ക്രിസ്റ്റ്യാനോക്കൊപ്പം പന്തുതട്ടാൻ ഇനി ബയേൺ സൂപ്പർസ്റ്റാറും! അൽ നസ്ർ ക്ലബുമായി കരാറിലെത്തി?
text_fieldsസൗദി പ്രോ ലീഗിലേക്ക് മറ്റൊരു സൂപ്പർതാരം കൂടി എത്തുന്നു. അതും ലോക ഫുട്ബാളിലെ അതികായനായ പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന അൽ നസ്ർ ക്ലബിലേക്ക്.
സെനഗാലിന്‍റെ മാനസപുത്രനായ ബയേൺ മ്യൂണിക്ക് താരം സാദിയോ മാനെയുമായി സൗദി ക്ലബ് ധാരണയിലെത്തി. ബുണ്ടസ് ലീഗ ക്ലബും അൽ നസ്റും തമ്മിൽ താരത്തെ കൈമാറാൻ അന്തിമ ധാരണയായതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, കരാർ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. നേരത്തെ, റെക്കോഡ് തുകക്കാണ് ക്രിസ്റ്റ്യാനോയെ അൽ നസ്ർ ടീമിലെത്തിച്ചത്.
സെനഗാൽ താരത്തെ വിൽക്കാൻ തയാറാണെന്ന് ബയേൺ പ്രസിഡന്റ് ഹെർബർട്ട് ഹൈനർ വ്യക്തമാക്കിയിരുന്നു. ലിവർപൂളിൽനിന്ന് കഴിഞ്ഞ സീസണിലാണ് മാനെ ബയേണിലെത്തിയത്. എന്നാൽ, 31കാരനായ താരത്തിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. 38 കളിയിൽനിന്ന് 12 ഗോളടിക്കാനെ കഴിഞ്ഞുള്ളു. ഇതിനിടെ കാലിനേറ്റ പരിക്കിനെ തുടർന്ന് 105 ദിവസം കളത്തിന് പുറത്തിരിക്കേണ്ടിയും വന്നു.
ഖത്തർ ലോകകപ്പും താരത്തിന് പൂർണമായി നഷ്ടമായിരുന്നു. ജർമൻ ക്ലബിൽ ഒരു സീസൺകൂടി കരാർ കാലാവധി ബാക്കി നിൽക്കെയാണ് മാനെ സൗദി ക്ലബിലേക്ക് ചേക്കേറുന്നത്. ഏകദേശം 3.7 കോടി യൂറോ അൽ നസ്ർ ബയേണിന് കൈമാറുമെന്നാണ് പുറത്തുവരുന്ന വിവരം. ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ മാഞ്ചസ്റ്റർ സിറ്റിയോട് ആദ്യപാദ ക്വാർട്ടറിൽ തോറ്റതിനു പിന്നാലെ ഡ്രസിങ് റൂമിൽ സഹതാരം ലിറോയ് സാനെയുമായി വഴക്കിട്ടതിനെ തുടർന്ന് മാനെക്ക് ഒരു കളിയിൽ വിലക്കേർപ്പെടുത്തിയിരുന്നു.
ക്ലബിലെ മറ്റു അംഗങ്ങളുമായുള്ള ബന്ധത്തിൽ ഇത് വിള്ളലുണ്ടാക്കി. കൂടാതെ, മുൻ മാനേജർ ജൂലിയൻ നാഗെൽസ്മാനുമായും നിലവിലെ പരിശീലകൻ തോമസ് ടുഷേലുമായും മാനെ നല്ല ബന്ധത്തിലല്ല. മാഞ്ചസ്റ്റർ സിറ്റിയുടെ അൾജീരിയൻ മുന്നേറ്റതാരം റിയാദ് മെഹ്റസുമായി മറ്റൊരു സൗദി ക്ലബായ അൽ-അഹ്ലി കരാറിലെത്തിയിരുന്നു. സൗദി ലീഗ് ചാമ്പ്യൻമാരായ അൽ ഇത്തിഹാദ് ബാലൺ ഡി ഓർ ജേതാവ് കരിം ബെൻസെമയെയും ഫ്രഞ്ച് താരം എംഗോളോ കാന്‍റയെയും ടീമിലെത്തിച്ചിരുന്നു.
സെനഗാലിന്‍റെ കാലിദൊ കൗലിബാലിയെയും വോൾവ്‌സിന്‍റെ പോർചുഗൽ മിഡ്ഫീൽഡർ റൂബൻ നെവെസിനേയും അൽ ഹിലാൽ ക്ലബും സ്വന്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.