എട്ട് മാറ്റങ്ങളോടെ ഇറങ്ങി; റയൽ മാഡ്രിഡിന് നിറംമങ്ങിയ ജയം
text_fieldsലാലിഗയിൽ രണ്ടാം നിര ടീമുമായി ഇറങ്ങിയ റയൽ മാഡ്രിഡിന് നിറം മങ്ങിയ ജയം. മാർകൊ അസൻസിയോ നേടിയ ഒറ്റഗോളിൽ ലീഗിൽ പതിനെട്ടാം സ്ഥാനത്തുള്ള ഗെറ്റാഫെയെയാണ് കീഴടക്കിയത്. ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ രണ്ടാം പാദ മത്സരത്തിന് മുമ്പുള്ള വാംഅപ് മത്സരത്തിൽ എട്ട് മാറ്റങ്ങളോടെയാണ് കാർലോ ആൻസലോട്ടി ടീമിനെ ഇറക്കിയത്. സിറ്റിക്കെതിരെ ഇറങ്ങിയ ടീമിലുണ്ടായിരുന്ന ഗോൾകീപ്പർ തിബൊ കുർട്ടോ, എഡ്വോർഡോ കമവിംഗ, ഫെഡി വാൽവർഡെ എന്നിവർ മാത്രമാണ് ഗെറ്റാഫെക്കെതിരെ ആദ്യ ഇലവനിൽ ഇറങ്ങിയത്. ഇതിൽ കമവിംഗ പരിക്കേറ്റ് കയറിയത് റയലിന് തിരിച്ചടിയായി.
ലീഗിൽ ഒറ്റ മത്സരത്തിൽ മാത്രം സ്റ്റാർട്ടിങ് ഇലവനിൽ ഇടം ലഭിച്ച ഏഡൻ ഹസാർഡിന് പക്ഷെ അവസരം മുതലെടുക്കാനായില്ല. അവസരങ്ങളേറെ ലഭിച്ചിട്ടും ഗോളടിക്കുന്നതിൽ താരങ്ങൾ പരാജയപ്പെട്ടതോടെ രണ്ടാം പകുതിയിൽ ടോണി ക്രൂസിനെയും വിനീഷ്യസ് ജൂനിയറിനെയും ലൂക മോഡ്രിചിനെയും ആൻസലോട്ടി കളത്തിലിറക്കി. ഇതോടെ പോരാട്ടം കൂടുതൽ ചടുലമായി. 70ാം മിനിറ്റിലായിരുന്നു മത്സരത്തിന്റെ ഗതി നിർണയിച്ച അസെൻസിയോയുടെ വിജയഗോൾ വന്നത്. 20 വാര അകലെ നിന്നുള്ള ഷോട്ട് എതിർതാരത്തിന്റെ ദേഹത്ത് തട്ടി വലയിൽ കയറുകയായിരുന്നു. മത്സരത്തിൽ 77 ശതമാനവും പന്ത് കൈവശം വെച്ചത് റയൽ ആയിരുന്നു. 16 ഷോട്ടുകൾ ഉതിർത്തപ്പോൾ മൂന്നെണ്ണം മാത്രമാണ് വലക്ക് നേരെ ചെന്നത്.
ലീഗിൽ നാല് മത്സരങ്ങൾ മാത്രം ശേഷിക്കെ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയുമായി 11 പോയന്റ് പിറകിലാണ് റയൽ. ഞായറാഴ്ച എസ്പാന്യോളിനെ നേരിടുന്ന ബാഴ്സക്ക് ഇതിൽ ജയിച്ചാൽ കിരീടമുറപ്പിക്കാനാകും. ബാഴ്സക്ക് 82 പോയന്റും റയലിന് 71 പോയന്റുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.