റൊണാൾഡോ വീണ്ടും; ചാമ്പ്യന്മാരെ അട്ടിമറിച്ച് അൽ നസ്ർ സെമിയിൽ
text_fieldsഅബ്ഹ(സൗദി): ആരൊക്കെ വന്നാലും പോയാലും സൗദിയിൽ തന്നോളം പോന്ന ഒരാളില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ. അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് കപ്പിൽ നിലവിലെ ചാമ്പ്യന്മാരായ റജാ കസബ്ലാൻസയെ(റജാ) ഒന്നിനെതിരെ മുന്ന് ഗോളിന് തകർത്താണ് അൽ നസ്റിന്റെ മുന്നേറ്റം. അറബ് ക്ലബ് ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് അൽ നസ്ർ സെമി ഫൈനലിൽ എത്തുന്നത്.
കളിയുടെ 19ാം മിനിറ്റിൽ ടലിസ്കയുടെ പാസിൽ റൊണാൾഡോയാണ് അൽ നസ്റിനെ മുന്നിലെത്തിച്ചത്. 28ാം മിനിറ്റിൽ സുൽത്താനിലൂടെ അൽ നസ്ർ ലീഡ് വർധിപ്പിച്ചു. 38ാം മിനിറ്റിൽ സെസ്കോ ഫൊഫാനോയുടെ അത്യുഗ്രൻ ഹെഡർ റജക്ക് മൂന്നാമത്തെ പരിക്കും ഏൽപ്പിച്ചു. 41ാം മിനുറ്റിൽ റജാക്ക് ആശ്വാസമായി ഒരു സെൽഫ് ഗോൾ ലഭിച്ചു. രണ്ടാം പകുതി പൂർണമായും ഗോൾ രഹിതമായതോടെ അൽ നസ്ർ ചാമ്പ്യന്മാരെ വീഴ്ത്തി ആധികാരികമായി സെമിയിലേക്ക് ചുവട് വെക്കുകയായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിൽ സമലക്കിനെ (1-1) സമനിലയിൽ തളച്ചാണ് അൽ നസ്ർ ക്വാർട്ടറിൽ കടന്നത്. 87ാം മിനിറ്റിൽ രക്ഷകനായി അവതരിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിലൂടെയാണ് സമനില പിടിച്ചത്. മാനെയും ബ്രൊസോവിച്ചും അലക്സ് ടെല്ലസും ഫൊഫാനെയുമുൾപ്പെടെ അൽ നസ്റിലേക്ക് കൂടേറിയവർക്കൊന്നും ഉണ്ടാക്കാനാവാത്ത ഇംപാക്ട് റൊണാൾഡോയിലൂടെ സൃഷ്ടിച്ചെടുക്കാൻ അൽ നസ്റിന് ആവുന്നുണ്ട് എന്നത് അവരുടെ കിരീട സാധ്യത വർധിപ്പിക്കുന്നു. സെമി ഫൈനലിൽ ഇറാഖ് ക്ലബായ അൽ ഷോർതെയാണ് അൽ നസ്റിെൻറ എതിരാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.