സാഫ് കപ്പ് ഫുട്ബാൾ: സെമി ഉറപ്പിക്കാൻ ലബനാൻ
text_fieldsബംഗളൂരു: സാഫ് കപ്പ് ഫുട്ബാളിൽ ഗ്രൂപ് ബി മത്സരങ്ങളിൽ ലബനാൻ, ബംഗ്ലാദേശ് ടീമുകൾക്ക് ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ഭൂട്ടാനെ ലബനാൻ ഒന്നിനെതിരെ നാലു ഗോളിനും മാലദ്വീപിനെ ബംഗ്ലാദേശ് 3-1നും തോൽപിച്ചു. രണ്ടു മത്സരങ്ങളും ജയിച്ച ലബനാൻ സെമിഫൈനൽ ഉറപ്പാക്കിയപ്പോൾ ബംഗ്ലാദേശ് അവസാന നാലിൽ കടക്കാനുള്ള സാധ്യത നിലനിർത്തി. ബുധനാഴ്ച നടക്കുന്ന ഗ്രൂപ്ഘട്ട അവസാന മത്സരങ്ങളിൽ ലബനാൻ മാലദ്വീപിനെയും ബംഗ്ലാദേശ് ഭൂട്ടാനെയും നേരിടും. ലബനാന് ആറും ബംഗ്ലാദേശ്, മാലദ്വീപ് ടീമുകൾക്ക് മൂന്നും പോയന്റാണുള്ളത്.
സെമി ഫൈനൽ പ്രതീക്ഷ തുടരാൻ എല്ലാ ടീമുകൾക്കും ജയം അനിവാര്യമായിരുന്നു. ഭൂട്ടാനെതിരെ കളിയുടെ സമസ്ത മേഖലകളിലും മുൻതൂക്കമുണ്ടായിരുന്നു ലബനാന്. 11ാം മിനിറ്റിൽത്തന്നെ മുഹമ്മദ് സാദിഖ് ലീഡ് നേടിക്കൊടുത്തു. പിന്നാലെ അലി അൽ ഹാജ് (23), ഖലീൽ ബദർ (35), മഹ്ദി സെയ്ൻ (43) എന്നിവരും സ്കോർ ചെയ്ത് ആദ്യ പകുതിയിൽത്തന്നെ നാലു ഗോളിന്റെ ഏകപക്ഷീയ ലീഡ് സമ്മാനിച്ചു. രണ്ടാം പകുതിയിൽ പ്രതിരോധം മുറുക്കി തോൽവിഭാരം കുറക്കാൻ ശ്രമിച്ച ഭൂട്ടാൻ, ഇടക്കിടെ ലബനീസ് ഡിഫൻഡർമാരെ പരീക്ഷിച്ചു. 79ാം മിനിറ്റിൽ ചെഞ്ചോ ഗ്യൽഷൻ ആശ്വാസ ഗോളും നേടി.
മാലദ്വീപിനെതിരെ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ബംഗ്ലാദേശ് മൂന്നടിച്ച് കളി പിടിച്ചത്. 17ാം മിനിറ്റിൽ മാലദ്വീപിന്റെ ഹംസ മുഹമ്മദ് നൽകിയ പാസ് സ്വീകരിച്ച് വലംകാൽകൊണ്ട് ഫാസിർ തൊടുത്ത കിടിലൻ ഷോട്ട് ബംഗ്ലാ ഗോളി അനിസുർറഹ്മാനെ നിസ്സഹായനാക്കി. ഗോൾ തിരിച്ചടിക്കാൻ മികച്ച നീക്കങ്ങൾ ബംഗ്ലാദേശ് മെനഞ്ഞെങ്കിലും ഫൈനൽ തേഡിൽ ഒന്നും ഫലവത്തായില്ല. എന്നാൽ, ആദ്യ പകുതി അവസാനിക്കാനിരിക്കെ തിരിച്ചുവരവിന്റെ സൂചന നൽകി ബംഗ്ലാദേശ് സമനില ഗോൾ കണ്ടെത്തി. 42ാം മിനിറ്റിൽ സൊഹെൽ റാണ നൽകിയ സുന്ദരമായ അസിസ്റ്റിൽനിന്ന് പിഴവില്ലാതെ റാകിബ് ഹുസൈന്റെ ഹെഡർ ഫിനിഷിങ്.
രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ചുകളിച്ച ബംഗ്ലാകടുവകൾ കളി കൂടുതൽ സമയവും മാലദ്വീപിന്റെ പകുതിയിൽ പിടിച്ചുനിർത്തി. 67ാം മിനിറ്റിൽ ബംഗ്ലാദേശിന് അനുകൂലമായ ഒരു കോർണറിനെ തുടർന്ന് ഗോൾമുഖത്തുണ്ടായ കൂട്ടപ്പൊരിച്ചിലിനിടെ പന്ത് രണ്ടു തവണ മാലദ്വീപ് താരം ഹുസൈൻ നിഹാൻ ഗോൾലൈൻ സേവ് നടത്തിയെങ്കിലും താരിഖ് ഖാസി പഴുത് കണ്ടെത്തി (2-1). നാലു മിനിറ്റിനുശേഷം ലീഡുയർത്താനുള്ള ബംഗ്ലാദേശിന്റെ ശ്രമത്തിനു മുന്നിൽ മാലദ്വീപ് ഗോളി ഹസൻ ശരീഫ് വില്ലനായി. കോർണർകിക്കിനുശേഷം വന്ന റീബൗണ്ട് ബാൾ പിടിച്ചെടുത്ത് പകരക്കാരൻ ശൈഖ് മുർസലിൻ തൊടുത്ത ഉഗ്രൻ വോളി ശ്രമകരമായി ഒറ്റക്കൈയിൽ തട്ടിയകറ്റി. നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റിൽ ശൈഖ് മുർസലിൻ ടീമിന്റെ മൂന്നാം ഗോൾ കുറിച്ച് ബംഗ്ലാ വിജയമുറപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.