'എന്താണ് റൊണാൾഡോയുടെ ഭക്ഷണം?'; തുറന്നുപറഞ്ഞ് യുവൻറസിലെ സഹതാരം
text_fieldsമിലാൻ: പോർച്ചുഗീസ് സൂപ്പർതാരം റൊണാൾഡോക്ക് പ്രായം 36 കഴിഞ്ഞു. സാധാരണ ഗതിയിൽ താരങ്ങൾ വിരമിക്കേണ്ട സമയം പിന്നിട്ടു. അതല്ലെങ്കിൽ അമേരിക്കയിലെയും ചൈനയിലേയും ലീഗുകളിലേക്ക് ചേക്കേറുന്ന സമയം. പക്ഷേ കളിക്കളത്തിൽ ക്രിസ്റ്റ്യാനോ ഇപ്പോഴും വിസ്മയിപ്പിക്കുകയാണ്. ശരീരത്തിെൻറ ഫിറ്റ്നസ് വിജയത്തിൽ വലിയ ഘടകമായ ഫുട്ബാളിൽ അത് കൃത്യമായി പാലിക്കുന്നു എന്നതാണ് റോണോയുടെ കരുത്ത്.
എന്തൊക്കെയാണ് റൊണാൾഡോയുടെ ഭക്ഷണശീലങ്ങളും വ്യായാമവുമെന്ന് ലോകം തേടുന്ന ഒന്നാണ്. അത് തുറന്നുപറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് യുവൻറസ് താരം ദാവോദ പീറ്റേഴ്സ്. യുവൻറസിെൻറ അണ്ടർ 23 ടീമിനായാണ് കളിക്കുന്നതെങ്കിലും പരിശീലനം അധികസമയവും സീനിയർ ടീമിനൊപ്പമാണ്. അങ്ങനെയാണ് റൊണാൾഡോയുടെ ഡയറ്റിങ് രഹസ്യങ്ങളിൽ ചിലത് പീറ്റേഴ്സ് പഠിച്ചെടുത്തത്.
പീറ്റേഴ്സ് വെളിപ്പെടുത്തുന്നത് ഇങ്ങനെ: ''അദ്ദേഹം എപ്പോഴും ബ്രോക്കോളി കഴിക്കും. ചിക്കനും ചോറുമാണ് അദ്ദേഹം എപ്പോഴും കഴിക്കുന്ന മറ്റൊന്ന്. ലിറ്റർ കണക്കിന് വെള്ളം കുടിക്കും. കൊക്കകോളയോ സോഡയോ കുടിക്കുകയേ ഇല്ല. അദ്ദേഹത്തിന് എപ്പോഴും ജയിക്കണം. യുവതാരങ്ങളെ വളർത്താനും ശ്രമിക്കും''
''പൊങ്ങച്ചത്തിനായല്ല റൊണാൾഡോ വ്യായാമം ചെയ്യുന്നത്. അദ്ദേഹം ശരീരത്തെ കളിക്കുള്ള ഒരു ഉപകരണമായാണ് പരിഗണിക്കുന്നത്. മുഴുവൻ സമയവും പരിശീലനം ചെയ്യും. അദ്ദേഹം ജോലിയെ അത്രയേറെ സ്നേഹിക്കുന്നു''.
കാബേജ് കുടുംബത്തിൽ പെട്ട സസ്യമാണ് ബ്രോക്കോളി. ധാരാളം നാരുകൾ, പ്രോട്ടീൻ, വൈറ്റമിൻ ഇ, വൈറ്റമിൻ ബി 6, കോപ്പർ, പൊട്ടാസ്യം എന്നിവ ബ്രോക്കോളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ നിറഞ്ഞതും ഫാറ്റും ഷുഗറും കുറഞ്ഞതുമായ ഭക്ഷണമാണ് റൊണാൾഡോ പ്രധാനമായും കഴിക്കാറുള്ളത്. മുട്ടയുടെ വെള്ള, ലെമൺ ജ്യൂസ്, പയർവർഗങ്ങൾ, പഴങ്ങൾ എന്നിവയും റൊണാൾഡോ കഴിക്കാറുണ്ടെന്ന് നേരത്തേ വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.