മുതിർന്ന ഫുട്ബാൾ പരിശീലകൻ റുഫസ് ഡിസൂസക്ക് സ്പാനിഷ് മുൻ ക്യാപ്റ്റന്‍റെ സമ്മാനം
text_fieldsമട്ടാഞ്ചേരി: രാജ്യത്തെ മുതിർന്ന ഫുട്ബാൾ പരിശീലകൻ ഫോർട്ട്കൊച്ചി സ്വദേശി റൂഫസ് ഡിസൂസക്ക് മുൻ സ്പെയ്ൻ ഫുട്ബാൾ ക്യാപ്റ്റെൻറ ആദരവും സമ്മാനവും. സ്പെയിൻ ലോകകപ്പ് നേടിയ വേളയിൽ ക്യാപ്റ്റനായിരുന്ന ഐക്കർ കാസിലസ് തെൻറ കൈയൊപ്പോടുകൂടിയ ജഴ്സി സമ്മാനിച്ചാണ് കാൽപന്തുകളി പരിശീലന രംഗത്തെ കാരണവരായ റൂഫസിന് ആദരവ് നൽകിയത്. റിയൽ മാഡ്രിഡ് ക്ലബ് ക്യാപ്റ്റൻ, മൂന്നുതവണ ഫുട്ബാൾ ചാമ്പ്യൻ കപ്പ് നേടിയ ക്യാപ്റ്റൻ എന്നീ നിലകളിലുടെ പ്രശസ്തനാണ് കാസിലസ്. കൊച്ചി സന്ദർശിക്കുന്ന വേളയിൽ റൂഫസിനെ നേരിൽ വന്ന് കാണാമെന്നും വാഗ്ദാനമുണ്ട്.
കൃത്യതയാർന്ന ഫുട്ബാൾ പരിശീലനവും സമർപ്പിത പ്രവർത്തനമികവും തിരിച്ചറിഞ്ഞാണ് കൊച്ചിയുടെ അങ്കിളെന്നറിയപ്പെടുന്ന റൂഫസ് ഡിസൂസയെ ആദരിക്കുന്നത്. ഫോർട്ട്കൊച്ചി വെളി മൈതാനിയിൽ ശനിയാഴ്ച വൈകീട്ട് ഏഴിന് സ്പെയിൻ റിയൽ മാഡ്രിഡ് ഫുട്ബാൾ ക്ലബ് അംഗം ജസ്റ്റിൻ ക്ലീറ്റസിെൻറ നേതൃത്വത്തിൽ സ്പാനിഷ് ക്യാപ്റ്റൻ കൊടുത്തയച്ച ജഴ്സി റൂഫസിന് കൈമാറും.
52 വർഷമായി ഫോർട്ട്കൊച്ചി പരേഡ് മൈതാനിയിൽ ഫുട്ബാൾ പരിശീലനം നൽകുന്ന റൂഫസ് ഡിസൂസക്ക് ആയിരക്കണക്കിന് ശിഷ്യരുണ്ട്. 2018ലെ ദേശീയ കായിക ദിനാചരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിറ്റ് ഇന്ത്യ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. ലോകത്തെ പ്രശസ്ത ഫുട്ബാൾ ക്ലബുകളിലൊന്നായ റിയൽ മാഡ്രിഡിൽനിന്നുള്ള അംഗീകാരം ജീവിതത്തിലെ തെൻറ സൗഭാഗ്യങ്ങളിലൊന്നാണെന്ന് റൂഫസ് ഡിസൂസ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.