ലിവർപൂൾ സുവർണ ത്രയത്തിലെ ഫർമീനോയും പടിയിറങ്ങുന്നു
text_fields2015 മുതൽ പന്തുതട്ടുന്ന ആൻഫീൽഡ് കളിമുറ്റത്തോട് ഒടുവിൽ യാത്ര പറയാനൊരുങ്ങി ബ്രസീൽ താരം റോബർട്ട് ഫർമീനോ. സീസൺ അവസാനത്തിൽ കരാർ തീരുന്ന മുറക്ക് ടീം വിടുമെന്ന് താരത്തെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. മുഹമ്മദ് സലാഹ്, സാദിയോ മാനെ എന്നിവർക്കൊപ്പം ലിവർപൂൾ മുന്നേറ്റത്തിന്റെ ചുക്കാൻ പിടിച്ച നാളുകൾ ബാക്കിയാക്കിയാണ് ഫർമിനോ മടങ്ങാനൊരുങ്ങുന്നത്. സുവർണ ത്രയമായി എതിരാളികളുടെ മനസ്സിൽ തീകോരിയിട്ട മൂവർ സംഘത്തിന്റെ കരുത്തിലായിരുന്നു ടീം 30 വർഷത്തിനു ശേഷം ആദ്യമായി 2019-20ൽ പ്രിമിയർ ലീഗ് ചാമ്പ്യൻമാരാകുന്നത്. പ്രമുഖരോട് കൊമ്പുകോർക്കാനാവാതെ പിന്നിലായിപ്പോയ വർഷങ്ങൾ പഴങ്കഥയാക്കി ഈ കാലത്ത് ചെമ്പട കൈവരിച്ചത് സമാനതകളില്ലാത്ത കുതിപ്പ്. സാദിയോ മാനെ നേരത്തെ ബുണ്ടസ് ലിഗ അതികായരായ ബയേണിനൊപ്പം ചേർന്നിരുന്നു. അതിനു പിന്നാലെയാണ് ഫർമീനോയുടെയും മടക്കം.
ടീമിനൊപ്പം ചാമ്പ്യൻസ് ലീഗ്, പ്രിമിയർ ലീഗ്, എഫ്.എ കപ്പ്, ഇ.എഫ്.എൽ കപ്പ്, ക്ലബ് ലോകകപ്പ് കിരീടങ്ങൾ സ്വന്തമാക്കിയ 31 കാരൻ 353 തവണയാണ് ക്ലബ് ജഴ്സിയിൽ ഇറങ്ങിയത്. 107 ഗോളുകൾക്കൊപ്പം 70 അസിസ്റ്റും സ്വന്തമായുണ്ട്. ഫർമീനോ തുടരണമെന്നാണ് ഇഷ്ടമെന്ന് ക്ലോപ് വ്യക്തമാക്കിയിരുന്നെങ്കിലും പുതിയ കരാർ സംബന്ധിച്ച് തീരുമാനമാകാത്തതിനു പിന്നാലെ ടീം വിടുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
ഡിയോഗ ജോട്ട, ലൂയിസ് ഡയസ്, ഡാർവിൻ നൂനസ്, കോഡി ഗാക്പോ തുടങ്ങിയവരുടെ വരവും പരിക്കും ഒന്നിച്ചായതോടെ അടുത്തിടെ ഫർമിനോക്ക് ആദ്യ ഇലവനിൽ സ്ഥാനം നഷ്ടമായി തുടങ്ങിയിരുന്നു. ഇതുകൂടിയാണ് കൂടുമാറ്റത്തിന് കാരണം.
ഈ സീസണിൽ ടീമിനൊപ്പം 26 കളികളിൽ ഇറങ്ങി ഒമ്പതു ഗോളുകൾ നേടിയിട്ടുണ്ട്. ഖത്തർ ലോകകപ്പിൽ ബ്രസീൽ ടീമിനൊപ്പമുണ്ടായിരുന്നില്ല. പരിക്കിൽ പിന്നെയും അവധിയിലായ താരം ഫെബ്രുവരി 13ന് പകരക്കാരനായാണ് വീണ്ടും ടീമിനൊപ്പം എത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.