രണ്ടു താരങ്ങൾക്കും കോച്ചിനും റെഡ്കാർഡ്; എഫ്.എ കപ്പിൽ യുനൈറ്റഡിന്റെ സെമി പ്രവേശനം നാടകീയതകൾക്കൊടുവിൽ
text_fieldsമാഞ്ചസ്റ്റര്‍: ഫുൾഹാമിന്റെ രണ്ട് താരങ്ങളും പരിശീലകനും ഒരേസമയം ചുവപ്പുകാർഡ് കണ്ട നാടകീയ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് ജയിച്ചുകയറി മാഞ്ചസ്റ്റർ യുനൈറ്റഡ് എഫ്.എ കപ്പ് സെമിയിൽ. മാഞ്ചസ്റ്ററിന്‍റെ തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ രണ്ട് മിനിറ്റിനിടെ മൂന്ന് റെഡ് കാർഡും രണ്ട് ഗോളും കണ്ട വിവാദ മത്സരത്തിനാണ് കാണികൾ സാക്ഷ്യം വഹിച്ചത്. യുനൈറ്റഡിനായി ബ്രൂണോ ഫെർണാണ്ടസ് ഇരട്ട ഗോളും സാബിറ്റ്സർ ഒരു ഗോളും നേടി. അലക്സാണ്ടർ മിത്രോവിചിന്റെ വകയായിരുന്നു ഫുൾഹാമിന്റെ ആശ്വാസ ഗോൾ.
ആദ്യ പകുതിയിൽ ഇരുനിരയും ഗോളടിക്കുന്നതിൽ പരാജയപ്പെട്ട മത്സരത്തിൽ 50ാം മിനിറ്റിൽ മിത്രോവിച്ചിലൂടെ ഫുൾഹാമാണ് ആദ്യം ഗോളടിച്ചത്. മത്സരത്തിന്റെ 72ാം മിനിറ്റാണ് നാടകീയതകളിലേക്ക് മത്സരത്തെ കൊണ്ടെത്തിച്ചത്. മൈതാനത്തിന്റെ വലതുവിങ്ങിലൂടെ കുതിച്ച ബ്രസീലിയൻ താരം ആന്റണി പന്ത് ജേഡൻ സാഞ്ചോക്ക് കൈമാറി. ഗോൾവല ലക്ഷ്യമാക്കി സാഞ്ചോ ഷോട്ടുതിർക്കുമ്പോൾ തടുക്കാൻ ഫുൾഹാം താരം വില്യൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. താരം ഷോട്ട് പ്രതിരോധിച്ചപ്പോൾ റഫറി ആദ്യം കോർണറിനാണ് വിസിലൂതിയത്. തുടർന്ന്, വാർ പരിശോധനക്കിടെ രോഷാകുലനായ ഫുൾഹാം കോച്ചിന് റഫറി ചുവപ്പ് കാർഡ് നൽകി. പന്ത് തട്ടിയത് കൈയിലാണെന്ന് ബോധ്യപ്പെട്ടതോടെ റഫറി വില്യന് ചുവപ്പ് കാർഡ് കാണിക്കുകയും പെനാൽറ്റിയിലേക്ക് വിസിലൂതുകയും ചെയ്തു. ഇതിൽ രോഷം കൊണ്ട അലക്സാണ്ടർ മിത്രോവിച്ച് റഫറിയുടെ കൈയിൽ തള്ളിയതോടെ അടുത്ത റെഡ് കാർഡുമെത്തി. ഇതോടെ റഫറിയുമായി തട്ടിക്കയറിയ മിത്രോവിച്ചിനെ സഹതാരങ്ങളും ടീം അധികൃതരും ചേർന്നാണ് മാറ്റിയത്.
ബ്രൂണോ ഫെർണാണ്ടസ് പിഴവില്ലാതെ പെനാൽറ്റി വലയിലെത്തിച്ചതോടെ യുനൈറ്റഡ് മത്സരത്തിലേക്ക് തിരികെ വന്നു. ഒമ്പത് പേരായി ചുരുങ്ങിയ ഫുൾഹാമിനെതിരെ രണ്ട് മിനിറ്റിനുള്ളിൽ യുനൈറ്റഡ് വീണ്ടും വലകുലുക്കി. ലൂക് ഷോയുടെ ക്രോസിൽ മാർസൽ സബിറ്റ്സറാണ് ഇത്തവണ ലക്ഷ്യം കണ്ടത്. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ ഫ്രെഡിനെറ അസിസ്റ്റിൽ ബ്രൂണോ ഫെർണാണ്ടസ് ഒരിക്കൽ കൂടി ഫുൾഹാം വലകുലുക്കി യുനൈറ്റഡിന്റെ ജയം ആധികാരികമാക്കി.
യുനൈറ്റഡിനെതിരെ ആധിപത്യം പുലർത്തിയ ഫുൾഹാമിന് രണ്ടുപേരെ നഷ്ടമായതോടെ കളിയുടെ ഗതി തന്നെ മാറുകയായിരുന്നു. ബ്രൈറ്റണാണ് സെമിയിൽ യുനൈറ്റഡിന്റെ എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.