ഗോളിയെ പിടിച്ച് ഗോളി; യൂറോപ ലീഗ് കിരീടം സ്പെയിനിലേക്ക്
text_fieldsമഡ്രിഡ്: പോളണ്ടിലെ ഗ്ഡാൻസ്കിൽ മീജെസ്കി മൈതാനത്ത് മാരത്തണായി നീണ്ട പെനാൽറ്റി ഷൂട്ടൗട്ടിൽ അവസാനം ഗോളിക്കുതന്നെ പിഴച്ചപ്പോൾ ഇംഗ്ലീഷ് മോഹങ്ങൾക്ക് പൂട്ട്. 21 പെനാൽറ്റികൾ വലക്കണ്ണികളിൽ മുത്തമിട്ട ശേഷം യുനൈറ്റഡ് കാവൽക്കാരൻ ഡേവിഡ് ഗീ എടുത്ത എടുത്ത ഷോട്ട് വിയ്യ റയൽ കാവൽക്കാരൻ ജെറോനിമോ റൂലി തടുത്തിട്ടതോടെയാണ് മാഞ്ചസ്റ്റർ ടീമിന് എല്ലാം പിഴച്ചത്.
ആദ്യ 90 മിനിറ്റും പിന്നീട് അധിക സമയമായ 30 മിനിറ്റും കഴിഞ്ഞിട്ടും വിജയി ഉറപ്പാകാതെ വന്ന മത്സരം പെനാൽറ്റി എളുപ്പം വിധിയെഴുതുമെന്ന് കരുതിയെങ്കിലും അതും നീളുകയായിരുന്നു. കളിയിൽ മേൽക്കൈ ഇംഗ്ലീഷ് ടീമിനായിരുന്നുവെങ്കിലും ഗോൾ ആദ്യം നേടിയ വിയ്യ റയൽ തന്നെ കപ്പുമായി മടങ്ങി. 29ാം മിനിറ്റിൽ മൊറേനൊയായിരുന്നു വിയ്യക്കായി ലക്ഷ്യം കണ്ടത്. രണ്ടാം പകുതിയിൽ എഡിൽസൺ കവാനി ടീമിനെ ഒപ്പമെത്തിച്ചെങ്കിലും ഇരു ഭാഗവും കളിയും പ്രതിരോധവും തുല്യമായി കൊണ്ടുപോയപ്പോൾ ഗോളിമാർ കാഴ്ചക്കാരായി. മൂന്നു ഷോട്ടുകൾ മാത്രമായിരുന്നു ഇരുവശത്തുമായി ഗോൾ ലക്ഷ്യമിട്ട് എത്തിയത്.
120 മിനിറ്റും കളി കഴിഞ്ഞ് ഷൂട്ടൗട്ട് തീരുമാനിക്കുമെന്നായപ്പോൾ ഓരോ താരവും എടുത്ത കിക്ക് തുടരെ വലക്കണ്ണികൾ തുളച്ചപ്പോൾ പിന്നെയും കാത്തിരിപ്പ് നീണ്ടു. വിയ്യക്കായി 11ാം കിക്ക് എടുക്കുന്നത് കാവൽക്കാരൻ ജെറോനിമോ റൂലി. മനോഹരമായി അടിച്ച കിക്ക് പ്രയാസമൊന്നുമില്ലാതെ വലയിൽ. പിറകെ, മാഞ്ചസ്റ്റർ ഗോളി പന്തുമായി പെനാൽറ്റി സ്പോട്ടിൽ. എടുത്ത കിക്ക് പക്ഷേ, മുഴുനീളത്തിൽ ചാടിയ റൂലിയുടെ കൈകളിൽ തട്ടി മടങ്ങി.
ക്ലബ് ചരിത്രത്തിൽ ആദ്യമായാണ് വിയ്യ റയൽ യൂറോപ ലീഗിൽ മുത്തമിടുന്നത്. നേരത്തെ ആഴ്സണലിനൊപ്പമായിരുന്ന ടീം കോച്ച് ഉനൈ എമറിക്ക് ഇത് വിവിധ ക്ലബുകൾക്കൊപ്പം നാലാം കിരീടവും. മറുവശത്ത്, തുടർച്ചയായ നാലാം വർഷവും വലിയ കിരീടങ്ങളൊന്നുമില്ലാത്ത ഒരു സീസൺ കൂടി പൂർത്തിയാക്കുകയാണ് യുനൈറ്റഡ്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മറ്റൊരു ഇംഗ്ലീഷ് ടീമുമായി അങ്കത്തിനിറങ്ങുന്ന മാഞ്ചസ്റ്റർ സിറ്റി കിരീടം തൊട്ടാൽ അയൽക്കാർ വലിയ നേട്ടങ്ങളുടെ തമ്പുരാന്മാരായി വാഴുന്നത് നോക്കി വായിൽ വെള്ളമൂറുകയാകും സോൾഷ്യർ സംഘം ഇത്തവണയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.