ക്യാപ്റ്റന് റെഡ് കാർഡ്, പെനാൽറ്റി പുറത്തേക്ക്; ത്രില്ലർ പോരിൽ ബെൽജിയത്തെ വീഴ്ത്തി ഫ്രഞ്ചുപട
text_fieldsബ്രസൽസ്: യുവേഫ നാഷൻസ് ലീഗിൽ ത്രില്ലർ പോരാട്ടത്തിനൊടുവിൽ ബെൽജിയത്തെ വീഴ്ത്തി ഫ്രാൻസ്. ഫ്രഞ്ച് സ്ട്രൈക്കർ കൊലമൊവാനി ഇരട്ടഗോൾ നേടിയ മത്സരത്തിൽ 2-1 നാണ് ഫ്രാൻസിന്റെ ജയം. ഫ്രാൻസിന് വേണ്ടി നായകനായി കളത്തിലിറങ്ങിയ രണ്ടാം മത്സരത്തിൽ തന്നെ ഒറേലിയൻ ചൗമെനി ചുവപ്പ് കാർഡ് കണ്ട് പുറത്തായ മത്സരത്തിൽ ബെൽജിയത്തിന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് ഫ്രഞ്ചുകാർ ജയിച്ചുകയറിയത്.
ബ്രസൽസിലെ കിങ് ബദോയിൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 20ാം മിനിറ്റിൽ ആതിഥേയർക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും പാഴാക്കി. ടീൽമാൻസ് എടുത്ത കിക്ക് ബാറിന് മുകളിലൂടെ പറക്കുകയായിരുന്നു. 35ാം മിനിറ്റിലാണ് ഫ്രാൻസ് ആദ്യ ലീഡെടുക്കുന്നത്.
ബോക്സിനകത്തെ കൂട്ടപ്പൊരിച്ചിലിനിടെ ബെൽജിയൻ ഡിഫൻഡൻ വൗട്ട് ഫാസിെന്റ ഹാൻഡ് ബാളാണ് പെനാൽറ്റിയിലേക്ക് വഴി തുറന്നത്. കിക്കെടുത്ത സ്ട്രൈക്കർ കൊലമൊവാനി പിഴവില്ലാതെ വലയിലെത്തിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഒപെൻഡയുടെ ഗംഭീര ഹെഡർ ഗോളിലൂടെ ബെൽജിയം സമനില പിടിച്ചു.
രണ്ടാം പകുതിയിൽ 62ാം മിനിറ്റിൽ തകർപ്പൻ ഹെഡറിലൂടെ കൊലമൊവാനി ഗോൾ നേടിതോടെ വീണ്ടും ഫ്രാൻസ് മുന്നിലെത്തി. തുടർന്നാണ് ഫ്രഞ്ച് നായകൻ ചുവപ്പ് കാർഡ് കണ്ട് പുറത്താവുന്നത്. ബോക്സ് ലൈനിന് തൊട്ടരികിൽ നിന്ന് ടീൽമാൻസിന്റെ മുന്നേറ്റം തടയാൻ ശ്രമിക്കവെ ചൗമനിയുടെ കാലിൽ കുരുങ്ങി വീഴുകയായിരുന്നു. ഇതോടെ നായകനെ റഫറി കാർഡ് ഉയർത്തി പുറത്താക്കുകയായിരുന്നു.
എന്നാൽ പത്തായി ചുരുങ്ങിയ ഫ്രഞ്ച് പടയെ വീഴ്ത്താൻ അവസാനം വരെ ശ്രമിച്ച ബെൽജിയത്തിന് പരാജയം സമ്മതിക്കേണ്ടി വന്നു. ജയത്തോടെ ലീഗ് എ ഗ്രൂപ്പ് 2 വിൽ ഒൻപത് പോയിന്റുമായി ഇറ്റലിക്ക് പിന്നിൽ രണ്ടാമതാണ്. മറ്റൊരു മത്സരത്തിൽ ഇസ്രയേലിെന 4-1 ന് തകർത്ത ഇറ്റലി മുന്നേറ്റം തുടർന്നു. കൂടാതെ സ്വീഡൻ, തുർക്കി, ഹംഗറി ടീമുകൾക്ക് ജയം നാഷൻസ് ലീഗിൽ വിജയം കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.