മെസ്സി സിറ്റിയിലേക്കോ? ക്ലബ്ബ് തിരിച്ചുപിടിക്കാൻ മെസ്സിയെ എത്തിക്കാനൊരുങ്ങി പെപ് ഗ്വാർഡിയോള; റിപ്പോർട്ട്
text_fieldsമോശം ഫോമിലൂടെ കടന്നുപോകുന്ന മാഞ്ചസറ്റർ സിറ്റിയിലേക്ക് ഇതിഹാസ താരം ലയണൽ മെസ്സിയെ കൊണ്ടുവരാൻ പെപ് ഗ്വാർഡിയോള ശ്രമിക്കുന്നതായി റിപ്പോർട്ട്. മെസ്സിയെ ലോൺ അടിസ്ഥാനത്തിൽ സിറ്റിയിൽ എത്തിക്കാനാണ് ഗ്വാർഡിയോളയുടെ നീക്കം. ആറ് മാസത്തേക്ക് മെസ്സിയെ മാഞ്ചസ്റ്റർ സിറ്റിയിലെത്തിക്കാനാണ് പെപിന്‍റെ ശ്രമമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമേരിക്കയിലെ മേജർ ലീഗ് സോക്കറിൽ ഇന്‍റർ മയാമിയുടെ താരമാണ് ലയണൽ മെസ്സി.
ഫുട്ബാളിലെ എണ്ണം പറഞ്ഞ മികച്ച കോച്ചുമാരിൽ ഏറ്റവും മികച്ചവരിൽ ഒരാളാണ് പെപ് ഗ്വാർഡിയോള. 2008 മുതൽ 2012 വരെയായിരുന്നു പെപ് ഗ്വാർഡിയോള ലയണൽ മെസ്സി ഉൾപ്പെട്ട ലാ ലീഗ ക്ലബ്ബായ ബാഴ്സലോണയുടെ മാനേജർ സ്ഥാനത്ത് ഉണ്ടായിരുന്നത്. ഇക്കാലയളവിൽ മെസ്സി 219 മത്സരങ്ങളിൽ നിന്നായി 211 ഗോളുകൾ നേടി. 94 ഗോളുകൾക്ക് അസിസ്റ്റ് നൽകുകയും ചെയ്തു. 2008ൽ ട്രെബിൾ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ സ്പാനിഷ് ക്ലബായി ബാഴ്സ മാറി. 2009ലെ സീസണിൽ ആറ് കിരീടങ്ങളാണ് പെപിന്റെ ബാഴ്സ നേടിയെടുത്തത്.
ശേഷം ബയേൺ മ്യൂണിക്കിനെയും പിന്നീട് സിറ്റിയേക്കുമെത്തിയ അദ്ദേഹത്തിന്‍റെ കോച്ചിങ് കരിയറിൽ ഏറ്റവും ഇഷ്ടപ്പെട്ടതും ഏറ്റവും മികച്ചതുമെന്ന് പെപ് വിശ്വസിക്കുന്നത് ലയണൽ മെസ്സിയെയാണ്. ഈ സീസണിൽ മോശം ഫോമിൽ കളിക്കുന്ന സിറ്റി കഴിഞ്ഞ മത്സരത്തിൽ ആസ്റ്റൺ വില്ലയോട് ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റിരുന്നു.
തോൽവിയോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ സ്ഥാനം ആറാമതായി. 17 മത്സരങ്ങളിൽ നിന്ന് 27 പോയിന്റാണ് സിറ്റി സംഘത്തിനുള്ളത്. 17 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുള്ള ആസ്റ്റൺ വില്ല അഞ്ചാം സ്ഥാനത്തുണ്ട്. ലിവർപൂൾ ഒന്നാമതും ചെൽസി രണ്ടാം സ്ഥാനത്തുമാണ്.
2020 മുതൽ തുടർച്ചയായ നാല് സീസണുകളിൽ മാഞ്ചസ്റ്റർ സിറ്റിയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ചാംപ്യന്മാർ. 2022-23 സീസണിൽ അഞ്ച് കിരീടങ്ങളാണ് പെപ് ഗ്വാർഡിയോളയുടെ കീഴിൽ മാഞ്ചസ്റ്റർ സിറ്റി നേടിയെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.