സഹലിന് പൊന്നും വില.... എങ്ങോട്ട് ?
text_fieldsബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിൽ സഹൽ അബ്ദുൽ സമദ് മഞ്ഞക്കുപ്പായത്തിലുണ്ടാവില്ലെന്നാണ് ഐ.എസ്.എൽ ട്രാൻസ്ഫർ വിപണിയിൽ ഇപ്പോൾ ചൂടേറിയ ചർച്ച. കേരള ബ്ലാസ്റ്റേഴ്സുമായുള്ള ആറു വർഷത്തെ ബന്ധം അവസാനിപ്പിച്ച് സഹൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിലേക്ക് ചേക്കേറുകയാണെന്നാണ് വിവരം. ഇതേക്കുറിച്ച് ഇരു ടീം മാനേജ്മെന്റും ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. സഹലിനെ ചുറ്റിപ്പറ്റി പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ ട്രാൻസ്ഫർ വിപണിയിലെ റെക്കോഡ് തുകക്കാവും കൂടുമാറ്റം.
ചെന്നൈയിൻ എഫ്.സിയിൽനിന്ന് മധ്യനിര താരം അനിരുദ്ധ് ഥാപ്പയെ അഞ്ചു വർഷ കരാറിൽ ടീമിലെത്തിക്കാൻ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ചെലവിട്ട മൂന്നു കോടിയാണ് നിലവിൽ ഒരു ഇന്ത്യൻ താരത്തിന്റെ റെക്കോഡ് ട്രാൻസ്ഫർ തുക. കഴിഞ്ഞ ജൂൺ 23നായിരുന്നു ഥാപ്പയെ ബഗാൻ സ്വന്തമാക്കിയത്. ഇതിനെക്കാൾ കൂടിയ തുകയാണ് സഹലിനെ വിട്ടുനൽകാൻ കേരള ബ്ലാസ്റ്റേഴ്സിന് മോഹൻ ബഗാന്റെ വാഗ്ദാനം. 2.2 കോടി രൂപ ട്രാൻസ്ഫർ മൂല്യമുള്ള സഹലിന് 2025 മേയ് 31 വരെ ബ്ലാസ്റ്റേഴ്സുമായി കരാറുണ്ട്. ബഗാനു പുറമെ ബംഗളൂരു എഫ്.സി, മുംബൈ സിറ്റി എഫ്.സി, ഒഡിഷ എഫ്.സി ടീമുകളും താരത്തിനായി രംഗത്തുണ്ട്. ഇതിനിടെ സഹലിനെ സൗദി ക്ലബുകൾ നോട്ടമിട്ടതായ വാർത്തകളും പുറത്തുവന്നിരുന്നു.
ആരാധകർക്കിടയിൽ ‘ഇന്ത്യൻ ഒസീൽ’ എന്ന് വിളിപ്പേരുള്ള സഹൽ അബ്ദുൽ സമദിന്റെ കരിയറിൽ വഴിത്തിരിവായേക്കാവുന്ന സീസൺ കൂടിയാണിത്. ഈ വർഷം ദേശീയ ജഴ്സിയിൽ ത്രിരാഷ്ട്ര ടൂർണമെന്റിലും ഇന്റർകോണ്ടിനെന്റൽ കപ്പിലും സാഫ് കപ്പിലും തിളങ്ങിയ താരം അറ്റാക്കിങ് മിഡ്ഫീൽഡർ എന്ന പൊസിഷനിൽ ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക്കിന്റെ സ്ഥിരം ആയുധമാണ്. പന്തടക്കവും ഡ്രിബ്ലിങ് മികവും എതിർ പ്രതിരോധത്തെ സ്തബ്ധമാക്കുന്ന അപ്രതീക്ഷിത പാസുകളുമാണ് സഹലിന്റെ കൈമുതൽ. സെക്കൻഡ് അറ്റാക്കർ റോളിൽ കളിക്കുന്ന സഹൽ ഫിനിഷിങ് കൂടി മൂർച്ചപ്പെടുത്തിയാൽ ഭാവിയേറെയുണ്ട്. ഐ.എസ്.എല്ലിന് പുറമെ 2023-24 എ.എഫ്.സി കപ്പും ലക്ഷ്യമിടുന്ന മോഹൻ ബഗാൻ വൻ നിരയെയാണ് ഈ സീസണിൽ കെട്ടിപ്പടുക്കുന്നത്. ആശിച്ച താരങ്ങൾക്കായി എത്ര പണം വേണമെങ്കിലും മുടക്കാൻ മടിയില്ലാത്ത ബഗാൻ ക്ലബ് മാനേജ്മെന്റ് സഹലിന് പിറകെ കണ്ണെറിഞ്ഞിട്ട് ഏതാനും സീസണായി. മലയാളി താരം ആഷിഖ് കുരുണിയൻ ബംഗളൂരു എഫ്.സിയിൽനിന്ന് കഴിഞ്ഞ സീസണിൽ ബഗാനിൽ ചേക്കേറിയിരുന്നു.
