സഫ്നാദ്-സഹീഫ്; 'മേഘ'വിസ്ഫോടനങ്ങളെ തകർത്തെറിഞ്ഞവർ
text_fieldsമഞ്ചേരി: ആദ്യ ഇലവനിൽ വീണ്ടും അവസരം നൽകിയതിന് ഗോളിലൂടെയായിരുന്നു മുഹമ്മദ് സഫ്നാദിന്റെ മറുപടി. പരാജയത്തിന്‍റെ വക്കിൽനിന്ന് ടീമിനെ സമനിലയിലേക്ക് കൈപിടിച്ചുയർത്തിയായിരുന്നു മുഹമ്മദ് സഹീഫിന്റെ പ്രകടനം. കഴിഞ്ഞ ദിവസം മേഘാലയക്കെതിരെ നടന്ന മത്സരത്തിൽ ഇരുവരുമാണ് കേരളത്തിനായി ഗോളുകൾ നേടിയത്.
പ്രതിരോധത്തിലും മുന്നേറ്റത്തിലും ടീമിന്‍റെ വിശ്വസ്തരാണ് രണ്ടുപേരും. തിരൂർ കൂട്ടായിയിലെ മൗലാന ഫുട്ബാൾ അക്കാദമി താരങ്ങളായിരുന്നു. വയനാട് മേപ്പാടി സ്വദേശിയായ സഫ്നാദ് വയനാടിന് വേണ്ടി ജില്ല ടീമിൽ കളിച്ചിട്ടുണ്ട്. 19കാരന്‍റെ ആദ്യ സന്തോഷ് ട്രോഫിയാണിത്. ബംഗാളിനെതിരെ പകരക്കാരനായാണ് ഇറങ്ങിയത്. മൂന്നാം മത്സരത്തിൽ വീണ്ടും ആദ്യ ഇലവനിൽ അവസരം ലഭിച്ചതോടെ കിട്ടിയ അവസരം ഗോളാക്കി മാറ്റി.
സ്വന്തം കാണികൾക്ക് മുന്നിൽ ഗോളടിക്കാനായതിൽ സന്തോഷമുണ്ടെന്ന് സഫ്നാദ് പറഞ്ഞു. വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളജിലെ ഒന്നാം വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർഥിയാണ്. നജ്മുദ്ദീൻ-ഖദീജ ദമ്പതികളുടെ മകനാണ്. നിലവിൽ കേരള യുനൈറ്റഡ് എഫ്.സിയുടെ മുന്നേറ്റ താരമാണ്.
കൂട്ടായി മൗലാന ഫുട്ബാൾ അക്കാദമിയിലൂടെയാണ് മുഹമ്മദ് സഹീഫ് (19) പ്രഫഷനൽ ഫുട്ബാൾ രംഗത്തേക്ക് എത്തിയത്. ലെഫ്റ്റ് വിങ് ബാക്ക് ആയ താരം സംസ്ഥാന സബ് ജൂനിയർ, ജില്ല ടീമിൽ കളിച്ചു. അരീക്കോട്ട് നടന്ന ജില്ല ടീമിലേക്കുള്ള ക്യാമ്പിലേക്ക് വീട്ടിൽനിന്ന് ദൂരം കൂടുതലായതിനാൽ പാതിവഴിയിൽ നിർത്തി. എന്നാൽ, ഇതറിഞ്ഞ മൗലാന അക്കാദമിയിലെ കോച്ചും കായികാധ്യാപകനുമായ അമീർ അരീക്കോട് സ്വന്തം വീട്ടിൽ നിർത്തി പരിശീലനത്തിന് സൗകര്യം ഒരുക്കി. പിന്നീട് കടപ്പുറത്തിന്‍റെ കരുത്തുമായി കേരള ടീമിന്‍റെ പ്രതിരോധം കാക്കുന്നതിലേക്ക് എത്തി ആ പ്രകടനം.
2018ൽ ബി.സി. റോയ് ട്രോഫിയിൽ കേരളത്തിനായി കളിച്ചു. കഴിഞ്ഞ വർഷം അഖിലേന്ത്യ കിരീടം നേടിയ കാലിക്കറ്റ് സർവകലാശാല ടീമിലും അംഗമായിരുന്നു. തൃശൂർ സെന്‍റ് തോമസ് കോളജിലെ ഒന്നാം വർഷ ബി.എ ഇക്കണോമിക്സ് വിദ്യാർഥിയാണ്. കൂട്ടായി സ്വദേശി ഹരീസിന്‍റെ പുരക്കൽ ഹംസക്കോയ-സഫൂറ ദമ്പതികളുടെ മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.