സാഫ് കപ്പ് ഫുട്ബാൾ കിരീടം: താരമായി സഹൽ..
text_fieldsന്യൂഡൽഹി: നേപ്പാളിനെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് കീഴടക്കി ഇന്ത്യ സാഫ് കപ്പ് ഫുട്ബാൾ കിരീടം നേടിയതിെൻറ ആവേശം ഇങ്ങ് കേരളത്തിലും അലയടിക്കുന്നു. കളിയുടെ അവസാന നിമിഷത്തിൽ പകരക്കാരനായി കളത്തിലിറങ്ങി നിമിഷങ്ങൾക്കുള്ളിൽ മലയാളി താരം സഹൽ അബ്ദുൽ സമദ് കുറിച്ച ഗോൾ ഈ ടൂർണമെൻറിലെ ഏറ്റവും മനോഹരമായ ഗോളായിരുന്നു.
ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് മുന്നിൽ നിൽക്കെ 90 ാം മിനിറ്റിലായിരുന്നു സഹലിെൻറ മായികഗോൾ പിറന്നത്. ബോക്സിന് വെളിയിൽനിന്ന് റഹിം അലി നീട്ടിക്കൊടുത്ത പന്ത് സ്വീകരിച്ച ശേഷം നടത്തിയ ഒറ്റയാൻ പ്രകടനം. റഹീമിൽനിന്ന് വലംകാലിൽ പന്ത് സ്വീകരിക്കുമ്പോൾ തൊട്ടു മുന്നിൽ രണ്ടു നേപ്പാൾ ഡിഫൻഡർമാർ. പെനാൽട്ടി ബോക്സിെൻറ ഇടതുകോണിൽനിന്ന് ഡിഫൻസീവ് മിഡ്ഫീൽഡർ ആന്ദയെ കടന്ന് മുന്നേറിയ സഹൽ പിന്നിൽനിന്നു തന്നെ വീഴ്ത്താൻ നോക്കിയ ഡിഫൻഡർ സന്തോഷിെൻറ നീക്കത്തെയും അതിജയിച്ചു. അടുത്ത നിമിഷം നാല് ഡിഫൻഡർമാർ ചേർന്നൊരുക്കിയ പത്മവ്യൂഹം ഭേദിച്ച് സമർഥമായി വെട്ടിയൊഴിയുന്നതുകണ്ട് മുന്നോട്ടു കയറിയ ഗോൾകീപ്പർ കുമാർ ലിംബുവിെൻറ തലക്കു മുകളിലൂടെ വലയിലേക്ക് നിറയൊഴിക്കുമ്പോൾ ഇന്ത്യ വിജയം പൂർത്തിയാക്കിയിരുന്നു. ഇന്ത്യൻ സീനിയർ ടീമിനായി സഹൽ കുറിച്ച ആദ്യ ഗോൾ കൂടിയായിരുന്നു ഇത്.
'സ്വപ്നതുല്യം' ആ നിമിഷത്തെ സഹൽ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. 'അതിശയം എന്നേ ചിന്തിക്കാൻ കഴിയുന്നുള്ളൂ. ഒരു നിമിഷം ബോക്സിനകത്ത് എന്താണ് ചെയ്തതെന്നുപോലും എനിക്കറിയില്ല. ഈ ഗോളിന് ദൈവത്തിനു നന്ദി' - സഹൽ പറഞ്ഞു.
ഇത്തവണ സാഫ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിലെ ഇന്ത്യൻ ടീമിൽ ഇടംപിടിച്ച ഏക മലയാളിയാണ് കണ്ണൂർ സ്വദേശിയായ സഹൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.