ഖത്തർ ലോകകപ്പിൽ അർജന്റീനയെ അട്ടിമറിച്ച സൗദിയുടെ പരിശീലകൻ റെനാർഡ് രാജിവെച്ചു
text_fieldsഖത്തർ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിൽ അർജന്റീനയെ വീഴ്ത്തിയ സൗദി അറേബ്യയെ പരിശീലിപ്പിച്ചിരുന്ന ഹെർവ് റെനാർഡ് പടിയിറങ്ങി. സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷനാണ് രാജി അറിയിച്ചത്. അടുത്ത വർഷം ഫുട്ബാൾ വനിത ലോകകപ്പ് നടക്കാനിരിക്കെ ഫ്രഞ്ച് വനിത ടീം പരിശീലകനായാണ് റെനാർഡ് പോകുന്നത്. ഫ്രഞ്ച് ഫുട്ബാൾ ഫെഡറേഷൻ ഇതുസംബന്ധിച്ച് നേരത്തെ കത്ത് നൽകിയിരുന്നു.
2019 ജൂലൈയിലാണ് റെനാർഡ് സൗദി പരിശീലകനായി ചുമതലയേൽക്കുന്നത്. ഖത്തർ ലോകകപ്പിൽ അർജന്റീനക്കെതിരെ 2-1നായിരുന്നു സൗദി വിജയം. പിന്നീട് ജയമൊന്നും പിടിക്കാനാവാതെ ടീം ആദ്യ റൗണ്ടിൽ പുറത്തായി. അർജന്റീനയാകട്ടെ, അതിനു ശേഷം വമ്പൻ ജയങ്ങളുമായി ഖത്തറിൽ കിരീടമുയർത്തിയാണ് മടങ്ങിയത്. നാലു വർഷം സൗദി ടീമിനൊപ്പം നിന്ന് പരമാവധി നൽകിയാണ് മടങ്ങുന്നതെന്ന് റെനാർഡ് പറഞ്ഞു.
ഏറ്റവുമൊടുവിൽ ബൊളീവിയക്കെതിരായ സൗഹൃദ മത്സരത്തിൽ റെനാർഡ് പരിശീലിപ്പിച്ച സൗദി 2-1ന് തോൽവി സമ്മതിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.