സാഫ് കപ്പിൽ ഇന്ത്യ ഫൈനലിൽ; ലബനാനെ വീഴ്ത്തിയത് പെനാൽറ്റി ഷൂട്ടൗട്ടിൽ
text_fieldsബംഗളൂരു: ഷൂട്ടൗട്ട് വരെ നീണ്ട ആവേശകരമായ സെമിഫൈനൽ മത്സരത്തിൽ ലബനാനെ 4-2ന് വീഴ്ത്തി ഇന്ത്യ ഫൈനലിൽ. നിശ്ചിത സമയത്തും അധികസമയത്തും സമനില പാലിച്ചതോടെ കളി ടൈബ്രേക്കറിലേക്ക് നീളുകയായിരുന്നു. ശനിയാഴ്ചത്തെ ആദ്യ സെമിയിൽ എക്സ്ട്രാ ടൈം ഗോളിൽ ബംഗ്ലാദേശിനെ തോൽപിച്ച് കുവൈത്തും ഫൈനലിലെത്തി. ചൊവ്വാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഇന്ത്യയും കുവൈത്തും ഏറ്റുമുട്ടും. ഷൂട്ടൗട്ടിൽ ഇന്ത്യക്കായി ക്യാപ്റ്റൻ സുനിൽ ഛേത്രി ആദ്യ ലക്ഷ്യം കണ്ടു. ലബനാൻ നിരയിൽ ക്യാപ്റ്റൻ ഹസൻ മതൂകിന്‍റെ ആദ്യ ഷോട്ട് തന്നെ ഇടത്തോട്ട് ചാടിവീണ് ഗുർപ്രീത് രക്ഷപ്പെടുത്തി. പിന്നീട് വന്ന അൻവർ അലി, മഹേഷ് സിങ്, ഉദാന്ത സിങ് എന്നിവർ ആതിഥേയർക്കായി സ്കോർ ചെയ്തപ്പോൾ വാലിദ്, മുഹമ്മദ് സാദിഖ് എന്നിവർ ലബനാന്‍റെ ലക്ഷ്യം കണ്ടു. നാലാം കിക്കെടുത്ത ഖലീൽ ബദറിന്‍റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നതോടെ കണ്ഠീരവയിൽ ഇന്ത്യൻ ആരവം മുഴങ്ങി. ഇന്ത്യയുടെ തുടർച്ചയായ ഒമ്പതാം ഫൈനലാണിത്.
ആദിമധ്യാന്തം ആതിഥേയ മേധാവിത്വം
കുവൈത്തിനെതിരായ മത്സരത്തിലെ പ്രതിരോധ നിരയെ അഴിച്ചുപണിതാണ് ഇന്ത്യ ലബനാനെതിരെ ഇറങ്ങിയത്. സന്ദേശ് ജിങ്കാൻ സസ്പെൻഷനിലായപ്പോൾ അൻവറലിയെ മാത്രം നിലനിർത്തി. ആകാശ് മിശ്രക്കും നിഖിൽ പൂജാരിക്കും പകരം പരിചയസമ്പന്നരായ പ്രീതം കോട്ടാലും സുഭാശിഷ് ബോസുമെത്തി. സെൻട്രൽ മിഡ്ഫീൽഡിൽ അൻവറിനൊപ്പം മെഹ്താബിനെയും നിയോഗിച്ചു. ഗോൾവലക്ക് കീഴിൽ ഗുർപ്രീത് സിങ് സന്ധു തിരിച്ചെത്തി. മധ്യനിരയിൽ മഹേഷ് സിങ്ങിന് പകരം സഹലിനെ ഇറക്കി. മധ്യനിരയിൽ അനിരുദ്ധ് ഥാപ്പയും ജീക്സൺ സിങ്ങും. ചാങ്തെ, ആഷിഖ് എന്നിവർക്കുകൂടി ആക്രമണ ചുമതല നൽകി.
ആദ്യ മിനിറ്റുകളിൽ തുടർച്ചയായ രണ്ടു ഗോൾ അറ്റംപ്റ്റുമായി എതിർ ക്യാപ്റ്റൻ ഹസൻ മതൂഖും നാദിർ മതറും ഇന്ത്യൻ ഗോൾമുഖത്ത് ഭീതി വിതച്ചു. എട്ടാം മിനിറ്റിൽ ഇടതുവിങ്ങിൽനിന്ന് മെഹദി സെയൻ നൽകിയ പാസുമായി ഹസൻ മതൂകിന്‍റെ നീക്കം. പന്ത് വലതു ബോക്സിന് പുറത്ത് കാത്തുനിന്ന സൈനുൽ ആബിദ് ഫറാനിലേക്ക്. ബോക്സിലേക്ക് ഓടിക്കയറി ഫറാൻ തൊടുത്ത ഷോട്ട് മുന്നോട്ടുകയറിവന്ന് ഗോളി ഗുർപ്രീത് രക്ഷപ്പെടുത്തിയപ്പോൾ ഗാലറിയിൽ ആശ്വാസ നിശ്വാസം.
