റിയൽ മാഡ്രിഡ് തീം പാർക്ക്
text_fieldsഫുട്ബാൾ ആരാധകരെ എക്കാലവും ആവേശം കൊള്ളിച്ച ക്ലബ്ബാണ് റിയൽ മാഡ്രിഡ്. ക്ലബിന്റെ നേട്ടങ്ങളെയും രഹസ്യങ്ങളെയും അടുത്തറിയാനും വിനോദത്തിനും യോജിച്ച ഒരു കേന്ദ്രം ഒരുങ്ങിയിരിക്കുകയാണ് ദുബൈയിൽ. ലോകത്തെ ആദ്യ റിയൽ മാഡ്രിഡ് തീം പാർക്ക് ദിവസങ്ങൾക്ക് മുമ്പാണ് ദുബൈ പാർക്സ് ആൻഡ് റിസോർട്സ് സന്ദർശകർക്കായി തുറന്നത്. ഫുട്ബാളിനൊപ്പം ബാസ്കറ്റ്ബാളിനെയും ആഘോഷമാക്കുന്ന പാർക്ക് ഓരോ സന്ദർശകനും നവ്യാനുഭവങ്ങളാണ് പകരുന്നത്. 40ലേറെ കാഴ്ചകളും അനുഭവങ്ങളുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. അതിൽ മേഖലയിലെ തന്നെ ആദ്യത്തെ മരത്തിൽ പണിത റോളർ കോസ്റ്ററും ഏറ്റവും ഉയരം കൂടിയ വിനോദ റൈഡിനുള്ള അവസരവും ഉൾപ്പെടും.
അനേകം വിനോദ കേന്ദ്രങ്ങളുടെ നഗരമായ ദുബൈയിൽ വ്യത്യസ്തത പകരുന്ന പാർക്കായാണ് റിയൽ മാഡ്രിഡ് തീംപാർക്ക് രൂപകൽപന ചെയ്തിട്ടുള്ളത്. റിയൽ മാഡ്രിഡ് കളിക്കാരുടെ ലോക്കർ റൂമുകൾ സന്ദർശിക്കുന്നതും ക്ലബ് നേടിയ ട്രോഫികൾ സംരക്ഷിക്കുന്ന രഹസ്യ സങ്കേതം കാണുന്നതും മുതൽ ആവേശകരമായ ആകർഷണങ്ങൾ ഫുട്ബാൾ ആരാധകർക്കായി പ്രത്യേകം ഒരുക്കിയിട്ടുണ്ട്. ലോകത്തെ ആദ്യത്തേതും ഏകവുമായ റയൽ മാഡ്രിഡ്-തീം പാർക്ക് കായിക മേഖലലെ ആഘോഷമാക്കുന്നതിനൊപ്പം മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്തതോ കണ്ടിട്ടില്ലാത്തതോ ആയ അതുല്യ സാഹസികതയാണ് അവതരിപ്പിക്കുനതെന്ന് ദുബൈ ഹോൾഡിങ് എൻറർടൈൻമെൻറ് സി.ഇ.ഒ ഫെർണാണ്ടോ ഇറോവ പറയുന്നു.
റിയൽ മാഡ്രിഡ് പാർക്കിലെ പ്രധാന ആകർഷണങ്ങൾ:
ഹലാ മാഡ്രിഡ് കോസ്റ്റർ: റിയൽ മാഡ്രിഡിന്റെ യൂറോപ്യൻ കപ്പുകളിലെ വിജയയാത്രയുടെ അനുഭവങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശത്തെ ആദ്യത്തെ മരത്തിൽ പണിത റോളർ കോസ്റ്ററാണിത്.
ദി സ്റ്റാർ ഫ്ലയർ: മുൻകാല ഫുട്ബാൾ, ബാസ്ക്കറ്റ്ബാൾ ഇതിഹാസങ്ങൾക്കൊപ്പം ഫോട്ടോയെടുക്കാനും നടക്കാനും ആരാധകർക്ക് അവസരം നൽകുന്ന സ്ഥലമാണിത്.
ദി വേവ് - ലാ ഒലാ: ആവേശകരമായ ഫാമിലി റോളർ കോസ്റ്ററാണിത്. അതിഥികളെ സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങളിലേക്ക് കൊണ്ടുപോകുകയും അവരുടെ പ്രിയപ്പെട്ട ടീമിനായി ആർപ്പുവിളിക്കാൻ അവസരമൊരുക്കുകയും ചെയ്യുകയാണിവിടം.
ദി സ്റ്റാർസ് ഫ്ലയർ: 460 അടി ഉയരത്തിൽ നിൽക്കുന്ന ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അമ്യൂസ്മെൻറ് റൈഡും റയൽ മാഡ്രിഡ് താരങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന ഐക്കണിക്, അഡ്രിനാലിൻ പമ്പിങ് റൈഡുമാണ്.
ബെർണബ്യൂ അനുഭവം: സ്പെയിനിലെ മാഡ്രിഡിലെ സാൻറിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിലെ 14 ഫുട്ബാൾ യൂറോപ്യൻ കപ്പുകളും 11 ബാസ്ക്കറ്റ്ബോൾ യൂറോപ്യൻ കപ്പുകളും സംരക്ഷിക്കുന്ന ലോക്കർ റൂമിലേക്കും പിച്ചിന്റെ കേന്ദ്രത്തിലേക്കും രഹസ്യ സങ്കേതത്തിലേക്കും ആരാധകർക്ക് പ്രത്യേക പ്രവേശനം നൽകുന്ന നാടകാനുഭവമാണിത് സമ്മാനിക്കുക.
ലാ ഫാബ്രിക്ക പരിശീലന പിച്ച്: എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കും ഉപയോഗിക്കാൻ ധാരാളം ഫുട്ബാൾ ബോളുകളും കുട്ടികൾക്കുള്ള മിനി പരിശീലന ഉപകരണങ്ങളുമുള്ള കളിസ്ഥലമാണിത്. ഇവിടെ മികച്ച താരങ്ങളെപ്പോലെ പരിശീലിപ്പിക്കാൻ അവസരമുണ്ട്.
ടിക്കറ്റ് & ലൊക്കേഷൻ:
ടിക്കറ്റുകൾ ഗേറ്റിൽ നിന്നോ ദുബൈ പാർക്സ് ആൻഡ് റിസോർട്സ് വെബ്സൈറ്റിൽ നിന്ന് ഓൺലൈനായോ വാങ്ങാം, വില 295 ദിർഹം മുതൽ ആരംഭിക്കുന്നു.
ശൈഖ് സായിദ് റോഡിൽ, പാം ജബൽ അലിക്ക് എതിർവശത്ത് ദുബൈ പാർക്ക്സ് ആൻഡ് റിസോർട്ടുകൾക്കുള്ളിലാണ് റിയൽ മാഡ്രിഡ് വേൾഡ് സ്ഥിതി ചെയ്യുന്നത്. ദുബൈ മറീനയിൽ നിന്ന് 20 മിനിറ്റ് മാത്രം അകലെയാണിത്. എക്സിറ്റ് 5 വഴി ഇ-11 ഹൈവേയിൽ(ശൈഖ് സായിദ് റോഡ്) ദുബൈയിൽ നിന്ന് കാറിൽ ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചേരാം. ഇബ്ൻ ബത്തൂത്ത മെട്രോ സ്റ്റേഷനിൽ നിന്ന് ദിവസവും പുറപ്പെടുന്ന ആർ.ടി.എ ബസ് സർവീസുകളും അതിഥികൾക്ക് ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.