റൊണാൾഡോ തെരഞ്ഞെടുത്ത എക്കാലത്തെയും മികച്ച എട്ടു താരങ്ങൾ; ഈ സൂപ്പർതാരം ഇല്ല!
text_fieldsബ്രസീലുകാരനായ റൊണാൾഡോ നസാരിയോ ഫുട്ബാൾ ലോകം കണ്ട ഒരു പ്രതിഭാസമാണ്. അപാരമായ ക്ലോസ് കൺട്രോൾ കൊണ്ട് ടാക്കിളുകളെ വെട്ടിയൊഴിയാനുള്ള വൈഭവവും ഇരു കാലുകൾ കൊണ്ടും അനായാസം ഷൂട്ട് ചെയ്യാനുള്ള മിടുക്കുമാണ് താരത്തെ ഫുട്ബാൾ ചരിത്രത്തിലെ മികച്ച സ്ട്രൈക്കർമാരിലൊരാളാക്കിയത്.
റയൽ മാഡ്രിഡിനും ബാഴ്‌സക്കും വേണ്ടി പന്തുതട്ടിയ റൊണാൾഡോയുടെ കളികൾ പിന്നീട് വന്ന പല താരങ്ങളും കളത്തിൽ പയറ്റി. ഫുട്ബാളിലെ വളർന്നുവരുന്ന തലമുറക്ക് അദ്ദേഹം ഒരുപാട് കാര്യങ്ങൾ ബാക്കിവെച്ചാണ് ബൂട്ടഴിച്ചത്. ഖത്തർ ലോകകപ്പിന് ഒരു മാസം ബാക്കിനിൽക്കെ, റൊണാൾഡോ തന്‍റെ മനസ്സിലെ എക്കാലത്തെയും മികച്ച എട്ടു താരങ്ങളുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ്.
എക്കാലത്തെയും മികച്ച കളിക്കാരൻ ആരെന്ന ചോദ്യത്തിനു മറുപടിയായാണ് എട്ടു കളിക്കാരുടെ പേരുകൾ താരം പറഞ്ഞത്. അർജന്‍റൈൻ ഇതിഹാസങ്ങളായ ഡിഗോ മറഡോണ, ലയണൽ മെസ്സി, വിഖ്യാത താരം യൊഹാൻ ക്രൈഫ്, ജർമനിയുടെ ബെക്കൻ ബോവർ, ബ്രസീൽ ഇതിഹാസം പെലെ, ഹോളണ്ട് കണ്ട എക്കാലത്തെയും മികച്ച താരം മാർക്കോ വാൻ ബാസ്റ്റൻ, സഹതാരമായിരുന്ന റൊണാൾഡിനോ എന്നിവരാണ് റൊണാൾഡോയുടെ മികച്ച താരങ്ങൾ. കൂടാതെ, പട്ടികയിൽ അദ്ദേഹത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
'ഞാൻ എന്നെത്തന്നെ ഉൾപ്പെടുത്തും. ആരാധകർ പറയട്ടെ, ബാറുകളിൽ ചർച്ച ചെയ്യട്ടെ. എന്നാൽ നിങ്ങൾക്ക് അവരെ റാങ്ക് ചെയ്യാൻ കഴിയില്ല, തലമുറകളെ താരതമ്യം ചെയ്യാൻ കഴിയില്ല' -റൊണാൾഡോ ഗാർഡിയൻ പത്രത്തോട് പറഞ്ഞു. റൊണാൾഡോ തെരഞ്ഞെടുത്ത താരങ്ങളുടെ പട്ടികയിൽ ആർക്കും തർക്കമില്ല. എന്നാൽ, പലരെയും വിട്ടുപോയതാണ് ആരാധകരെ അമ്പരപ്പിച്ചത്.
ഇതിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒഴിവാക്കിയതാണ് പലരെയും അത്ഭുതപ്പെടുത്തുന്നത്. കൂടാതെ മിഷേൽ പ്ലാറ്റിനി, ഇതിഹാസ താരം ആൽഫ്രെഡോ ഡി സ്റ്റെഫാനോ, ഫ്രാൻസിന്‍റെ സിനദിൻ സിദാൻ, ഹംഗറി താരം ഫെറൻക് പുഷ്കാസ് എന്നിവരൊന്നും താരത്തിന്‍റെ മികച്ച കളിക്കാരുടെ പട്ടികയിലില്ല.
ഖത്തർ ലോകകപ്പിലെ ഫേവറൈറ്റുകൾ ബ്രസീൽ ആണെന്നും താരം പറയുന്നു. മികച്ച താരങ്ങളുടെ സാന്നിധ്യം ടീമിന്‍റെ കിരീട സാധ്യത വർധിപ്പിക്കുന്നു. ഖത്തറിൽ ബ്രസീലിന് ജയിക്കാനായില്ലെങ്കിൽ, മെസ്സി അതിന് അർഹനാണെന്നും റൊണാൾഡോ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.