സാഫ് കപ്പ്: രണ്ടാം ജയത്തോടെ ഇന്ത്യയും കുവൈത്തും അവസാന നാലിൽ
text_fieldsബംഗളൂരു: പൊരുതിക്കളിച്ച നേപ്പാളിനെ എതിരില്ലാത്ത രണ്ടു ഗോളിന് കീഴടക്കി സാഫ് കപ്പ് ഫുട്ബാളിൽ ഇന്ത്യ സെമി ഫൈനലിൽ. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ശനിയാഴ്ച രാത്രി നടന്ന മത്സരത്തിൽ ആതിഥേയർക്കായി ക്യാപ്റ്റൻ സുനിൽ ഛേത്രി, മഹേഷ് സിങ് എന്നിവർ സ്കോർ ചെയ്തു. വൈകീട്ട് നടന്ന മത്സരത്തിൽ പാകിസ്താനെ 4-0ത്തിന് തകർത്ത കുവൈത്തും ഗ്രൂപ് എയിൽനിന്ന് സെമിയിലിടം പിടിച്ചു. ആറു പോയന്റ് വീതമുള്ള ഇന്ത്യയും കുവൈത്തും തമ്മിൽ ചൊവ്വാഴ്ച നടക്കുന്ന അവസാന മത്സരം ഗ്രൂപ് ജേതാക്കളെ നിശ്ചയിക്കും. രണ്ടു മത്സരങ്ങളും തോറ്റ പാകിസ്താനും നേപ്പാളും സെമി കാണാതെ പുറത്തായി.
ആദ്യ മത്സരത്തിലെ ടീമിൽനിന്ന് സുനിൽ ഛേത്രി, അനിരുദ്ധ് ഥാപ്പ, സഹൽ അബ്ദുൽ സമദ് എന്നിവരെ മാത്രം നിലനിർത്തി വൻ മാറ്റങ്ങളുമായാണ് ഇന്ത്യ ആദ്യ ഇലവനെയിറക്കിയത്. ഗോൾവലക്ക് കീഴിൽ അമരീന്ദർ സിങ്ങിന് പകരം ഗുർപ്രീത് സിങ് സന്ധു തിരിച്ചെത്തി. പ്രതിരോധത്തിൽ സുഭാഷിഷ് ബോസ്, അൻവർ അലി, സന്ദേശ് ജിങ്കാൻ, പ്രീതം കോട്ടാൽ, വിങ്ങർമാരായ ആഷിഖ് കുരുണിയൻ, ലാലിയൻ സുവാല ചാങ്തെ, മധ്യനിരയിൽ ജീക്സൺ എന്നിവർക്ക് പകരം രാഹുൽ ബേക്കെ, ആകാശ് മിശ്ര, മെഹ്താബ് ഹുസൈൻ, മഹേഷ് സിങ്, ഉദാന്ത സിങ്, രോഹിത് കുമാർ, നിഖിൽ പൂജാരി എന്നിവരെയാണ് ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയത്. മൂന്നു മാറ്റങ്ങളുമായാണ് നേപ്പാൾ ഇറങ്ങിയത്. അറ്റാക്കിങ് മിഡ്ഫീൽഡറായി ബിമൽ ഗാർഥി മഗാറിനെ കൊണ്ടുവന്നതാണ് പ്രധാന മാറ്റം.
