റയൽ മഡ്രിഡിന്റെ പ്രമുഖതാരം മയാമിയിൽ മെസ്സിക്കൊപ്പം ചേരും?
text_fieldsമയാമി: ഇന്റർ മയാമിയിൽ ലയണൽ മെസ്സിക്കൊപ്പം ചേരാൻ റയൽ മഡ്രിഡിന്റെ ഒരു പ്രമുഖ കളിക്കാരന് താൽപര്യമെന്ന് റിപ്പോർട്ട്. റയലിലെ തന്റെ കരാർ കാലാവധിക്കുശേഷം ഇന്റർ മയാമിയിലേക്ക് കൂടുമാറുന്ന കാര്യത്തിൽ താരം അനുകൂല നിലപാടിലാണെന്ന് എ.എസ് സ്പോർട്സ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
റയലിന്റെ മധ്യനിരയിൽ മിന്നുന്ന കളി കെട്ടഴിക്കുന്ന ക്രൊയേഷ്യൻ മിഡ്ഫീൽഡർ ലൂക്ക മോഡ്രിച്ച് ആണ് മേജർലീഗ് സോക്കറിൽ മയാമിക്കൊപ്പം ചേരാൻ താൽപര്യം കാട്ടുന്നത്. ഇന്റർ മയാമിയുടെ സഹ ഉടമസ്ഥനായ മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് ബെക്കാം ഈയിടെ ക്രൊയേഷ്യയിലെത്തിയപ്പോൾ ഇതുസംബന്ധിച്ച കാര്യങ്ങൾ ലൂക്കയുമായി ചർച്ച ചെയ്തിരുന്നുവെന്നും എ.എസ് വെളിപ്പെടുത്തുന്നു.
37കാരനായ മോഡ്രിച്ച് റയൽ മഡ്രിഡിൽ ഒരു സീസണിലേക്കുകൂടി കരാർ നീട്ടിയിരുന്നു. ഈ സീസണിൽ മഡ്രിഡിൽ തുടരാനായി എം.എൽ.എസിൽനിന്നും സൗദി പ്രോ ലീഗിൽനിന്നുമുള്ള ഓഫറുകൾ നിരസിക്കുകയായിരുന്നു. റയലിലെ തന്റെ പദ്ധതികളിൽ ലൂക്കക്ക് സുപ്രധാന സ്ഥാനമാണുള്ളതെന്ന് കോച്ച് കാർലോ ആഞ്ചലോട്ടി പറഞ്ഞിരുന്നുവെങ്കിലും ഭാവി മുന്നിൽകണ്ട് യുവതാരങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം നൽകുന്ന നിലപാടാണ് റയൽ സ്വീകരിക്കുന്നത്. ജൂഡ് ബെലിങ്ഹാം, എഡ്വേർഡോ കമാവിങ്ക, ഔറേലിൻ ഷുവാമെനി, ഫെഡെറികോ വാൽവെർദെ തുടങ്ങിയ യുവരക്തങ്ങൾക്ക് പ്രാമുഖ്യം നൽകിയുള്ള തന്ത്രങ്ങൾക്കിടയിൽ പലപ്പോഴും മോഡ്രിച്ചിന് പകരക്കാരുടെ ബെഞ്ചിൽ ഇടം നൽകുകയാണ് കോച്ച്.
മയാമിയിലേക്കുള്ള മോഡ്രിച്ചിന്റെ കൂടുമാറ്റം എന്തായാലും ഈ വർഷം നടക്കില്ലെന്നുറപ്പാണ്. അടുത്ത വർഷം ജൂണിൽ റയലുമായുള്ള കരാർ അവസാനിക്കുന്ന മുറയ്ക്ക് അമേരിക്കയിലേക്ക് ചേക്കേറുന്നതിനെക്കുറിച്ചാണ് മോഡ്രിച്ച് ആലോചിക്കുന്നത്. മെസ്സിക്കൊപ്പം മുൻ ബാഴ്സലോണ താരങ്ങളായ സെർജിയോ ബുസ്ക്വെറ്റ്സും ജോർഡി ആൽബയും എത്തിയതോടെ കരുത്തേറെ വർധിച്ച ഇന്റർ മയാമിയാണ് കളത്തിലിപ്പോൾ. ഇവർക്കൊപ്പം ലൂക്ക കൂടിയെത്തിയാൽ മധ്യനിരയിൽ കാര്യങ്ങൾ കുറേയേറെ ഭദ്രമാകുമെന്ന കണക്കുകൂട്ടലിലാണ് ബെക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.