1770 കോടിക്ക് സ്വന്തമാക്കിയ അൽനസ്ർ ക്ലബിൽ നായകനായി അരങ്ങേറി ക്രിസ്റ്റ്യാനോ
text_fieldsഖത്തർ ലോകകപ്പിനു ശേഷം കാൽപന്തു ലോകത്തെ ഏറ്റവും വലിയ സംഭവങ്ങളിലൊന്നായി റെക്കോഡ് തുകക്ക് ക്ലബ് മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലെ അൽനസ്ർ ക്ലബിൽ അരങ്ങേറി. കഴിഞ്ഞ മാസം ക്ലബിലെത്തിയ ശേഷം പി.എസ്.ജിക്കെതിരെ പ്രദർശന മത്സരത്തിനിറങ്ങിയിരുന്നെങ്കിലും പഴയ പ്രിമിയർ ലീഗ് കാലത്തെ വിലക്കുകാരണം ക്ലബിനൊപ്പം ബൂട്ടുകെട്ടൽ വൈകുകയായിരുന്നു. ടീമിനെ നയിച്ച് മുഴു സമയവും മുന്നിൽനിന്ന ക്രിസ്റ്റ്യാനോയുടെ ടീമിനായി ബ്രസീലിയൻ മിഡ്ഫീൽഡർ ആൻഡേഴ്സൺ ടാലിസ്ക വിജയ ഗോൾ നേടി. സൗദി ലീഗിൽ ഒന്നാം സ്ഥാനത്താണ് അൽനസ്ർ. അൽഹിലാലാണ് രണ്ടാമത്.
റിയാദിലെ കിങ് സഊദ് യൂനിവേഴ്സിറ്റി മൈതാനത്ത് ബാനറുകളുമായി ആവേശം തീർത്ത കാണികൾ റൊണാൾഡോയുടെ കാലുകളിൽ പന്തെത്തിയപ്പോഴൊക്കെയും ആർപ്പുവിളികളുമായി താരത്തിന് കരുത്തുപകർന്നു. പി.എസ്.ജിക്കെതിരായ കളിയിൽ ഓൾ സ്റ്റാർ ഇലവനു വേണ്ടി രണ്ടു വട്ടം വല കുലുക്കിയ താരം പക്ഷേ, ഇത്തവണ ലക്ഷ്യം കാണുന്നതിൽ വിജയം കണ്ടില്ല.
രണ്ടര വർഷത്തേക്കാണ് ക്രിസ്റ്റ്യാനോയുമായി അൽനസ്റിന് കരാർ. കഴിഞ്ഞ ഏപ്രിലിൽ കാണിയുടെ കൈയിൽനിന്ന് ഫോൺ തട്ടിത്താഴെയിട്ട സംഭവത്തിൽ വൈകി ലഭിച്ച രണ്ടു കളിയിലെ വിലക്കാണ് അരങ്ങേറ്റം വൈകിച്ചത്. ഇത്തിഫാഖിനെതിരായ മത്സരത്തിലും ഒന്നിലേറെ തവണ ഗോളിനരികെയെത്തിയെങ്കിലും നിർഭാഗ്യം വഴിമുടക്കി.
മത്സരത്തിന് മുമ്പ് ടീമിന്റെ നായക പട്ടം ചുമലിലെത്തിയ ക്രിസ്റ്റ്യാനോ ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ ഗോളിനരികെയെത്തിയെത്തിയിരുന്നു. രണ്ടാം പകുതിയിൽ പിറ്റി മാർടിനെസിന് നൽകിയ ക്രോസ് വല കുലുക്കിയെന്നു തോന്നിച്ചെങ്കിലും ക്രോസ് ബാറിനു മുകളിലൂടെ പറന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.