'നിലവിൽ മെസ്സി, റൊണാൾഡോ എന്നിവരേക്കാൾ മികച്ചവൻ മുഹമ്മദ് സലാഹ്'
text_fieldsലണ്ടൻ: കഴിഞ്ഞ പതിറ്റാണ്ടിൽ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബാൾ താരം ആരെന്ന ചോദ്യത്തിന് ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിങ്ങനെ രണ്ട് ഉത്തരങ്ങൾ മാത്രമാണുണ്ടായിരുന്നത്. കരിയറിെൻറ അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണെങ്കിൽ പോലും ഇരുതാരങ്ങളും തന്നെയാണ് ഇന്നും ഫുട്ബാൾ ചർച്ചകളിലെ ഹോട്ട്ഫേവറിറ്റുകൾ.
എന്നാൽ നിലവിൽ മെസ്സി, റൊണാൾഡോ എന്നിവരേക്കാൾ മികച്ചവൻ ഈജിപ്തിെൻറ ലിവർപൂൾ താരം മുഹമ്മദ് സലാഹ് ആണെന്ന പക്ഷക്കാരനാണ് മുൻ വെയ്ൽസ് താരം റോചി സാവേജ്. 'നിലവിൽ ലോകത്തിലെ ഏറ്റവും മികച്ചവൻ സലാഹാണ്. മെസ്സി, റൊണാൾഡോ എന്നിവരേക്കാൾ? അതെ, എംബാപ്പെ? അതെ, നെയ്മർ ? അതെ' -സവേജ് പറഞ്ഞു.
'എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോൾ, നിങ്ങൾ ഫോർവേഡ് ഏരിയയിൽ ടീമിനെ തിരഞ്ഞെടുക്കുകയാണെങ്കിൽ സലാഹ് ആയിരിക്കും ആദ്യ ചോയ്സ്. അതുകൊണ്ട് ഞാൻ പറയും, ഇപ്പോൾ അസിസ്റ്റുകളുടെയാണെങ്കിലും അവസരം സൃഷ്ടിക്കുന്ന കാര്യത്തിലാണെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണവൻ'-റോബി കൂട്ടിച്ചേർത്തു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ലിവർപൂളിനായി സലാഹ് നേടിയ സോളോ ഗോളിനെ വാഴ്ത്തി നിരവധി പേർ രംഗത്തെത്തിയിരുന്നു. ബാഴ്സലോണയിൽ മെസ്സി അടിച്ച ചില ഗോളുകളോടുമാണ് ചിലർ താരതമ്യം ചെയ്യുന്നത്.
പ്രീമിയർ ലീഗിൽ ഇതുവരെ സലാഹ് ആറുഗോളുകൾ സ്കോർ ചെയ്തു. അതേ സമയം മാഞ്ചസ്റ്റർ യുനൈറ്റഡിൽ മടങ്ങിയെത്തിയ റൊണാൾഡോ മൂന്ന് ഗോളുകളാണ് വലയിലാക്കിയത്. എന്നിരുന്നാലും സലാഹിനെ മറികടന്ന് പ്രീമിയർ ലീഗിലെ പോയ മാസത്തെ മികച്ച താരമായി പോർചുഗീസ് നായകൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും റൊണാൾഡോ മിന്നും ഫോം തുടരുകയാണ്. ചാമ്പ്യൻസ് ലീഗിലൂടെ പി.എസ്.ജി ജഴ്സിയിൽ മെസ്സി തെൻറ കന്നി ഗോൾ സ്കോർ ചെയ്തിരുന്നു. എന്നാൽ ഫ്രഞ്ച് ലീഗിൽ താരം ഇനിയും താളം കണ്ടെത്തിയിട്ടില്ല. അതിനാൽ തന്നെ സീസൺ പുരോഗമിക്കുന്നതോടെ മികച്ച താരമാരെന്ന ചർച്ചകൾ ഇനിയും കൊഴുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.