സൗദിയിലെ അരങ്ങേറ്റം രാജകീയമാക്കാൻ ക്രിസ്റ്റ്യാനോ; താരത്തിന്‍റെ ആദ്യ മത്സരം പി.എസ്.ജിക്കെതിരെ
text_fieldsസൗദി ക്ലബ് അൽ-നസ്റിന്‍റെ ഭാഗമായെങ്കിലും പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇതുവരെ അരങ്ങേറ്റ മത്സരം കളിക്കാനായിട്ടില്ല. മോശം പെരുമാറ്റത്തെ തുടർന്ന് ഇംഗ്ലണ്ടിലെ ഫുട്ബാൾ അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്കാണ് താരത്തിന്‍റെ അരങ്ങേറ്റം വൈകിപ്പിക്കുന്നത്.
വിലക്കുള്ളതിനാൽ ക്ലബിന്‍റെ കഴിഞ്ഞ മത്സരങ്ങളിൽ താരത്തിന് കളിക്കാനായില്ല. താരത്തിന്‍റെ അരങ്ങേറ്റ മത്സരം കാണാനായി അൻ-നസ്ർ ആരാധകരും ഫുട്ബാൾ പ്രേമികളും കാത്തിരിക്കുകയാണ്. എന്നാൽ, സൗദിയിലെ അരങ്ങേറ്റ മത്സരം തന്നെ താരത്തിന് രാജകീയമായി തുടങ്ങാനാകുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. അൽ-നസ്ർ ക്ലബിലെ താരത്തിന്‍റെ അരങ്ങേറ്റ മത്സരം ജനുവരി 22ന് എത്തിഫാക്കിനെതിരെയാകും.
എന്നാൽ, ഈമാസം 19ന് ലയണൽ മെസ്സിയും നെയ്മറും കിലിയൻ എംബാപ്പെയും കളിക്കുന്ന ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജിക്കെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിൽ ക്രിസ്റ്റ്യാനോ കളിക്കുമെന്ന് അൽ-നസ്ർ പരിശീലകൻ റൂഡി ഗാർഷ്യ പറഞ്ഞു. റിയാദിൽ നടക്കുന്ന മത്സരത്തിൽ അൽ-നസ്ർ, അൽ ഹിലാൽ ക്ലബിന്‍റെ സംയുക്ത ടീമായിരിക്കും പി.എസ്.ജിക്കെതിരായ സൗഹൃദ മത്സരത്തിൽ അണിനിരക്കുക.
ഈ ടീമിൽ ക്രിസ്റ്റ്യാനോയും കളിക്കും. ‘ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റം അൽ നസ്ർ ജഴ്‌സിയിലായിരിക്കില്ല. അൽ ഹിലാൽ, അൽ നസ്ർ ക്ലബിന്‍റെ സംയുക്ത ടീമിലായിരിക്കും അരങ്ങേറ്റം’ -റൂഡി ഗാർഷ്യ പറഞ്ഞു. അൽ നസ്റിന്റെ പരിശീലകനെന്ന നിലയിൽ എനിക്ക് ഇതിൽ സന്തോഷിക്കാനാകില്ല. പി.എസ്.ജിയെയും മികച്ച കളിക്കാരെയും നേരിട്ടു കാണാനാകുന്നത് വളരെ നല്ല കാര്യമാണ്. എന്നാൽ മൂന്ന് ദിവസത്തിന് ശേഷം ഞങ്ങൾക്ക് ലീഗ് മത്സരം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മോശമായ പെരുമാറ്റത്തിന് 37കാരനായ ക്രിസ്റ്റ്യാനോക്ക് ലോകകപ്പിന് മുമ്പ് നവംബറിലാണ് ഫുട്ബാൾ അസോസിയേഷൻ വിലക്കേർപ്പെടുത്തിയത്. ഏപ്രിൽ ഒമ്പതിന് ഗുഡിസൺ പാർക്കിൽ നടന്ന എവർട്ടണെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ 1-0ത്തിന് തോറ്റ ശേഷമാണ് വിലക്കിനിടയാക്കിയ സംഭവമുണ്ടായത്. 14കാരനായ എവർട്ടൺ ആരാധകന്റെ പെരുമാറ്റത്തിൽ ക്ഷുഭിതനായ റൊണാൾഡോ അദ്ദേഹത്തിന്റെ ഫോൺ തട്ടിത്തെറിപ്പിക്കുകയായിരുന്നു. രണ്ട് മത്സരങ്ങളിലെ വിലക്കിന് പുറമെ 50,000 പൗണ്ട് പിഴയും ചുമത്തിയിരുന്നു. സ്വതന്ത്ര സമിതിയുടെ അന്വേഷണത്തിന് ശേഷമായിരുന്നു ശിക്ഷ വിധിച്ചത്.
സംഭവത്തിൽ റൊണാൾഡോ പിന്നീട് ക്ഷമാപണം നടത്തിയിരുന്നു. സൗദിയിലേക്കുള്ള റൊണാൾഡോയുടെ വരവിനെ ഫുട്ബാൾ ഇതിഹാസം പെലെ ന്യൂയോർക്കിലെ കോസ്മോസിലേക്ക് പോയതിനോടാണ് ഗാർഷ്യ വിശേഷിപ്പിച്ചത്. റെക്കോഡ് തുകക്കാണ് സൂപ്പർതാരത്തെ സൗദി ക്ലബ് സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.