കളി വിലക്കി യൂറോപ്; റഷ്യയെ ഫുട്ബാൾ കളിക്കാൻ വിളിച്ച് ഏഷ്യ
text_fieldsയുക്രെയ്ൻ അധിനിവേശത്തിനു പിന്നാലെ ഏർപ്പെടുത്തിയ വിലക്കിൽ കളി മുടങ്ങിയ റഷ്യക്ക് ഏഷ്യയിൽ ഫുട്ബാൾ കളിക്കാൻ അവസരം. ആദ്യമായി അരങ്ങേറുന്ന സെൻട്രൽ ഏഷ്യൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പിലാണ് റഷ്യ ടീമിന് അവസരമൊരുങ്ങുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച യുക്രെയ്ൻ അധിനിവേശത്തിനുടൻ യൂറോപും ഫിഫയും റഷ്യക്ക് സമ്പൂർണ കായിക വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ, കായിക താരങ്ങളെ വിലക്കുന്നതിനെതിരെ എതിർപ് ശക്തമായതോടെ യൂറോപില്ലെങ്കിൽ ഏഷ്യയിൽ റഷ്യക്ക് മത്സരിക്കാമെന്ന് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കി.
ഇത് ഉപയോഗപ്പെടുത്തിയാണ് റഷ്യയെ ക്ഷണിച്ചിരിക്കുന്നത്. മുൻ സോവ്യറ്റ് റിപ്പബ്ലിക്കുകളായ തജികിസ്താൻ, ഉസ്ബെകിസ്താൻ, തുർക്മെനിസ്താൻ, കിർഗിസ്താൻ എന്നിവക്കൊപ്പം റഷ്യയും പങ്കെടുക്കുമെന്ന് തജികിസ്താൻ ഫുട്ബാൾ ഫെഡറേഷൻ വ്യക്തമാക്കി. അഫ്ഗാനിസ്താൻ, ഇറാൻ രാജ്യങ്ങളും പങ്കാളികളാകും. കിർഗിസ്താനിലെ ബിഷ്കെക്, ഉസ്ബെകിസ്താനിലെ താഷ്കെന്റ് നഗരങ്ങളിലായാണ് ടൂർണമെന്റ് നടക്കുക. ക്ഷണം റഷ്യ സ്വീകരിച്ചതായും തുടർ നടപടികൾ ആലോചിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
മധ്യേഷ്യൻ ഫുട്ബാൾ ടൂർണമെന്റിലെ റഷ്യൻ സാന്നിധ്യം പുതിയ പ്രതിഷേധങ്ങൾക്ക് തുടക്കം കുറിക്കുമോ എന്ന് സംഘാടകർ ഉറ്റുനോക്കുന്നുണ്ട്. ഏഷ്യൻ ഫുട്ബാൾ ഫെഡറേഷനിൽ അംഗത്വത്തിന് നേരത്തെ റഷ്യ ശ്രമം നടത്തിയിരുന്നു. യൂറോപ്യൻ ഫുട്ബാൾ അധികൃതരുമായി നടത്തിയ ചർച്ചകൾക്കുപിന്നാലെ ഈ ശ്രമം പിന്നീട് താത്കാലികമായി നിർത്തിവെച്ചു. കഴിഞ്ഞ മാസം ബഹ്റൈനിൽ നടന്ന എഷ്യൻ ഫുട്ബാൾ സമിതി യോഗത്തിൽ റഷ്യൻ പ്രതിനിധികൾ പങ്കെടുത്തിരുന്നു.
കടുത്ത വിലക്കിനെ തുടർന്ന് 2022ൽ റഷ്യൻ ഫുട്ബാൾ ടീം മൂന്ന് സൗഹൃദ മത്സരങ്ങൾ മാത്രമാണ് കളിച്ചത്. അതും കിർഗിസ്താൻ, തജികിസ്താൻ, ഉസ്ബെകിസ്താൻ എന്നിവക്കെതിരെ. ഈ മാസാവസാനം ഇറാഖ്, ഇറാൻ ടീമുകൾക്കെതിരെ സമാനമായി മത്സരങ്ങൾ നടന്നേക്കും.
ഒളിമ്പിക്സിലും റഷ്യക്ക് വിലക്ക് നിലനിൽക്കുന്നുണ്ട്. അടുത്ത ഒളിമ്പിക്സിൽ പങ്കാളിത്തം അനുവദിക്കാൻ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി നീക്കം സജീവമാക്കിയതിനെ തുടർന്ന് 35 രാജ്യങ്ങൾ ചേർന്ന് നിവേദനം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.