'ഇതാണ് എെൻറ നാട്, എെൻറ ആളുകൾ, എെൻറ വീട്'-സഹൽ ബ്ലാസ്റ്റേഴ്സ് വിടില്ല; 2025വരെ
text_fieldsകൊച്ചി: അഭ്യൂഹങ്ങൾക്ക് വിരാമമായി. മലയാളക്കരയുടെ ആവേശമായ യുവ ഫുട്ബാൾ താരം കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരും. ഒന്നും രണ്ടും വർഷമല്ല. 2025വരെ താരം മഞ്ഞപ്പടയിൽ തന്നെ തുടരും. പുതിയ കരാർ വിവരം ക്ലബ് പുറത്തുവിട്ടു.
''കുട്ടിക്കാലം തൊട്ടെ എെൻറ ഏറ്റവും വലിയ അഭിനിവേശവും പ്രതിബദ്ധതയുമാണ് ഫുട്ബോൾ. പ്രൊഫഷണൽ കരിയറിെൻറ തുടക്കം മുതൽ, കെ.ബി.എഫ്‌സിയുടെ ജേഴ്സിയണിഞ്ഞ് ആവേശഭരിതരായ ആരാധകർക്ക് മുന്നിൽ കളിക്കുന്നത് ഞാൻ ശരിക്കും ആസ്വദിച്ചു. വരും വർഷങ്ങളിൽ ക്ലബിനും എനിക്കും വേണ്ടി കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇതാണ് എെൻറ നാട്, എെൻറ ആളുകൾ, എെൻറ വീട്. ഞാൻ ഇവിടെതന്നെ തുടരും."- കരാർ പുതുക്കി സഹൽ പറഞ്ഞു.
കണ്ണൂർ സ്വദേശിയായ 23 കാരൻ സഹൽ യു.എ.ഇയിലെ അൽഐനിലാണ് ജനിച്ചത്. എട്ടാം വയസ്സിൽ അബുദാബിയിലെ അൽ-ഇത്തിഹാദ് സ്പോർട്സ് അക്കാദമിയിൽ ഫുട്ബോൾ കളിക്കാൻ ആരംഭിച്ചു. ഇന്ത്യയിലെത്തിയതിന് ശേഷം കണ്ണൂരിലെ യൂനിവേഴ്സിറ്റി തലത്തിൽ ഫുട്ബോൾ കളിക്കുന്നത് തുടർന്നു. മികച്ച പ്രകടനങ്ങളെ തുടർന്ന് അണ്ടർ 21 കേരള ടീമിലും, സന്തോഷ് ട്രോഫി ടീമിലും ഇടം ലഭിച്ചു. സഹലിെൻറ കളിമികവ് കണ്ടെത്തിയ കെ.ബി.എഫ്.സി അദ്ദേഹത്തെ ക്ലബ്ബിെൻറ ഭാഗമാക്കി.
തെൻറ ആദ്യത്തെ പ്രൊഫഷണൽ കരാർ ഒപ്പിട്ട ശേഷം 2017-18 ഐ-ലീഗ് രണ്ടാം ഡിവിഷനിൽ റിസർവ് ടീമിനായി കളിച്ചു. 2018-19 ഐ.എസ്.എൽ സീസൺ ഈ യുവ പ്രതിഭക്ക് ഒരു വഴിത്തിരിവായിരുന്നു. എതിരാളികളായ ചെന്നൈയിൻ എഫ്.സിക്കെതിരെ ക്ലബിനായി തെൻറ ആദ്യ ഗോൾ നേടിയ സഹൽ, ഇതുകൂടാതെ 37 ഐ.എസ്.എൽ മത്സരങ്ങളിൽ നിന്നായി രണ്ടു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ഐ.എസ്.എൽ എമർജിംഗ് പ്ലെയർ ഓഫ് ദി സീസൺ, എ.ഐ.എഫ്.എഫ് എമർജിംഗ് പ്ലെയർ ഓഫ് ദ ഇയർ എന്നിവ നേടി സഹൽ ആരാധകരുടെ പ്രിയങ്കരനായി മാറി.
സഹലിെൻറ മികച്ച പ്രകടനങ്ങൾ അദ്ദേഹത്തെ ദേശീയ ടീമിലെത്തിച്ചു. 2019 മാർച്ചിൽ ദേശീയ അണ്ടർ 23 ടീമിനൊപ്പം ചേർന്ന സഹൽ, അതേവർഷം ജൂണിൽ കുറകാവോയ്‌ക്കെതിരായ കിംങ്സ് കപ്പ് മത്സരത്തിൽ സീനിയർ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചു. ആരാധകർ ആവേശത്തോടെ "ഇന്ത്യൻ ഓസിൽ' എന്ന് വിളിക്കുന്ന സഹൽ രാജ്യാന്തര തലത്തിൽ കേരളത്തിൽ നിന്ന് ഉയർന്നുവരുന്ന താരങ്ങളിൽ ഒരാളാണ്.
"ക്ലബ്ബിനൊപ്പം സഹൽ തുടരുന്നത് കേരളത്തിനോടുള്ള അദ്ദേഹത്തിെൻറ പ്രതിബദ്ധതയെ വീണ്ടും ഉറപ്പിക്കുന്നതാണ്. ഒപ്പം വലിയ ഉത്തരവാദിത്തവും. അടുത്ത അഞ്ചുവർഷത്തേക്ക് അദ്ദേഹത്തെ ക്ലബിെൻറ ഭാഗമാക്കുന്നതിലൂടെ ആരാധകർക്ക് വരാനിരിക്കുന്ന സീസണുകളിൽ പ്രിയപ്പെട്ട കളിക്കാരെൻറ കളി ആസ്വദിക്കാനുള്ള അവസരം ലഭിക്കും. ആരാധകരുടെ ഈ സന്തോഷത്തിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്''- സഹലിെൻറ കരാർ വിപുലീകരണത്തെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.