടി ബ്രസീലിന്റെ പരിശീലകനായി ചുമതലയേൽക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
റയലുമായുള്ള കരാർ അവസാനിക്കുന്നതോടെ ബ്രസീൽ ടീമിന്‍റെ പരിശീലന ചുമതല ഏറ്റെടുക്കുമെന്ന് ബ്രസീൽ ഫുട്‌ബാൾ അസോസിയേഷൻ പ്രസിഡന്റ് എഡ്‌നാൽഡോയും പ്രഖ്യാപിച്ചിരുന്നു. റയൽ തന്നെ നിലനിർത്തുകയാണെങ്കിൽ ക്ലബിൽ തുടരുമെന്ന നിലപാടാണ് ആഞ്ചലോട്ടി സ്വീകരിച്ചിരുന്നത്.
നടപ്പ് സീസൺ അവസാനം വരെയാണ് റയലുമായി കരാറുണ്ടായിരുന്നത്. ഇതാണ് 2026 സീസൺ വരെ നീട്ടിയത്. നേരത്തെ 2013-15 സീസണുകളിൽ ക്ലബിന്‍റെ പരിശീലകനായിരുന്ന ആഞ്ചലോട്ടി 2021ലാണ് വീണ്ടും റയലിനൊപ്പം ചേരുന്നത്. രണ്ടു ചാമ്പ്യൻസ് ലീഗ്, ഒരു സ്പാനിഷ് ലീഗ് ഉൾപ്പെടെ റയലിനായി പത്ത് കിരീടങ്ങൾ നേടികൊടുത്തിട്ടുണ്ട്. ഖത്തർ ലോകകപ്പിലെ മോശം പ്രകടത്തിനു പിന്നാലെയാണ് ബ്രസീലിന്‍റെ പരിശീലനകനായി 64കാരനായ ആഞ്ചലോട്ടിയുടെ പേര് ഉയർന്നുകേൾക്കുന്നത്.
നിലവിൽ ഫ്ലുമിനെൻസിന്‍റെ ഹെഡ് കോച്ച് ഫെർനാണ്ടോ ദിനിസാണ് ബ്രസീൽ ടീമിന്‍റെ ചുമതല. 2024ലെ കോപ്പ അമേരിക്ക ടൂർണമെന്റ് ആഞ്ചലോട്ടിയുടെ ആദ്യ ദൗത്യമാകുമെന്നും 2026 ലോകകപ്പ് ലക്ഷ്യമിട്ടാണ് ബ്രസീൽ സൂപ്പർകോച്ചിനെ കൊണ്ടുവരുന്നതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ആഞ്ചലോട്ടി കരാർ നീട്ടിയതോടെ ബ്രസീൽ പുതിയ പരിശീലകനെ കണ്ടെത്തേണ്ടിവരും. പരിശീലന കരിയറിൽ ആഞ്ചലോട്ടി ഇതുവരെ ഒരു ദേശീയ ടീമിന്‍റെ പരിശീലകനായിട്ടില്ല. ഖത്തർ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോൽവി വഴങ്ങി ബ്രസീൽ പുറത്തായതിനു പിന്നാലെ ടിറ്റെ പരിശീലന സ്ഥാനം രാജിവെച്ചിരുന്നു.
തെക്കൻ അമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ടിൽ മോശം പ്രകടനവുമായി ഏറെ പിന്നിലാണ് മഞ്ഞപ്പട. ബ്രസീലിന്റെ യുവനിരയുമായി നല്ല ബന്ധമുള്ളയാളാണ് ആഞ്ചലോട്ടി. റോഡ്രിഗോ, വിനീഷ്യസ് ജൂനിയർ, എഡർ മിലിറ്റാവോ, നെയ്മർ എന്നിവരുടെ കളിശൈലികളെല്ലാം നേരിട്ട് അറിയുന്നയാളാണ്. കാസമിറോയുമായും അടുത്ത ബന്ധമുണ്ട്. അത്തരമൊരാൾ തലപ്പത്തേക്ക് എത്തുന്നത് കൂടുതൽ ഒത്തിണക്കമുള്ള ടീമിനെ വളർത്തിയെടുക്കാൻ സഹായിക്കുമെന്നായിരുന്നു അസോസിയേഷന്‍റെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.