ആക്രമണവും പ്രത്യാക്രമണവുമായി ചൂടുപിടിച്ചതായിരുന്നു ഒന്നാംപകുതി. ആദ്യ മിനിറ്റുകളിൽ മികച്ച പ്രസിങ് ഗെയിമുമായി ഇന്ത്യൻ പകുതിയിൽ കളി തടഞ്ഞുനിർത്തിയ ‘ഗൂർഖ’കളിൽനിന്ന് പതിയെ ഇന്ത്യ കളി തിരിച്ചുപിടിച്ചു. പത്താം മിനിറ്റിൽ ആതിഥേയരുടെ മുന്നേറ്റം കണ്ടു. വലതുവിങ്ങിൽനിന്ന് പന്തുമായി ഓടിക്കയറിയ നിഖിൽ പൂജാരി നൽകിയ ക്രോസ് എതിർ പെനാൽറ്റി ബോക്സിൽ കാത്തുനിന്ന ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് കണക്ട് ചെയ്യാനായില്ല. അഞ്ചു മിനിറ്റിന് ശേഷം പൂജാരി നൽകിയ മറ്റൊരു ക്രോസ് സഹലും കൈവിട്ടു.
16ാം മിനിറ്റിൽ ഇന്ത്യയുടെ മികച്ച നീക്കം കണ്ടു. മൈതാന മധ്യത്തുനിന്ന് മഹേഷ് നീട്ടിനൽകിയ പാസ് സ്വീകരിച്ച് ബോക്സിലേക്ക് നീങ്ങിയ ആകാശ് മിശ്ര പന്ത് സഹലിന് നൽകി. സിംഗിൾ ടച്ചിൽ പന്ത് ഇടതു പോസ്റ്റിലാക്കാനുള്ള സഹലിന്റെ ശ്രമം പക്ഷേ പാളി. പിന്നാലെ കോർണർകിക്കിൽനിന്ന് നേപ്പാൾ ഗോളവസരമൊരുക്കി. ആറുവാര ബോക്സിന് മുന്നിൽനിന്നുള്ള എറിക് ബിസ്തയുടെ ഗ്രൗണ്ടർ ഡൈവ് ചെയ്താണ് ഇന്ത്യൻ ഗോളി ഗുർപ്രീത് രക്ഷപ്പെടുത്തിയത്. 10 മിനിറ്റിന് ശേഷം നേപ്പാളിന്റെ മറ്റൊരു ആക്രമണം. പ്രതിരോധത്തെ കീറി മനീഷ് ദാങ്കി നൽകിയ സുന്ദരൻ പാസ് ലകൻ ലിംബുവിന് എത്തിപ്പിടിക്കാനായില്ല.
ഇടതുവിങ്ങിലൂടെ മഹേഷ്-ആകാശ്-സഹൽ ത്രയം നടത്തിയ നീക്കം നേപ്പാൾ ഫൗൾകൊണ്ട് തടഞ്ഞപ്പോൾ 31ാം മിനിറ്റിൽ അപകടകരമായ പൊസിഷനിൽനിന്ന് ഇന്ത്യക്ക് ഫ്രീകിക്ക്. ഛേത്രിയുടെ കിക്ക് എതിർ പ്രതിരോധം ഹെഡ് ചെയ്തകറ്റി. 34ാം മിനിറ്റിൽ ഇന്ത്യൻ പ്രതിരോധത്തിലെ പിഴവിന് കനത്ത വില നൽകേണ്ടി വന്നേനെ. ആകാശ് മിശ്രയിൽനിന്ന് പന്ത് പിടിച്ചെടുത്ത മനിഷ് ദാങ്കി ബോക്സിൽ ബിമൽഗാത്രിക്ക് നൽകിയെങ്കിലും ഓടിയെത്തിയ രോഹിത് അപകടമൊഴിവാക്കി. ആദ്യ പകുതിയുടെ അവസാനത്തിലേക്ക് കളി നീങ്ങവേ ഉദാന്ത നേപ്പാൾ ബോക്സിലേക്ക് മറിച്ചുനൽകിയ പന്തിൽ സഹലിന്റെ ബാക്ക് ഹീൽ ശ്രമവും ഫലം കണ്ടില്ല. ഇതിനിടെ അധിക സമയത്ത് നേപ്പാളിന്റെ പ്രധാന അറ്റാക്കർമാരിലൊരാളായ അൻജാൻ ബിസ്ത പരിക്കേറ്റ് പുറത്തുപോയി.
