റിഫ-മീഡിയവൺ ലോകകപ്പ് ഫാൻസ് ഫുട്ബാൾ മേള നവംബർ 17ന്
text_fieldsറിയാദ്: ഒരു വിളിപ്പാടകലെയെത്തിയ ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾക്ക് സ്വാഗതമരുളാൻ റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനും (റിഫ) മീഡിയവണും ചേർന്ന് ഏകദിന ഫാൻസ് കപ്പ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മീഡിയവൺ സൂപ്പർ കപ്പ് 2022 എന്ന പേരിലായിരിക്കും മത്സരങ്ങളെന്ന് റിഫ ഭാരവാഹികളായ ബഷീർ ചേലേമ്പ്ര, സൈഫു കരുളായി, അബ്ദുൽ കരീം പയ്യനാട്, ഷക്കീൽ തീരൂർക്കാട്, മീഡിയവൺ മാർക്കറ്റിങ് മാനേജർ ഹസനുൽ ബന്ന എന്നിവർ അറിയിച്ചു.
നവംബർ 17ന് രാത്രി ഒമ്പതിന് അൽഖർജ് റോഡിലെ അൽ-ഇസ്‌കാൻ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.ഈ ആവേശക്കപ്പിൽ ബ്രസീൽ, ഫ്രാൻസ്, അർജന്റീന, ഇംഗ്ലണ്ട്, പോർചുഗൽ, സൗദി അറേബ്യ, ജർമനി, ഇന്ത്യ എന്നീ രാജ്യങ്ങളെ പ്രതീകാത്മകമായി പ്രതിനിധാനം ചെയ്ത് എട്ട് ഫാൻസ് ടീമുകളാണ് മാറ്റുരക്കുന്നത്. മത്സരത്തിൽ 'റിഫ'യിൽ രജിസ്റ്റർ ചെയ്ത നൂറിലധികം കളിക്കാരാണ് പങ്കെടുക്കുക. ഓരോ ടീമിലേക്കുമുള്ള കളിക്കാരെ ഈ മസം 10ന് നടക്കുന്ന ലേലത്തിലൂടെ അതത് ടീം മാനേജർമാർ വിളിച്ചെടുക്കും.
ആഷിഖ് പരപ്പനങ്ങാടി (ഇംഗ്ലണ്ട്), നാസർ മൂച്ചിക്കാടൻ (പോർചുഗൽ), ശബീർ വാഴക്കാട് (ഫ്രാൻസ്), ഇംതിയാസ് കൊണ്ടോട്ടി (സൗദി അറേബ്യ), കുട്ടൻ ബാബു മഞ്ചേരി (ബ്രസീൽ), ആതിഫ് എടപ്പാൾ (ജർമനി), ഫൈസൽ പാഴൂർ (അർജന്റീന), ശരീഫ് കാളികാവ് (ഇന്ത്യ) എന്നിവരാണ് മാനേജർമാർ.ടൂർണമെന്റ് നടത്തിപ്പിന് വേണ്ടി സ്വാഗതസംഘം കമ്മിറ്റി രൂപവത്കരിച്ചു.
അബ്ദുൽ കരീം പയ്യനാട് (ചെയർ.), ഷക്കീൽ തിരൂർക്കാട് (ടൂർണമെന്റ് കോഓഡിനേറ്റർ), അഷ്റഫ് കൊടിഞ്ഞി, ആഷിഖ് പരപ്പനങ്ങാടി (മീഡിയ കോഓഡിനേഷൻ), നബീൽ പഴൂർ (ഫൈനാൻസ്), മൻസൂർ തിരൂർ, ഫൈസൽ പാഴൂർ (ലേലം അറേഞ്ച്മെന്റ്), നാസർ മാവൂർ (ഫുഡ്), അഹ്ഫാൻ കൊണ്ടോട്ടി (ലൈറ്റ് ആൻഡ് സൗണ്ട്), ഹസൻ (സ്റ്റേജ്), ബാവ ഇരുമ്പുഴി (ഗ്രൗണ്ട് അറേഞ്ച്മെന്റ്), സൈഫു കരുളായി (മാർച്ച് പാസ്റ്റ് കോഓഡിനേഷൻ), അബ്ദു കാളികാവ് (റഫറി), അൻസീം ആൻഡ് മുഹ്സിൻ (ഐ.ടി വിഭാഗം), ഷംസു ഫുഡിസ് (വെന്യൂ ക്ലീനിങ്), ജുനൈസ് വഴക്കാട് (കുടിവെള്ളം), ഷഫീഖ് മൻസൂർ അറേബ്യ, ആബിദ് ലാന്റേൻ (വളന്റിയർ വിഭാഗം) എന്നിവരാണ് കമ്മിറ്റി ഭാരവാഹികൾ.
ഫുട്ബാൾ പ്രേമികളുടെയും കളിക്കാരുടെയും ലോകകപ്പ് ആവേശത്തെ പ്രചോദിപ്പിക്കുന്നതോടൊപ്പം വരും വർഷങ്ങളിൽ നടക്കാനിരിക്കുന്ന ഒരു മേജർ ടൂർണമെന്റിന്റെ മുന്നോടിയായിട്ടുമാണ് ഈ സൂപ്പർ കപ്പ് സംഘടിപ്പിക്കുന്നതെന്ന് മീഡിയവൺ വൃത്തങ്ങൾ പറഞ്ഞു.എല്ലാ ടീമുകൾക്കുമുള്ള ജഴ്സികളും മറ്റു സാങ്കേതിക തയാറെടുപ്പുകളും നടന്നുകൊണ്ടിരിക്കയാണെന്നും അവർ അറിയിച്ചു. റിയാദിന്റെ പ്രവാസ ഫുട്ബാൾ ചരിതത്തിൽ പുതിയൊരു അധ്യായമായിരിക്കും ഈ ഏകദിന കാൽപന്ത് മേളയെന്നും സംഘാടകർ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.