റൊക്കാഫോണ്ടയുടെ സുവിശേഷം; കളിയാവേശത്തിൽ ലാമിൻ യമാലിന്റെ ജന്മനാട്
text_fieldsബാഴ്സലോണ: പല രാജ്യങ്ങളിൽനിന്നെത്തി സ്പാനിഷ് പൗരത്വത്തിന്റെ തണൽ സ്വീകരിച്ച തൊഴിലാളികൾ തിങ്ങിക്കഴിയുന്ന ഒരു കുഞ്ഞുഗ്രാമമുണ്ട് ബാഴ്സലോണയുൾപ്പെടുന്ന കാറ്റലോണിയയിൽ. തീരദേശ പട്ടണമായ മട്ടാറോവിന്റെ ഭാഗമായ റൊക്കാഫോണ്ടയാണീ ദേശം. പോസ്റ്റൽ കോഡ് 08304. അവിടെയാണ്, ഇന്ന് യൂറോപ്പിനൊപ്പം ലോകവും കുതൂഹലപ്പെട്ടുനിൽക്കുന്ന കുഞ്ഞുപയ്യൻ ലാമിൻ യമാൽ ജനിച്ചതും വളർന്നതും. വരുമാനത്തിൽ സ്പെയിനിന്റെ ദേശീയ ശരാശരിയെക്കാൾ ഏറെ താഴെയുള്ളവരാണ് താമസക്കാരിലേറെയും. മിക്കവരും മൊറോക്കോയിൽനിന്നും മറ്റും കുടിയേറിയവർ.
യമാലിന്റെ പിതാവും മൊറോക്കോയിൽനിന്നാണ്. മാതാവ് ഇക്വറ്റോറിയൽ ഗിനിയക്കാരിയും. ആറാം വയസ്സിൽ പയ്യൻ ബാഴ്സലോണ ക്ലബിന്റെ അക്കാദമിയിലെത്തി. അടുത്തിടെ സെക്കൻഡറി വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കി.
സ്പെയിൻ യൂറോ കലാശപ്പോരിന് ഒരുങ്ങിനിൽക്കെ ശനിയാഴ്ചയാണ് യമാലിന് 17 വയസ്സാകുന്നത്. അതിനിടെ അവൻ എത്തിപ്പിടിച്ച അത്ഭുത നേട്ടങ്ങളുടെ തിരതള്ളലിലാണ് റൊക്കാഫോണ്ടയും അവിടത്തെ നാട്ടുകാരും. ഫ്രാൻസിനെതിരെ ഗോൾ നേടി യൂറോയിൽ വല കുലുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇളമുറക്കാരനെന്ന റെക്കോഡിലേക്ക് കഴിഞ്ഞ ചൊവ്വാഴ്ചയാണ് യമാൽ അടിച്ചുകയറിയത്. അതിന്റെ ചുമലിലേറി ടീം കലാശപ്പോരിലെത്തുകയും ചെയ്തു.
മകൻ അങ്ങകലെ ജർമനിയിലായതിനാൽ പിതാവ് മുനീർ മസ്റൂഇക്കൊപ്പം സെൽഫിയെടുത്തും സന്തോഷം പങ്കുവെച്ചും രാജ്യത്തിന്റെ സന്തോഷത്തിൽ നാടും പങ്കുചേരുകയാണ്. ‘‘റൊക്കാഫോണ്ടക്കാരനെന്നു പറയാൻ ആളുകൾക്ക് നാണമായിരുന്നു. പ്രതിമാസം 1000 യൂറോ വരുമാനമുള്ളവരുടെ നാട്. ഇന്നിപ്പോൾ അവിടത്തുകാർ മാത്രമല്ല, മറ്റുള്ളവരും ഇതേ നാടിനോട് ചേർത്തുപറയാൻ ഇഷ്ടപ്പെടുന്നു’’ - നാട്ടുകാരനായ സുഫ്യാന്റെ വാക്കുകൾ. മൊറോക്കോ, സെനഗാൾ വംശജരായ കുട്ടികളിപ്പോൾ കൂടുതലായി പന്തുതട്ടി തുടങ്ങുന്നതും പുതിയ കാഴ്ച.
വംശംകൊണ്ട് നീഗ്രോയായ യമാൽ സ്പെയിൻ പുതുതായി വരിച്ച വംശീയ വൈവിധ്യത്തിന്റെ കൂടി സന്തോഷക്കാഴ്ചയാണ്. ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽനിന്നെല്ലാം വന്നവർ ഇവിടെയുണ്ട്. രാജ്യത്ത് ‘വോക്സ്’ സംഘടനയുടെ കീഴിൽ തീവ്ര വലതുപക്ഷം വംശവെറിയുമായി ഇറങ്ങിയ ഘട്ടത്തിലാണ് യമാൽ രാജ്യത്തിന്റെ ഹീറോ ആകുന്നതെന്ന പ്രത്യേകതയുമുണ്ട്. ‘‘യമാൽ നേടിയ ഗോൾ രാജ്യത്ത് വംശീയതക്ക് അറുതിയായെന്ന സന്ദേശംകൂടിയാണെ’’ന്നും സുഫ്യാൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.