ഈ റഫറിയിങ്ങിന് കൊടുക്കണം ചുകപ്പ്
text_fieldsഒരു പതിറ്റാണ്ടുകാലത്തെ പെരുമയിലും പോരിശയിലുമാണ് ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ന് കടന്നുപോകുന്നത്. ഒാരോ വർഷം കഴിയുമ്പോഴും കളിയിലും കളിയൊരുക്കത്തിലും മികവ് ഉയർത്തുന്നതിൽ ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷനും കളിക്കാരും ജാഗ്രത കാണിക്കുന്നുവെന്നതും ഐ.എസ്.എല്ലിനെ മികച്ചതാക്കുന്നു.
എന്നാൽ, ഐ.എസ്.എലിന്റെ പ്രാരംഭഘട്ടം മുതൽ ഇന്നോളം ഒരു മാറ്റവുമില്ലാതെ ടൂർണമെന്റ് പഴികേട്ടുകൊണ്ടിരിക്കുന്ന പ്രധാന വിഷയം തരംതാഴ്ന്ന റഫറിയിങ്ങിനെക്കുറിച്ചാണ്. വിദേശ ക്ലബുകളിലും ടീമുകളിലും കളിപാടവമുള്ള മികച്ച കളിക്കാർ ബൂട്ടുകെട്ടിയ കഴിഞ്ഞ പത്തു വർഷക്കാലയളവിൽ, സഹ ഇന്ത്യൻ താരങ്ങളുടെ കഴിവിലും ആരാധകരുടെ അകമഴിഞ്ഞ ആവേശങ്ങളിലും പ്രത്യാശയും അത്ഭുതവും അറിയിച്ച പലരും ചൂണ്ടിക്കാണിച്ച പ്രധാന പ്രശ്നവും റഫറിയിങ്ങിലെ മികവില്ലായ്മയാണ്.
ഫുട്ബാളിൽ റഫറിമാർക്ക് പിഴവ് സംഭവിക്കുന്നത് സാധാരണ സംഭവമാണെന്നിരിക്കെ, വർഷങ്ങളോളമായി സമാന തെറ്റുകൾ ആവർത്തിക്കുന്നതിലെ അസാധാരണത്വത്തിലാണ് റഫറിമാർ പഴി കേൾക്കേണ്ടിവരുന്നത് എന്നതാണ് വസ്തുത.
ബ്ലാസ്റ്റേഴ്സ് മുതൽ മുംബൈ വരെ
റഫറിയിങ്ങിലെ അത്യസാധാരണ മുഹൂർത്തങ്ങൾ കണ്ട മത്സരമായിരുന്നു ഡിസംബർ 20ന് മുംബൈയിൽ നടന്ന മുംബൈ എഫ്.സി-മോഹൻ ബഗാൻ പോരാട്ടം. കളിയുടനീളം റഫറി രാഹുൽ ഗുപ്ത പുറത്തെടുത്തത് ഏഴ് ചുവപ്പു കാർഡുകളും 11 മഞ്ഞ കാർഡുകളുമാണ്. കളിയാരംഭിച്ച് 13 മിനിറ്റ് തികയുന്നതിനു മുമ്പുതന്നെ മുംബൈ താരം ആകാശ് മിശ്രയെ ചുവപ്പു കാണിച്ച് പുറത്താക്കിയതിൽ തുടങ്ങിയ ‘ആനന്ദം’ റഫറി രാഹുൽ ഗുപ്ത അവസാനിപ്പിച്ചത് കളി കഴിഞ്ഞുണ്ടായ കളിക്കാർ തമ്മിലെ തർക്കങ്ങൾക്കു ശേഷമാണ്. രണ്ടാമതൊരു ചിന്തക്കോ താക്കീതുകൾക്കോ ഒരുങ്ങാത്ത തരത്തിലായിരുന്നു അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ മികച്ച റഫറിമാരുടെ പട്ടികയിലിടം നേടിയ ഗുപ്ത പല കാർഡുകളും ഉയർത്തിയത് എന്നതും രസകരമാണ്.
