ലെവർകുസന് മുന്നിൽ റോമയും വീണു; യൂറോപ്പയിൽ കിരീടത്തിലേക്കടുത്ത് സാബിയുടെ പോരാളികൾ
text_fieldsജർമൻ ബുണ്ടസ് ലീഗയിൽ തുടർച്ചയായ 11 വർഷം ചാമ്പ്യൻപട്ടം മറ്റാർക്കും വിട്ടുകൊടുക്കാതിരുന്ന ബയേൺ മ്യൂണിക്കിനെ ബഹുദൂരം പിന്നിലാക്കി കിരീടമുയർത്തിയ ബയേർ ലെവർകുസൻ മറ്റൊരു ചരിത്രനേട്ടത്തിനരികെ. തുടർച്ചയായ 47 മത്സരങ്ങളിൽ പരാജയമറിയാതെ കുതിക്കുന്ന സാബി അലോൻസോയുടെ സംഘം യൂറോപ്പ ലീഗ് സെമിയുടെ ആദ്യപാദ മത്സരവും ജയിച്ച് കലാശക്കളിയിലേക്ക് ഒരടികൂടിയടുത്തു. ഇറ്റാലിയൻ കരുത്തരായ എ.എസ് റോമയെ അവരുടെ മണ്ണിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് ലെവർകുസൻ തകർത്തുവിട്ടത്. ഇരുപകുതികളിലുമായി േഫ്ലാറിയൻ വിർട്സ്, റോബർട്ട് ആൻഡ്രിച്ച് എന്നിവരാണ് ഗോളുകൾ നേടിയത്.
തുടക്കത്തിൽ റോമൻ ഗോൾമുഖത്ത് ഇരച്ചുകയറിയ ലെവർകുസനെ ഭീതിപ്പെടുത്തി പതിനൊന്നാം മിനിറ്റിൽ അർജന്റീന താരം ഡിബാല ഷോട്ടുതിർത്തെങ്കിലും ഗോൾകീപ്പർ കൈയിലൊതുക്കി. 21ാം മിനിറ്റിൽ ലുകാകുവിന്റെ കിടിലൻ ഹെഡർ ലെവർകുസൻ ക്രോസ്ബാറിൽ പ്രകടമ്പനം സൃഷ്ടിച്ച് മടങ്ങിയതും ആതിഥേയർക്ക് നിരാശ സമ്മാനിച്ചു. ഏഴ് മിനിറ്റിനകം സ്വന്തം താരത്തിന്റെ പിഴവിൽ ആദ്യഗോൾ വാങ്ങുകയും ചെയ്തു. കാർസ്ഡോർപിന്റെ മൈനസ് പാസ് പിഴച്ചപ്പോൾ പന്ത് പിടിച്ചെടുത്ത റോബർട്ട് ആൻഡ്രിച്ച് േഫ്ലാറിയൻ വിർട്സിന് കൈമാറി. എതിർ ഗോൾകീപ്പർക്ക് അവസരം നൽകാതെ വിർട്സ് പന്ത് വലയിലെത്തിക്കുകയായിരുന്നു. തുടർന്ന് ഫ്രിംപോങ് നൽകിയ മനോഹര പാസിൽ ലീഡുയർത്താൻ വിർട്സിന് അവസരം ലഭിച്ചെങ്കിലും ഗോൾകീപ്പർ സ്വിലാർ തടസ്സംനിന്നു. ഇടവേളക്ക് തൊട്ടുമുമ്പ് ആൻഡ്രിച്ചിന്റെ ഷോട്ടും ഗോൾകീപ്പർ നിഷ്പ്രഭമാക്കി.
രണ്ടാം പകുതി തുടങ്ങിയയുടൻ റോമ അവസരങ്ങൾ തുറന്നെടുത്തെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. 73ാം മിനിറ്റിൽ റോബർട്ട് ആൻഡ്രിച്ചിലൂടെ ലെവർകുസൻ ലീഡ് ഇരട്ടിപ്പിച്ചു. സ്റ്റാനിസിചിന്റെ പാസ് സ്വീകരിച്ച ആൻഡ്രിച്ചിന്റെ തകർപ്പൻ ലോങ് റേഞ്ചർ എതിർ ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി വലയുടെ ഇടതുമൂലയിൽ കയറുകയായിരുന്നു. അവസാന മിനിറ്റുകളിൽ തിരിച്ചടിക്കാൻ ലഭിച്ച സുവർണാവസരങ്ങൾ റോമ താരങ്ങൾ തുലച്ചതോടെ ലെവർകുസൻ നിർണായക ജയവുമായി തിരിച്ചുകയറി. മറ്റൊരു സെമിഫൈനലിന്റെ ആദ്യപാദ മത്സരത്തിൽ മാഴ്സലെയും അറ്റ്ലാന്റയും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.