ആദ്യമായി ഗ്രൂപിൽ എല്ലാം ജയിച്ച് ബെൽജിയം; കുരുക്കിലായി ഫിൻലൻഡ്
text_fieldsലണ്ടൻ: ആദ്യമായി ഒരു യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ എല്ലാ ഗ്രൂപ് മത്സരങ്ങളും ജയിക്കുന്ന അപൂർവ നേട്ടവുമായി ബെൽജിയം നോക്കൗട്ട് റൗണ്ടിൽ. റഷ്യയിലെ സെന്‍റ് പീറ്റേഴ്സ്ബർഗിൽ ഫിൻലൻഡിനെയാണ് ഏകപക്ഷീയമായ രണ്ടു ഗോളിന് ലോക ഒന്നാം നമ്പർ ടീം തകർത്തുവിട്ടത്. രണ്ടാമത്തെ കളിയിൽ ഡെന്മാർക്ക് ഒന്നിനെതിരെ നാലു ഗോളിന് റഷ്യയെ വീഴ്ത്തിയതോടെ ഗ്രൂപിൽ മൂന്നാം സ്ഥാനത്തായത് ഫിൻലൻഡിന്‍റെ നോക്കൗട്ട് പ്രവേശം അപകടത്തിലാക്കി. ഇനി ഏറ്റവും മികച്ച മൂന്നാമത്തെ ടീം എന്ന നിലക്ക് പ്രീ ക്വാർട്ടർ പ്രവേശനത്തിന് കാത്തിരിക്കുക മാത്രമാണ് ടീമിനു മുന്നിലെ വഴി- അതാകട്ടെ, കരുത്തർ മുന്നിലുള്ളപ്പോൾ പാതി അടഞ്ഞ സാധ്യതയും.
ലോക ഒന്നാം നമ്പർ നിരക്കെതിരെയായിട്ടും പതറാതെ മൈതാനത്തു നിലയുറപ്പിച്ച ഫിന്നിഷ് സംഘം ബെൽജിയത്തെ ശരിക്കും വിറപ്പിച്ചാണ് പോരാട്ടമവസാനിപ്പിച്ചത്. 74ാം മിനിറ്റിൽ ഹ്രാഡിക്കിയിലൂടെ വീണ സെൽഫ് ഗോളായിരുന്നു ടീമിന് ആദ്യ അടിയായത്. ഇതോടെ ഗോളിലേക്ക് വഴി തുറന്നുകിട്ടിയ ബെൽജിയം ലുക്കാക്കുവിലൂടെ 81ാം മിനിറ്റിൽ ഡുയർത്തി.
യൂറോയിൽ നാല് മൂന്നാം സ്ഥാനക്കാർക്ക് പ്രീ ക്വാർട്ടർ ടിക്കറ്റ് ഉറപ്പിക്കാം. ഗോൾ വ്യത്യാസം മൈനസ് രണ്ടുള്ള ഫിൻലൻഡിന് അതിലും പ്രതീക്ഷ കുറവാണ്.
ജയത്തോെട ബെൽജിയം തുറന്നിട്ട നോക്കൗട്ട് സാധ്യതകളുടെ കണക്കു പുസ്തകത്തിൽ ഇംഗ്ലണ്ട്, ചെക് റിപ്പബ്ലിക്ക്, സ്വീഡൻ, ഫ്രാൻസ് എന്നിവ ഇതിനകം ബെർത്ത് ഉറപ്പിച്ചുകഴിഞ്ഞവയാണ്. അടുത്ത മത്സരം ജയിച്ചില്ലെങ്കിലും ഇവക്ക് നിലവിൽ നാലു പോയിന്‍റുണ്ട്. പിറകിലുള്ള സ്വിറ്റ്സർലൻഡ്, യുക്രൈൻ ടീമുകൾ പോലും ഫിൻലൻഡിനെക്കൾ മുന്നിലും.
പരിക്കുകാലം കഴിഞ്ഞ് തിരികെയെത്തി ആവേശം വാനോളമുയർത്തിയ ഡി ബ്രൂയിൻ തന്നെയായിരുന്നു ഫിൻലൻഡിനെതിരെയും ബെൽജിയം ടീമിന്‍റെ കുന്തമുന.
മറുവശത്ത്, ആദ്യമായി യൂറോകപ്പിനെത്തി ഒന്നാംഘട്ടം കടന്ന് വലിയ നേട്ടങ്ങളിലേക്ക് ടീമിനെ കൈപിടിച്ചുനടത്താമെന്ന കോച്ച് മാർക്കു കനെർവയുടെ സ്വപ്നങ്ങളാണ് ഫിൻലൻഡിന്‍റെ തോൽവിയോടെ പാതി വീണുടഞ്ഞത്. ബെൽജിയത്തിനെതിരെ 75 മിനിറ്റും പിടിച്ചുനിന്ന ശേഷമായിരുന്നു ഹ്രാഡിക്കി സെൽഫ് ഗോളുമായി ടീമിനെ പിന്നിലാക്കിയത്. ബെൽജിയം താരം തോമസ് വെർമീലൻ ചെയ്ത ഹെഡർ ബാറിൽ തട്ടി തിരിച്ചെത്തിയത് നിർഭാഗ്യവാനായ ഹ്രാഡിക്കിയുടെ ശരീരത്തിൽ. പതിെയ ഇഴഞ്ഞ് വര കടന്നതോടെ ഗോൾ. ആറു മിനിറ്റ് കഴിഞ്ഞ് ലുക്കാക്കു പട്ടിക തികക്കുകയും ചെയ്തു. നേരത്തെ ഓഫ്സൈഡ് കുരുക്കിൽ നിഷേധിക്കപ്പെട്ട ഗോളിന് പ്രായശ്ചിത്തമായി ലുക്കാക്കുവിന്- താരത്തിന്‍റെ അക്കൗണ്ടിൽ ടൂർണമെന്‍റിലെ മൂന്നാം ഗോളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.