17ാം മിനിറ്റിൽ ഇന്ത്യ ലീഡ് പിടിക്കേണ്ടതായിരുന്നു. മധ്യവരക്കടുത്തുനിന്ന് എതിർ താരത്തിൽനിന്ന് പന്ത് പിടിച്ച് ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ മിന്നൽ നീക്കം. ഒപ്പംകുതിച്ച് സഹലും ജീക്സണും ചാങ്തെയും. ഛേത്രി നൽകിയ പാസുമായി ജീക്സൺ ബോക്സിൽ കടന്നു. ഗോളി മുന്നിൽനിൽക്കെ ഫിനിഷ് ചെയ്യുന്നതിന് പകരം പന്ത് പെനാൽറ്റി ബോക്സിൽ ഇടതുവശത്ത് നിന്ന സഹലിന് നൽകി. അപ്പോഴേക്കും സഹൽ ഓഫ്സൈഡിലായി പോയിരുന്നു. ആദ്യ പകുതിയുടെ 61 ശതമാനവും ഇന്ത്യയുടെ കാലിലായിരുന്നു പന്ത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ലബനാനും ഇന്ത്യയും ഓരോ മാറ്റം വരുത്തി. മഞ്ഞക്കാർഡ് കണ്ടിട്ടും പരുക്കൻ കളി തുടർന്ന അലി മർക്കബാവിയെ പിൻവലിച്ച് കരീം ദാർവികിനെ ലബനാനും പ്രീതം കോട്ടാലിന് പകരം നിഖിൽ പൂജാരിയെ ഇന്ത്യയും കളത്തിലിറക്കി. അതുവരെ കാര്യമായി ഇടതുവിങ്ങിലൂടെയായിരുന്നു ആതിഥേയരുടെ മുന്നേറ്റം. റൈറ്റ് ബാക്കിൽ നിഖിലിന്‍റെ വരവോടെ വലതുവിങ്ങിലൂടെയും വേഗമാർന്ന നീക്കങ്ങൾ പിറന്നു. പലപ്പോഴും കളി ലബനാൻ പകുതിയിലേക്ക് ചുരുക്കിയ ഇന്ത്യ 74ാം മിനിറ്റിൽ മൂന്നു നിർണായക മാറ്റം കൊണ്ടുവന്നു. സുഭാശിഷിന് പകരം ആകാശ് മിശ്രയും സഹലിന് പകരം മഹേഷ് സിങ്ങും അനിരുദ്ധ് ഥാപ്പക്ക് പകരം രോഹിത് കുമാറും ഇറങ്ങി.
എക്സ്ട്രാ ടൈമിന്‍റെ ആദ്യ 15 മിനിറ്റിൽ ഒന്നിനൊന്നായി ആക്രമണം മെനഞ്ഞ് ലബനാൻ ഗോൾമുഖത്ത് ഇന്ത്യ വട്ടമിട്ടു. സിക്സ് യാർഡ് ബോക്സിൽനിന്നും ബോക്സിന് മുന്നിൽനിന്നും ഛേത്രിയുടെ രണ്ടു ഗോൾശ്രമങ്ങൾ കണ്ടു. ഉദാന്ത സിങ്ങും ആകാശ് മിശ്രയും ഛേത്രിയും മഹേഷ് സിങ്ങും ഇരമ്പിക്കയറിയപ്പോൾ ലബനാൻ പ്രതിരോധം ശരിക്കും വിയർത്തു. ലബനാന്‍റെ തുടർച്ചയായ രണ്ട് അറ്റാക്കോടെയാണ് അടുത്ത പകുതി ആരംഭിച്ചത്. 113ാം മിനിറ്റിൽ ഇരു ഗോൾമുഖത്തേക്കും അപകടകരമായ കൗണ്ടർ അറ്റാക്ക് കണ്ടു. കളി ഇഞ്ചുറി ടൈമിലേക്ക് നീങ്ങിയതോടെ ഷൂട്ടൗട്ട് മുന്നിൽക്കണ്ട് ലബനാൻ ഗോൾകീപ്പറെ മാറ്റി. മെഹ്ദി ഖലീലിന് പകരം അലി സാബി ഗ്ലൗസണിഞ്ഞു.
എക്സ്ട്രാ ടൈമിൽ കുവൈത്ത്
എക്സ്ട്രാ ടൈമിന്‍റെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് (105 + 2) ബംഗ്ലാദേശിനെതിരെ കുവൈത്തിന്‍റെ വിജയഗോൾ പിറന്നത്. ഇടതുവിങ്ങിൽനിന്ന് മുഹമ്മദ് അബ്ദുല്ല നൽകിയ അസിസ്റ്റിൽ അസാധ്യ ആംഗിളിൽനിന്ന് അബ്ദുല്ല അൽബലൂഷി പോസ്റ്റിന്‍റെ ഇടതുമൂലയിലേക്ക് തൊടുത്ത ഷോട്ടിന് മുന്നിൽ ഗോളി അനീസുറഹ്മാന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
കളിയിൽ ഒമ്പതു കോർണറുകളാണ് കുവൈത്ത് നേടിയത്. ബംഗ്ലാദേശാകട്ടെ, എതിർ ടീമിനെ 25 തവണ ഫൗളിനുമിരയാക്കി. അച്ചടക്കലംഘനത്തിന് ബംഗ്ലാദേശിന്‍റെ രണ്ട് ഒഫിഷ്യലുകൾക്ക് റഫറി ക്രിസ്റ്റൽ ജോൺ റെഡ് കാർഡ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.