ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടത് എന്നെ കരുത്തനാക്കി; വെളിപ്പെടുത്തലുമായി താരം
text_fieldsസൂപ്പർ സ്ട്രൈക്കർ കരീം ബെൻസേമയുടെ കരുത്തിലാണ് കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിലും സ്പാനിഷ് ലീഗിലും കിരീടം നേടുന്നത്.
ഒരിടവേളക്കുശേഷം കരീം ബെൻസേമ മിന്നും ഫോമിലേക്ക് തിരിച്ചെത്തുകയായിരുന്നു. എന്നാൽ, തന്‍റെ പ്രകടനം മെച്ചപ്പെട്ടതിനു പിന്നിൽ മറ്റൊരു സൂപ്പർതാരം ക്ലബ് വിട്ടതാണെന്ന് ബെൻസേമ വെളിപ്പെടുത്തുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടതാണ് തന്‍റെ പ്രകടനത്തെ സ്വാധീനിച്ചതെന്ന് താരം തന്നെ തുറന്നുപറയുന്നു. പോർച്ചുഗീസ് താരം പോയതോടെ താൻ കളി മെച്ചപ്പെടുത്താൻ നിർബന്ധിതനായി. റൊണാൾഡോ ക്ലബ് വിട്ടതോടെ താൻ കളിയിൽ കൂടുതൽ ശ്രദ്ധചെലുത്തിയെന്നും താരം വ്യക്തമാക്കി.
അതേസമയം, ക്ലബിൽ സഹതാരങ്ങളായിരുന്ന സമയത്ത് പോർച്ചുഗീസ് താരം തനിക്ക് വഴികാട്ടിയായിരുന്നെന്നും ബെൻസേമ പറയുന്നു. ഒമ്പതു വർഷത്തെ റയൽ മാഡ്രിഡ് ബന്ധം അവസാനിപ്പിച്ചാണ് 2018ൽ ക്രിസ്റ്റ്യാനോ യുവന്‍റസിലേക്ക് ചേക്കേറുന്നത്. പിന്നാലെ ക്രിസ്റ്റ്യാനോ അലങ്കരിച്ചിരുന്ന ടീമിന്‍റെ ഗോൾ സ്കോറർ സ്ഥാനത്തേക്ക് ബെൻസേമ സ്വയം ഉയർന്നുവരികയായിരുന്നു.
'അദ്ദേഹം പോയതിനുശേഷം ഞാൻ കൂടുതൽ ഗോളുകൾ നേടിയിട്ടുണ്ട് എന്നത് ശരിയാണ്, പക്ഷേ അദ്ദേഹം ഇവിടെ ഉണ്ടായിരുന്നപ്പോൾ ഞാൻ അസിസ്റ്റ് ചെയ്യുകയും പിച്ചിലും പുറത്തും അദ്ദേഹം എന്നെ വളരെയധികം സഹായിക്കുകയും ചെയ്തു. പക്ഷേ, എനിക്ക് കൂടുതൽ ചെയ്യാൻ കഴിയുമെന്ന് എനിക്കറിയാമായിരുന്നു. അവൻ പോയപ്പോൾ, എന്റെ കളിയും താൽപര്യവും മാറ്റാനുള്ള സമയമായെന്ന് എനിക്ക് മനസ്സിലായി, ഇതുവരെ അത് നന്നായി പോകുന്നു' -ബെൻസേമ മാധ്യമങ്ങളോട് പറഞ്ഞു.
ലിയോണിൽനിന്ന് 2009ൽ റിയൽ മാഡ്രിഡിലെത്തിയെങ്കിലും ബെൻസേമ ക്രിസ്റ്റ്യാനോയുടെ നിഴലിലായിരുന്നു. ഇതിനിടെ 2018ൽ ക്രിസ്റ്റ്യാനോ ക്ലബ് വിടുമ്പോൾ രണ്ടു തവണ മാത്രമാണ് ഒരു സീസണിൽ 20 ഗോളെന്ന നേട്ടം താരം കൈവരിച്ചത്. പിന്നീടുള്ള നാലു സീസണുകളിലും താരം 20ലധികം ഗോൾ നേടി. പിന്നാലെ മികച്ച സ്ട്രൈക്കറിലേക്കുള്ള താരത്തിന്‍റെ പ്രയാണം വേഗത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.