ബെൻസേമയുടെ പകരക്കാരനെത്തേടി റയൽ; ഹാരി കെയിൻ വരുമോ?
text_fieldsമഡ്രിഡ്: അപ്രതീക്ഷിത നീക്കത്തിൽ കരാർ കാലയളവ് ഒരുവർഷം ബാക്കിനിൽക്കെ കരീം ബെൻസേമ പടിയിറങ്ങിയ റയൽ മഡ്രിഡിൽ പകരക്കാരനുവേണ്ടി നെട്ടോട്ടം. ടോട്ടൻഹാമിൽ കരാർ കഴിഞ്ഞ സൂപ്പർ സ്ട്രൈക്കർ ഹാരി കെയിനെ ടീമിലെത്തിക്കാനാണ് ശ്രമം. 14 വർഷം ടീമിനൊപ്പം നിന്നാണ് 29കാരൻ ടോട്ടൻഹാം വിടുന്നത്.
നിരവധി പ്രമുഖർ നേരത്തേ മറ്റു ടീമുകളിലേക്ക് ചേക്കേറുന്നതായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇംഗ്ലീഷ് താരത്തെ എത്തിക്കാൻ ആവശ്യമായ തുക കണ്ടെത്താൻ പ്രയാസമുണ്ടാകില്ലെന്നാണ് റയൽ മാനേജ്മെന്റിന്റെ കണക്കുകൂട്ടൽ. കരീം ബെൻസേമക്കൊപ്പം എഡൻ ഹസാർഡ്, മാർകോ അസെൻസിയോ, മരിയാനോ ഡയസ് എന്നിവരും ഈ വർഷം റയൽ വിടുന്നവരാണ്. കെയിനിനൊപ്പം ബൊറൂസിയ ഡോർട്മുണ്ട് താരം ജൂഡ് ബെല്ലിങ്ങാമിനു വേണ്ടിയും ചർച്ചകൾ നടക്കുന്നുണ്ട്. നാപോളിയുടെ വിക്ടർ ഒസിംഹൻ, ഇന്റർ മിലാൻ താരം ലോട്ടറോ മാർടിനെസ്, ചെൽസിയുടെ കെയ് ഹാവെർട്സ്, യുവന്റസ് പ്രമുഖൻ ദുസാൻ വ്ലാഹോവിച് എന്നിവരും റയൽ പരിഗണിക്കുന്നവരാണ്.
അതേസമയം, ഒന്നര പതിറ്റാണ്ടിനിടെ ടീമിന് വലിയ നേട്ടങ്ങൾ സമ്മാനിച്ച കെയിനിനെ ടീമിൽ നിലനിർത്തണമെന്ന് ടോട്ടൻഹാം ചെയർമാൻ ഡാനിയൽ ലെവി ആഗ്രഹിക്കുന്നതായും റിപ്പോർട്ടുണ്ട്. അങ്ങനെവന്നാൽ, റെക്കോഡ് തുക മുന്നിൽവെച്ചാകും താരത്തിനായി ക്ലബിന്റെ വിലപേശൽ. 435 കളികളിൽ ഇറങ്ങിയ കെയിൻ 280 ഗോളുകൾ നേടിയിട്ടുണ്ട്. പ്രീമിയർ ലീഗിൽ റെക്കോഡ് സ്കോററായ അലൻ ഷിയററെ മറികടക്കാൻ ഇനി 47 ഗോളുകൾകൂടി മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.