‘ലോകത്തിലെ മികച്ച ടീം റയൽ മഡ്രിഡ്’; ബാഴ്സ ആരാധകരുടെ ‘ഹൃദയം തകർത്ത്’ മെസ്സി
text_fieldsനിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ടീം റയൽ മഡ്രിഡാണെന്ന് അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സി. ‘ഇൻഫോബേൻ’ എന്ന അർജന്‍റീന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മെസ്സി ഒരുകാലത്ത് തന്‍റെ ചിരവൈരികളായിരുന്ന റയലിന് ഫുൾ മാർക്ക് നൽകിയത്. കോപ്പ അമേരിക്ക തയാറെടുപ്പിന്‍റെ ഭാഗമായി നിലവിൽ ഇന്റർമയാമി താരം അർജന്‍റീന ദേശീയ ടീമിനൊപ്പം പരിശീലനത്തിലാണ്.
ഇക്വഡോറുമായും ഗ്വാട്ടിമാലയുമായും അർജന്‍റീന സൗഹൃദ മത്സരം കളിക്കുന്നുണ്ട്. യുവേഫ ചാമ്പ്യൻസ് ലീഗിൽ തങ്ങളുടെ 15ാം കിരീടമാണ് ഇത്തവണ റയൽ സ്വന്തമാക്കിയത്. സീസണിലെ ലാ ലീഗ കിരീടവും റയലിനായിരുന്നു. സ്പാനിഷ് ക്ലബ് ബാഴ്സക്കൊപ്പമായിരുന്നു മെസ്സി കരിയറിലെ ഭൂരിഭാഗം ചെലവഴിച്ചത്. ‘ഫലം നോക്കിയാൽ റയൽ മഡ്രിഡാണ് ലോകത്തെ ഏറ്റവും മികച്ച ക്ലബ്, കളി നോക്കിയാൽ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയും’ -മെസ്സി പറഞ്ഞു.
ഫലത്തെ കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ, അത് റയലാണ്, കളിയെ കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ വ്യക്തിപരമായി ഗ്വാർഡിയോളയുടെ സിറ്റിയാണ് മികച്ചത്. ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന ഏതൊരു ടീമും സ്പെഷലാണ്. അദ്ദേഹം പരിശീലിപ്പിക്കുന്ന രീതിയും കളി രീതികളുമാണ് ടീമിനെ വ്യത്യസ്തമാക്കുന്നത്. സിറ്റിയെ ഏറ്റവും ആകർഷകമായ ടീമാക്കി മാറ്റിയത് അദ്ദേഹമാണെന്നും മെസ്സി അഭിപ്രായപ്പെട്ടു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സിറ്റി ഇത്തവണ തുടർച്ചയായ നാലാം കിരീടമാണ് നേടിയത്. കഴിഞ്ഞ സീസണിൽ സിറ്റി ചാമ്പ്യൻസ് ലീഗ്, എഫ്.എ കപ്പ്, പ്രീമിയർ ലീഗ് കിരീടങ്ങൾ നേടി ട്രബ്ൾ നേട്ടം സ്വന്തമാക്കിയിരുന്നു. ചാമ്പ്യൻസ് ലീഗ് ക്വർട്ടർ ഫൈനലിൽ ഇത്തവണ റയലിനു മുന്നിലാണ് സിറ്റി വീണത്. ഗ്വാർഡിയോളയുടെ കീഴിയിൽ മെസ്സി ബാഴ്സക്കൊപ്പം 14 കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.
മൂന്നു ലാ ലിഗ, രണ്ടു ചാമ്പ്യൻസ് ലീഗ്, രണ്ട് ഫിഫ ക്ലബ് ലോകകപ്പ് കിരീടങ്ങൾ ഉൾപ്പെടെയാണിത്. മെസ്സിയുടെ നേതൃത്വത്തിലാണ് ജൂൺ 20 മുതൽ ജൂലൈ 14 വരെ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്‍റിൽ അർജന്‍റീന കളിക്കാനിറങ്ങുന്നത്. 2022 ലോകകപ്പ് ജേതാക്കളായ അർജന്‍റീന തന്നെയാണ് നിലവിലെ കോപ്പ അമേരിക്ക വിജയികളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.