ചെമ്പടക്കു മുന്നിൽ റയൽ അഗ്നിപരീക്ഷ; ആൻഫീൽഡിൽ കൈവിട്ടത് ബെർണബ്യൂവിൽ തിരിച്ചുപിടിക്കുമോ?
text_fieldsസ്വന്തം കളിമുറ്റത്ത് രണ്ടു ഗോൾ ലീഡ് പിടിച്ച് ആധികാരികമായി മുന്നിൽനിന്നവർ പിന്നീട് ഒന്നും രണ്ടുമല്ല, അഞ്ചെണ്ണം വഴങ്ങി ചാമ്പ്യൻസ്‍ ലീഗിൽനിന്ന് പുറത്തേക്കുള്ള വഴി തിരഞ്ഞുപിടിച്ചുനിൽക്കുമ്പോഴും ആരാധകർ കാത്തിരിക്കുകയാണ്- സാന്റിയാഗോ ബെർണബ്യുവിൽ അദ്ഭുതം സംഭവിക്കുമെന്നും ലിവർപൂൾ ക്വാർട്ടറിലെത്തുമെന്നും. അത്രക്ക് നാടകീയമായിരുന്നു ചാമ്പ്യൻസ് ലീഗ് ഒന്നാം പാദ മത്സരത്തിലെ വൻവീഴ്ച. എതിരാളികൾക്ക് അവസരം നൽകാതെ കളി നയിച്ച് 15 മിനിറ്റിനിടെ രണ്ടുവട്ടം വല ചലിപ്പിച്ചവർ ഇനിയും ഏതുനിമിഷവും സ്കോർ ചെയ്യുമെന്നും തോന്നിച്ചു. എന്നാൽ, വിനീഷ്യസിന്റെ ഒരു ഗോളിൽ മാറിയ കളി പിന്നീടെല്ലാം റയൽ കൊതിച്ചപോലെയായി. ഒന്നിനു പിറകെ ഒന്നായി വല തുളഞ്ഞുകയറി. ഒടുവിലെ സ്കോർ 2-5.
എല്ലാം മാറ്റിപ്പിടിക്കാനാണ് ലിവർപൂൾ ഇന്നിറങ്ങുന്നത്. ജയിക്കുക മാത്രമല്ല, മൂന്നു ഗോൾ മാർജിനിലെങ്കിലുമാകണം. ‘ഒരു ശതമാനം സാധ്യതയെങ്കിലും അവശേഷിക്കുന്നെങ്കിൽ അതിനായി ഞാൻ പോരാടും’’- പറയുന്നത് കോച്ച് ക്ലോപ്.
തോൽവിക്കു ശേഷം എതിരില്ലാത്ത ഏഴു ഗോളിന് മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ചീട്ട് കീറി ആത്മവിശ്വാസമേറ്റിയിരുന്നെങ്കിലും ലിവർപൂൾ അവസാന പ്രിമിയർ ലീഗ് പോരാട്ടത്തിൽ ബോൺമൗത്തിനോട് തോൽവി ചോദിച്ചുവാങ്ങിയിരുന്നു. അതും സീസണിലെ എട്ടാം തോൽവി.
ഇത്രയും നഷ്ടക്കണക്കുകൾ തീർക്കുന്ന പ്രകടനമാണ് ബെർണബ്യുവിൽ ആരാധകർ കാത്തിരിക്കുന്നത്. അതു സാധ്യമാക്കിയവരാണ് തങ്ങളെന്ന് ടീം പറയുന്നു.
2018-19ൽ മെസ്സി നയിച്ച ബാഴ്സക്കെതിരെ ആദ്യ പാദം എതിരില്ലാത്ത മൂന്നു ഗോളിന് തോറ്റവർ ആൻഫീൽഡിലെ രണ്ടാം പാദത്തിൽ എതിരില്ലാത്ത നാലു ഗോളിന് ജയിച്ച് സെമി കടന്നിരുന്നു. 2005ൽ എ.സി മിലാനെതിരെയും ഇതേ മാർജിൻ തോൽവി മറികടന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ ജയം പിടിച്ചിരുന്നു.
തോൽവി കാൽ ഡസൻ ഗോളിനായെന്നത് അത്രക്ക് ആധി പിടിക്കേണ്ടതല്ലെന്ന് ക്ലോപും പറയുന്നു. ലിവർപൂളിനൊപ്പം ചേർന്ന ശേഷം റയൽ മഡ്രിഡിനെതിരെ യുർഗൻ ക്ലോപിന്റെ റെക്കോഡ് അത്രയും മോശമാണെന്നതും മുഹമ്മദ് സലാഹ് ഇതുവരെ റയലിനെതിരെ ജയിച്ചില്ലെന്നതും വിഷയമാക്കാനില്ലെന്നും ആരാധകരും കണക്കുകൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.