രണ്ടാം പകുതിയിൽ നിരന്തര ആക്രമണം മെനഞ്ഞ ഇന്ത്യക്ക് 62ാം മിനിറ്റിൽ കാത്തിരുന്ന ഗോളെത്തി. ഇന്ത്യയുടെ മികച്ചൊരു കൗണ്ടർ അറ്റാക്ക് പരാജയപ്പെട്ട ശേഷമായിരുന്നു പിന്നാലെ ഗോൾ പിറന്നത്. മഹേഷിന്റെ അസിസ്റ്റിൽ സമയമെടുത്ത് ഛേത്രിയുടെ സൂപ്പർ ഫിനിഷ് (1-0). കോച്ച് സ്റ്റിമാകിന്റെ അഭാവത്തിൽ പരിശീലകന്റെ റോളിലുള്ള അസി. കോച്ച് മഹേഷ് ഗാവ്ലി രണ്ടു മാറ്റം വരുത്തി. ഉദാന്തയെയും രോഹിതിനെയും പിൻവലിച്ച് ചാങ്തെയെയും ജീക്സണെയും കൊണ്ടുവന്നതോടെ കളി ഇന്ത്യയുടെ വരുതിയിലായി. ഇതിനിടെ കശപിശയുടെ പേരിൽ നിഖിൽ പൂജാരിയും നേപ്പാൾ താരം ബിമലും മഞ്ഞക്കാർഡ് കണ്ടു.
70ാം മിനിറ്റിൽ രണ്ടാം ഗോളും പിറന്നു. മധ്യനിരയിൽനിന്ന് പന്ത് പിടിച്ചെടുത്ത് സഹലിന്റെ മുന്നേറ്റം. എതിർതാരങ്ങളെ കബളിപ്പിച്ച് പന്ത് ഛേത്രിയിലേക്ക്. ഛേത്രിയുടെ പ്ലേസിങ് ക്രോസ് ബാറിൽതട്ടി ഗോൾമുഖത്തേക്കിറങ്ങിയപ്പോൾ ഓടിയെത്തിയ മഹേഷ് തലകൊണ്ട് പന്ത് വലയിലാക്കി. അധികസമയത്ത് ഇന്ത്യൻ ബോക്സിന് മുന്നിൽ ലഭിച്ച ഫ്രീകിക്ക് നേപ്പാൾ താരം രോഹിത് ചന്ദ് ക്രോസ് ബാറിന് പുറത്തേക്ക് പറത്തിയതോടെ അവസാന വിസിൽ മുഴങ്ങി.
കുവൈത്തിന് രണ്ടാം ജയം
ബംഗളൂരു: അതിഥികളായെത്തി രണ്ടാം മത്സരത്തിലും ആവേശ ജയവുമായി കുവൈത്ത്. ശനിയാഴ്ച വൈകീട്ട് നടന്ന ഗ്രൂപ് എ യിലെ മൂന്നാം മത്സരത്തിൽ ആദ്യാവസാനം കളം നിറഞ്ഞ ടീം പാകിസ്താനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് മുക്കിയത്. മുബാറക് അൽഫനീനി ഇരട്ട ഗോളും (17, 45+1 മിനിറ്റ്) ഹസൻ അലനെസി , ഈദ് അൽറാഷിദി എന്നിവർ ഓരോ ഗോളും നേടി.
ഇന്ത്യക്കെതിരായ മത്സരത്തിൽ മോശം പ്രകടനം നടത്തിയ ഗോൾകീപ്പർ സാഖിബ് ഹനീഫിന് പകരം യൂസുഫ് ഇജാസ് ഭട്ടാണ് പാക് വല കാത്തത്. ഹസൻ നവീദിന് പകരം മുൻ ഇംഗ്ലണ്ട് അണ്ടർ 20 ക്യാപ്റ്റൻ ഈസ സുലൈമാൻ ക്യാപ്റ്റന്റെ ആം ബാൻഡണിഞ്ഞു. കുവൈത്തും ആദ്യ കളിയിലെ ഗോൾകീപ്പറെ മാറ്റി. അബ്ദുൽ റഹ്മാൻ മർസൂഖിന് പകരം ബദർ ബിൻ സനൂൻ ഗ്ലൗസണിഞ്ഞു.