യു.എ.ഇയിലെ അൽ ഇത്തിഹാദ് ക്ലബിലൂടെ കളിച്ചുവളർന്ന കണ്ണൂർ സ്വദേശിയായ സഹൽ കേരളത്തിനായി സന്തോഷ് ട്രോഫിയിൽ അരങ്ങേറിയതിന് പിന്നാലെ 2017ലാണ് കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. റിസർവ് ടീമിലായിരുന്നു ആദ്യം ഇടം. പിറ്റേവർഷം മെയിൻ സ്ക്വാഡിലെത്തി. 26കാരനായ സഹൽ ആറു വർഷമായി ബ്ലാസ്റ്റേഴ്സ് ജഴ്സിയിലുണ്ട്. മുൻ കോച്ച് എൽകോ ഷട്ടാരിക്ക് കീഴിൽ ടീമിൽ അവസരങ്ങൾ കുറഞ്ഞ സഹൽ ടീമിൽ പലപ്പോഴും പകരക്കാരന്റെ റോളിലേക്ക് ചുരുങ്ങിയിരുന്നു. പിന്നീട് കിബു വികുനയും നിലവിലെ കോച്ച് ഇവാൻ വുകുമനോവിച്ചുമാണ് സഹലിന്റെ പ്രതിഭയെ തിരിച്ചറിഞ്ഞ് കൂടുതൽ അവസരമൊരുക്കിയത്. മഞ്ഞക്കുപ്പായത്തിൽ ഏറ്റവും കൂടുതൽ മത്സരത്തിൽ ബൂട്ടുകെട്ടിയ ക്രെഡിറ്റുള്ള സഹൽ 97 മത്സരങ്ങളിൽ 10 ഗോളും ഒമ്പത് അസിസ്റ്റും നേടി. ഇന്ത്യക്കായി 25 മത്സരങ്ങളിൽ മൂന്നു ഗോൾ നേടി.
മോഹൻ ബഗാന് ട്രാൻസ്ഫർ ഫീ നൽകി ക്യാപ്റ്റൻ പ്രീതം കോട്ടാലിനെ ബ്ലാസ്റ്റേഴ്സ് വാങ്ങുന്നുവെന്നും റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. ജസൽ കാർനേരോ കൊച്ചി വിട്ടതിനാൽ പകരം ക്യാപ്റ്റൻ സ്ഥാനമാണ് പ്രീതം കോട്ടാലിന് വാഗ്ദാനം ചെയ്തത്. രണ്ടു വർഷം മുമ്പ് പ്രീതമിനൊപ്പം എ.ടി.കെയിലുണ്ടായിരുന്ന പ്രബീർ ദാസിനെ മൂന്നു വർഷ കരാർ നൽകി ബംഗളൂരു എഫ്.സിയിൽനിന്ന് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.