റയൽ മാഡ്രിഡ് കുതിക്കുന്നു; ലാ ലീഗയിൽ നാലാം വിജയം
text_fieldsലാ ലീഗയിൽ കുതിപ്പ് തുടർന്ന് റയൽ മാഡ്രിഡ്. ആറാം ലീഗ് മത്സരത്തിൽ എസ്പാനിയോളിനെ തകർത്തത് ഒന്നിനെതിരെ നാല് ഗോളിന്. ആറ് മത്സരത്തിൽ നിന്നും നാലാം ജയമാണ് മാഡ്രിഡ് സ്വന്തമാക്കിയത്. ഗോൾകീപ്പർ തിബോ കോർട്വിസിന്‍റെ സെൽഫ് ഗോളിലൂടെ എസ്പാനിയോൾ മുന്നിലെത്തിയെങ്കിലും നാല് മിനിറ്റുകൾക്ക് ശേഷം മാഡ്രിഡ് ആദ്യ ഗോൾ കണ്ടെത്തി. ഡാനി കാർവജാലായിരുന്നു റയലിനായി ആദ്യ ഗോൾ സ്വന്തമാക്കിയത്. ജൂഡ് ബെല്ലിങ്ഹം ഗോളിന് ശ്രമിച്ച പന്ത് കീപ്പറുടെ കയ്യിൽ തട്ടി കാർവജാലിലേക്ക് എത്തുകയായിരുന്നു. അദ്ദേഹം അത് എളുപ്പം ഗോൾ ആക്കി മാറ്റുകയും ചെയ്തു.
പിന്നീട് 75ാം മിനിറ്റിൽ റോഡ്രിഗോയാണ് മാഡ്രിഡിന്‍റെ ലീഡ് ഉയർത്തിയത്. എംബാപ്പെ വിനീഷ്യസിന് ഇടത് ഭാഗത്തേക്ക് നൽകിയ പന്ത് അദ്ദേഹം ക്രോസ് ചെയ്യുകയായിരുന്നു റോഡ്രിഗോ ആ പന്ത് ഗോളിലെത്തിക്കുകയും ചെയ്തു. എന്നാൽ ഇവിടം കൊണ്ട് നിർത്താൻ റയൽ തയ്യാറല്ലായിരുന്നു മൂന്ന് മിനിറ്റുകൾക്ക് ശേഷം എംബാപ്പെ വീണ്ടും ഒരു വമ്പൻ പാസ് വിനീഷ്യസിലേക്ക് എത്തിക്കുകയായിരുന്നു. മികച്ച ഫോമിൽ കളിക്കുന്ന വിനീഷ്യസ് ഗോൾകീപ്പർ ജോവാൻ ഗാർസിയയെ മറികടന്ന് പന്ത് വലത് കോർണറിലെത്തിക്കുകയായിരുന്നു. ഇതോടെ റയലിന്‍റെ ലീഡ് രണ്ടെണ്ണായി ഉയർന്നു. റയൽ പൂർണ ആധിപത്യം കാഴ്ചവെച്ച മത്സരത്തിലെ ഇഞ്ചുറി സമയം ലഭിച്ച പെനാൽട്ടി എംബാപ്പെ ഗോളാക്കി മാറ്റുകയും ചെയ്തതോടെ റയൽ ഒരു പെർഫെക്റ്റ് വിജയത്തിലെത്തി.
റയലിന്‍റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ വെച്ചാണ് മത്സരം അരങ്ങേറിയത്. 73 ശതമാനം സമയം പന്ത് കയ്യിൽ വെച്ച് കളിച്ച റയൽ 21 ഷോട്ടുകൾ എതിരാളികൾക്കെതിരെ പായിച്ചിരുന്നു. ഇതിൽ 14 എണ്ണം ലക്ഷ്യസ്ഥാനത്തായിരുന്നു. എസ്പാനിയോൾ 10 ഷോട്ടിനാണ് ശ്രമിച്ചത്. ഇതിൽ ഒന്ന് ഗോൾവലയിലേക്ക് നേരെയായിരുന്നുവെങ്കിലും ഗോളായില്ല. റയൽ 703 പാസ് പൂർത്തിയാക്കിയ മത്സരത്തിൽ എതിരാളികൾക്ക് 260 പാസ് മാത്രമെ പൂർത്തികരിക്കാൻ സാധിച്ചുള്ളൂ. മത്സരം വിജയിച്ചതോടെ മൂന്ന് പോയിന്‍റുകൾ നേടി റയൽ മാഡ്രിഡ് ലാ ലീഗ പോയിന്‍റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി. 14 പോയിന്‍റാണ് റയലിന് നിലവിലുള്ളത്. 15 പോയിന്‍റുമായി ബാഴ്സലോണ തലപ്പത്ത് നിൽക്കുന്ന ടേബിളിൽ 11 പോയിന്‍റുമായി അത്ലെറ്റിക്കൊ മാഡ്രിഡാണ് മൂന്നാം സ്ഥാനത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.