കുവൈത്തിന്റെ ടച്ചോടെ തുടങ്ങിയ മത്സരത്തിന്റെ തുടക്കത്തിൽതന്നെ പാകിസ്താന് മികച്ച അവസരം ലഭിച്ചു. പാക് മുന്നേറ്റം ഫൗളിലൂടെ തടഞ്ഞ കുവൈത്തിനെതിരെ റഫറി ഫ്രീകിക്ക് അനുവദിച്ചു. ടച്ച് ലൈനിന് സമീപത്തുനിന്ന് അലി മഹ്മൂദ് എടുത്ത കിക്ക് കുവൈത്ത് ബോക്സിന് സമീപം അബ്ദുല്ല ഇഖ്ബാലിന് ലഭിച്ചെങ്കിലും ഹാഫ് വോളി ലക്ഷ്യം തെറ്റി. പിന്നീടങ്ങോട്ട് കുവൈത്തിന്റെ ആധിപത്യമായിരുന്നു. 11ാം മിനിറ്റിൽ കോർണറിൽനിന്ന് ലഭിച്ച പന്ത് ഹസൻ അലനെസി പിഴവില്ലാതെ വലയിലാക്കി. 17ാം മിനിറ്റിൽ ഈദ് അൽ റഷീദിയുടെ പാസിൽ മുബാറക് അൽ ഫനീനി ടീമിന്റെ രണ്ടാം ഗോൾ നേടി. പാകിസ്താന്റെ നീക്കങ്ങളെല്ലാം ഫൈനൽ തേഡിലെ ആശയക്കുഴപ്പത്തിൽ തടഞ്ഞുനിന്നു.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മൂന്നാം ഗോളും കുവൈത്ത് കുറിച്ചു. പാക് പ്രതിരോധത്തിലെ പിഴവിൽനിന്ന് പന്ത് പിടിച്ചെടുത്ത ഈദ് അൽ റഷീദി പോസ്റ്റിലേക്ക് പ്ലേസ് ചെയ്തത് ഗോളി യൂസുഫ് ഭട്ട് തടഞ്ഞു. റീബൗണ്ട് പിടിച്ചെടുത്ത മുബാറക് പിഴവൊന്നും വരുത്താതെ പന്ത് വലയിലാക്കി.
രണ്ടാം പകുതിയാരംഭിച്ച് മൂന്നാം മിനിറ്റിൽ മുബാറക്- സൽമാൻ- അൽറാഷിദി കൂട്ടുകെട്ടിൽ കുവൈത്ത് ഗോൾ നേടിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. 64 ാം മിനിറ്റിൽ മറുപടി ഗോളിനുള്ള അവസരം പാക് താരം ഹാറൂൺ ഹാമിദ് പാഴാക്കി. അഞ്ചു മിനിറ്റിന് ശേഷം അറ്റാക്കിങ് മിഡ്ഫീൽഡർ ഈദ് അൽറാഷിദി മികച്ച ഫിനിഷിങ്ങിലൂടെ കുവൈത്തിന്റെ പട്ടിക പൂർത്തിയാക്കി. പാക് പകുതിയിലായിരുന്നു മിക്കവാറും സമയത്ത് പന്ത് കറങ്ങി നടന്നത്. കുവൈത്തിന്റെ കേളീമികവിനു മുന്നിൽ അതിദയനീയമായി തളർന്ന പാക് ടീം പലപ്പോഴും ഗോൾ വീഴാതെ നോക്കാനായിരുന്നു പണിപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.