മഴയത്തും കത്തിപ്പടർന്ന റെഡ് കാർഡ് വിവാദം; നാളെ നേപ്പാളിനെതിരായ മത്സരത്തിൽ കോച്ച് ഇഗോർ സ്റ്റിമാക് പുറത്തിരിക്കും
text_fieldsബംഗളൂരു: പാകിസ്താനെതിരായ മത്സരത്തിൽ ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്കിന് റെഡ് കാർഡ് ലഭിച്ചതിനെ തുടർന്നുള്ള വിവാദമാണിപ്പോൾ സാഫ് കപ്പ് ഫുട്ബാളിലെ ചൂടേറിയ ചർച്ച. ഏറെ രാഷ്ട്രീയ മാനമുള്ള ഇന്ത്യ- പാകിസ്താൻ മത്സരത്തിൽ ആതിഥേയ രാജ്യത്തിന്റെ പരിശീലകനിൽനിന്നുണ്ടാവാൻ പാടില്ലാത്തതാണ് സ്റ്റിമാക് ചെയ്തതെന്നാണ് പൊതുവെ വിലയിരുത്തൽ. നിർത്താതെ പെയ്ത മഴയിലും കത്തിപ്പടർന്ന ആവേശക്കളിയിൽ കാര്യങ്ങൾ കൈവിട്ടുപോവാൻ അശ്രദ്ധയുടെ ഒരു തരി കനൽ മതിയാകുമായിരുന്നു.
കോച്ചിന്റെ ബാലിശ പ്രവൃത്തിയെ തുടർന്നുണ്ടായ കൂട്ടപ്പൊരിച്ചിൽ അവസാനിച്ചത് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെയും പാക് ക്യാപ്റ്റൻ ഹസൻ നവീദ് ബഷീറിന്റെയും ഇടപെടൽ കൊണ്ടായിരുന്നു. സുരക്ഷ ഗാർഡുകളെയും പൊലീസിനെയും മറികടന്ന് മൂന്നു തവണ കാണികൾ മൈതാനത്തിറങ്ങിയ മത്സരം കൂടിയായിരുന്നു അത്.
എന്നാൽ, തന്റെ വിവാദപ്രവൃത്തിയെ ന്യായീകരിച്ച് സ്റ്റിമാക് വ്യാഴാഴ്ച രംഗത്തുവന്നു. ആവശ്യമുള്ളപ്പോൾ ഇനിയും അത്തരം പ്രവൃത്തി ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഫുട്ബാൾ സർവോപരി വികാരമാണ്. പ്രത്യേകിച്ചും, രാജ്യത്തിന്റെ നിറത്തിനൊപ്പം നിൽക്കുമ്പോൾ- ഇന്ത്യയുടെയും മാതൃരാജ്യമായ ക്രൊയേഷ്യയുടെയും പതാകയുടെ ചിത്രം സഹിതം അദ്ദേഹം കുറിച്ചു. ''ഞാൻ കഴിഞ്ഞദിവസം ചെയ്ത പ്രവൃത്തിയിൽ നിങ്ങൾക്കെന്നെ വെറുക്കുകയോ സ്നേഹിക്കുകയോ ചെയ്യാം. എന്നാൽ, ഞാനൊരു പോരാളിയാണ്. കളത്തിൽ അനീതികരമായ തീരുമാനങ്ങളുണ്ടാവുമ്പോൾ എന്റെ കുട്ടികളെ സംരക്ഷിക്കാൻ ആവശ്യമെങ്കിൽ ഞാനത് വീണ്ടും ചെയ്യും''- സ്റ്റിമാക് വ്യക്തമാക്കി. ട്വീറ്റിന് താഴെ ‘ജയ് ഹിന്ദ്, ലെറ്റ്സ് ഗോ ക്രൊയേഷ്യ’ എന്ന കമന്റുമിട്ടു.
സ്റ്റിമാക്കിന്റെ പ്രവൃത്തി തെറ്റായിപ്പോയെന്ന് സമ്മതിക്കുന്ന ഇന്ത്യൻ സഹ പരിശീലകൻ മഹേഷ് ഗാവ്ലി പക്ഷേ, അതിന് കൊടുത്ത ശിക്ഷ കുറച്ചു കടുത്തതായി പോയെന്നാണ് കളിക്കുശേഷം അഭിപ്രായപ്പെട്ടത്. ‘ചെയ്യാൻ പാടില്ലാത്തതാണ് അദ്ദേഹം ചെയ്തത്. എന്നാൽ, ശിക്ഷ കൂടിപ്പോയി. പാക് താരങ്ങൾ അദ്ദേഹത്തോട് കയർക്കുകയും തള്ളിമാറ്റുകയും ചെയ്തിരുന്നു. റഫറി അതൊന്നും കണ്ടില്ല. അല്ലെങ്കിൽ അവർക്ക് ചുവപ്പ് കാർഡ് മനഃപൂർവം നൽകിയില്ല. ഞങ്ങളുടെ മാനേജരെ തലകൊണ്ട് ഇടിച്ച പാക് ഒഫീഷ്യലിനുപോലും ചുവപ്പ് കാർഡ് നൽകിയില്ല- ഗാവ്ലി കുറ്റപ്പെടുത്തി.