റഫറിമാരുടെ തരംതാഴ്ന്ന തീരുമാനങ്ങൾക്ക് ബലിയാടാകുന്ന പ്രധാന ടീമുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ ഒക്ടോബർ എട്ടിന് മുംബൈ എഫ്.സിയുമായി അവരുടെ തട്ടകത്തിൽ ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടിയപ്പോൾ നേരിട്ട പരാജയം റഫറിയിങ്ങിലെ പോരായ്മകൾ മൂലമെന്ന് കോച്ച് ഇവാൻ വുകമനോവിച് ചൂണ്ടിക്കാണിച്ചിരുന്നു. അതിനായി അദ്ദേഹം നേരിടേണ്ടിവന്നത് ഒരു കളിയിലെ വിലക്കാണ്. സമാന അഭിപ്രായമാണ് ഐ.എസ്.എലിെല മറ്റു ടീം കോച്ചുമാർക്കും കളിക്കാർക്കും എന്നതും വസ്തുതയാണ്. പ്രതികരണശബ്ദങ്ങളെ വിലക്ക് നൽകി ഒതുക്കുകയെന്നല്ലാതെ പരിഹാരമാർഗമായി ഫെഡറേഷൻ ഒന്നും ചെയ്യുന്നില്ല എന്ന ആരോപണവും നിലവിലുണ്ട്. കഴിഞ്ഞ സീസണിലെ നോക്കൗട്ട് റൗണ്ടിൽ ബംഗളൂരു എഫ്.സിയുമായി നടന്ന ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിൽ അരങ്ങേറിയ നാടകീയ സംഭവങ്ങൾ എടുത്തുപറയണം. സുനിൽ ഛേത്രി നേടിയ ഫ്രീകിക്ക് ഗോളുണ്ടാക്കിയ വിവാദവും അതേത്തുടർന്ന് റഫറി ക്രിസ്റ്റൽ ജോൺ നേരിട്ട ആരോപണങ്ങളും കളി പൂർത്തിയാക്കാതെ പ്രതിഷേധിച്ച് കളംവിട്ട ബ്ലാസ്റ്റേഴ്സിന്റെ തീരുമാനങ്ങളും ലോക ഫുട്ബാൾ ചരിത്രത്തിൽവരെ ചർച്ചചെയ്യപ്പെട്ടിരുന്നു. ക്രിസ്റ്റൽ ജോണിന്റെ ആ തീരുമാനത്തെ പല ഇന്റർനാഷനൽ റഫറിമാരും തെറ്റായിത്തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. എന്നിട്ടും മാറ്റമില്ലാതെ തുടരുന്ന മോശം റഫറിയിങ്ങാണ് ഐ.എസ്.എലിന്റെ പ്രധാന പ്രശ്നങ്ങളിലൊന്ന്.
‘വാർ’ ഇല്ലാത്തതിനാൽ നടക്കുന്ന വാറുകൾ
പുനഃപരിശോധനക്ക് വിധേയമാക്കേണ്ട പല തീരുമാനങ്ങളിലും അത്തരത്തിലൊരു മികച്ച സംവിധാനത്തിന്റെ അഭാവംമൂലം തെറ്റായി വിധി നടപ്പാക്കേണ്ടിവരുന്ന അവസ്ഥയെ കളിക്കാരെയും ടീമിനെയും ആരാധകരെയും ഒരുപോലെ നിരാശരാക്കുന്നു എന്നതും നല്ല കളികളുടെ രസംകൊല്ലിയായി ഇവ മാറുന്നുവെന്നതും വേദനാജനകമായ വസ്തുതകളാണ്. കുറച്ചുകാലമായി ടീം മാനേജ്മെന്റുകളും ആരാധകരും ഒരുപോലെ ആവശ്യപ്പെടുന്ന കാര്യമാണ് ഐ.എസ്.എലിൽ വിഡിയോ അസിസ്റ്റന്റ് റഫറി (വാർ) സിസ്റ്റം വേണമെന്നത്. സാങ്കേതിക വിദ്യ ഇത്രയേറെ വളർന്ന സാഹചര്യത്തിലും അത്തരത്തിലൊരു നീക്കങ്ങളിലേക്ക് ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ എന്തുകൊണ്ട് പോകുന്നില്ല എന്നത് ഇന്നും എന്നും മുഴച്ചുനിൽക്കുന്ന ചോദ്യമാണ്. വാർ പോലുള്ള അതിനൂതനമായ സംവിധാനങ്ങൾ സാമ്പത്തികമായി ഏറെ ചെലവുള്ള കാര്യമാണെന്നാണ് ഫെഡറേഷന്റെ കണ്ടെത്തൽ. പകരം ലൈറ്റ് വാർ എന്ന സംവിധാനം ഈ സീസണോടെ നടപ്പാക്കുമെന്ന വാഗ്ദാനവും ഫെഡറേഷൻ നൽകിയിരുന്നു. ആ വാഗ്ദാനങ്ങളും ഇന്ന് വാക്കുകളിൽ മാത്രമായതായാണ് കാണാനിടയാകുന്നത്.
കാൽപന്തുകളിയുടെ മനോഹാരിത കളിക്കാരുടെ ചടുലമായ നീക്കങ്ങളിലും ഒത്തൊരുമയുടെ ടീം ക്രിയേറ്റിവിറ്റിയിലുമാണ്. 11പേരടങ്ങിയ ഒരു ടീം തങ്ങളുടെ മികച്ച കളിയൊരുക്കവും ആത്മവിശ്വാസവുമായി ഗ്രൗണ്ടിലിറങ്ങുമ്പോൾ അവർ ആരാധകർക്ക് കളിയുടെ മികച്ചൊരു കാഴ്ചവിരുന്ന് ഒരുക്കാറുണ്ട്. ഫുട്ബാൾ പൂർത്തിയാകുന്നത് കളിക്കാരെക്കൊണ്ട് മാത്രമല്ല എന്നതിനാൽത്തന്നെ റഫറിമാരും കളിക്കാരെപോലെ തന്നെ മത്സരങ്ങളിൽ നിർണായക ഭാഗമാണ്. മുഴുസമയവും കളി നിയന്ത്രണങ്ങളിലൂടെ അവരും സമാന പങ്ക് അർഹിക്കുന്നു, എന്നാൽ, തെറ്റായ റഫറിയിങ്ങിലെ തീരുമാനങ്ങൾ കളിയുടെ രസംകൊല്ലിയാകുന്നത് തീർത്തും നല്ല ഫുട്ബാളിൽ മടുപ്പുണ്ടാക്കുന്ന കാര്യമാണ്. മാറ്റങ്ങൾക്കായി ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ തയാറാകട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.