'സ്നേഹത്തിന്റെ സൗന്ദര്യം, ഒത്തുചേരലിന്റെ സന്തോഷം'; വിവാഹചിത്രങ്ങൾ പങ്കുവെച്ച് സഹൽ
text_fieldsഇന്ത്യൻ ഫുട്ബാൾ താരം സഹൽ അബ്ദുൽ സമദിന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ചടങ്ങിന് പിന്നാലെ കൂടുതൽ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സഹൽ. ഫേസ്ബുക്കിലൂടെയാണ് സഹൽ ചിത്രങ്ങൾ പങ്കുവെച്ചത്. സ്നേഹത്തിന്റെ സൗന്ദര്യവും ഒത്തുചേരലിന്റെ സന്തോഷവും ഇവിടെയാണ്, ജീവിതത്തിൽ എക്കാലത്തും ഓർക്കാനുള്ള നിമിഷങ്ങൾ എന്ന കുറിപ്പോടെയാണ് സഹൽ ചിത്രങ്ങൾ ഫേസ്ബുക്കിൽ ഷെയർ ചെയ്തത്.
ബാഡ്മിന്റൻ താരം റെസ ഫർഹത്താണ് സഹലിന്റെ വധു. കൊച്ചിയിൽ നടന്ന വിവാഹ ചടങ്ങിൽ ദേശീയ-അന്തർ ദേശീയ ഫുട്ബാൾ താരങ്ങളായ കെ.പി. രാഹുൽ, സി.കെ. വിനീത്, മുഹമ്മദ് റാഫി, റിനോ ആന്റോ, സചിൻ സുരേഷ് തുടങ്ങിയവർ പങ്കെടുത്തിരുന്നു.
കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. 'എന്റെ പങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞു. കാര്യങ്ങൾ ഔദ്യോഗികമാക്കി' എന്ന അടിക്കുറിപ്പോടെ വിവാഹ നിശ്ചയ ചിത്രങ്ങൾ സഹൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. യു.എ.ഇയിലെ അൽ ഇത്തിഹാദ് ക്ലബിലൂടെ കളിച്ചുവളർന്ന കണ്ണൂർ സ്വദേശിയായ സഹൽ കേരളത്തിനായി സന്തോഷ് ട്രോഫിയിൽ അരങ്ങേറിയതിന് പിന്നാലെ 2017ലാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്.
മഞ്ഞക്കുപ്പായത്തിൽ ഏറ്റവും കൂടുതൽ മത്സരത്തിൽ ബൂട്ടുകെട്ടിയ ക്രെഡിറ്റുള്ള സഹൽ 97 മത്സരങ്ങളിൽ 10 ഗോളും ഒമ്പത് അസിസ്റ്റും നേടി.ഇന്ത്യക്കായി 25 മത്സരങ്ങളിൽ മൂന്നു ഗോൾ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.