ബുധനാഴ്ച നടന്ന ഇന്ത്യ- പാകിസ്താൻ മത്സരത്തിലെ 45 ാം മിനിറ്റിലായിരുന്നു ഇന്ത്യൻ കോച്ചും പാക് കളിക്കാരും തമ്മിലെ കശപിശ നടക്കുന്നത്. ഇന്ത്യൻ പ്രതിരോധ താരം പ്രീതം കോട്ടാലും പാക് താരം അബ്ദുല്ല ഇഖ്ബാലും ത്രോ ലൈനിന് സമീപം പന്ത് പിടിച്ചെടുക്കാൻ ശ്രമിക്കവെ പന്ത് ലൈനിന് പുറത്തേക്ക് പോയി. ഇതോടെ പാക് താരം അബ്ദുല്ല ഇഖ്ബാൽ ക്വിക്ക് ത്രോ എടുക്കാൻ ശ്രമിച്ചത് സ്റ്റിമാക് തടഞ്ഞു. ഇഖ്ബാലിന്റെ കൈയിൽനിന്ന് പന്ത് തട്ടിയിട്ട സ്റ്റിമാക് മറ്റൊരു പാക് താരം റഹിസ് നബിയുമായും കൊമ്പുകോർത്തു. ഇതോടെ ഇരു ടീമിലെയും താരങ്ങളും ഒഫീഷ്യലുകളും പാഞ്ഞെത്തി. പാകിസ്താൻ ഗോൾ കീപ്പിങ് കോച്ച് മാഴ്സലോ കോസ്റ്റയും ഇന്ത്യൻ ടീം മാനേജർ ദയാലമണിയും പരസ്പരം തലകൊണ്ടിടിച്ച് വെല്ലുവിളിക്കുന്നതും കാണാമായിരുന്നു. വാക്കേറ്റത്തിനും കൈയാങ്കളിക്കുമൊടുവിൽ റഫറി പ്രജ്വൽ ഛേത്രി സ്റ്റിമാക്കിന് ചുവപ്പുകാർഡ് നൽകി പറഞ്ഞയച്ചു. അസി. കോച്ച് മഹേഷ് ഗാവ്ലിയാണ് പിന്നീട് ടീമിന് തന്ത്രങ്ങൾ മെനഞ്ഞത്. മാഴ്സലോ കോസ്റ്റക്കും മഞ്ഞക്കാർഡ് കിട്ടി.
ആദ്യമായല്ല ഇഗോർ സ്റ്റിമാക്കിന് ചുവപ്പ് കാർഡ് കണ്ട് മൈതാനം വിടേണ്ടി വരുന്നത്. 2021 ലെ സാഫ് കപ്പിൽ മാലദ്വീപിനെതിരായ സെമിഫൈനലിൽ 80ാം മിനിറ്റിൽ ഇന്ത്യ ഒന്നിനെതിരെ മൂന്ന് ഗോളിന് മുന്നിൽ നിൽക്കെ റഫറിക്കെതിരായ പ്രതിഷേധത്തിന്റെ പേരിൽ രണ്ടാം മഞ്ഞക്കാർഡ് വാങ്ങി അദ്ദേഹം പുറത്തുപോയിരുന്നു. സഹപരിശീലകനായിരുന്ന ഷൺമുഖം വെങ്കടേശായിരുന്നു നേപ്പാളിനെതിരായ ഫൈനലിൽ ടീമിന് ഡഗ് ഔട്ടിൽ നിർദേശം നൽകിയത്. നേപ്പാളിനെ തകർത്ത് ഇന്ത്യ എട്ടാം കിരീടം നേടുകയും ചെയ്തു. ചുവപ്പുകാർഡ് ശിക്ഷയോടെ വീണ്ടും നേപ്പാളിനെതിരായ മത്സരത്തിൽ കോച്ച് ഇഗോർ സ്റ്റിമാക് പുറത്തിരിക്കും. ശനിയാഴ്ച വൈകീട്ട് 7.30നാണ് മത്സരം.
പാകിസ്താനെതിരായ ഇന്ത്യയുടെ മികച്ച വിജയങ്ങളിലൊന്നാണ് ബംഗളൂരുവിലേത് (സ്കോർ 4-0). 1999ലെ സാഫ് ഗെയിംസിൽ മലയാളി താരം ഐ.എം. വിജയന്റെ ഹാട്രിക്കിൽ 5-2ന് പാകിസ്താനെ തകർത്തതാണ് ഇതിന് മുമ്പത്തെ വൻജയം. വിജയനും പുരാൻ ബഹാദൂറിനും ശേഷം പാകിസ്താനെതിരെ ഹാട്രിക് നേടുന്ന ഇന്ത്യൻ താരം കൂടിയാണ് 38 കാരനായ ഛേത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.