ഗോളടിച്ച് സഹൽ; ഐ.എസ്.എൽ ഫൈനലിലേക്ക് കുതിച്ച് മോഹൻ ബഗാൻ
text_fieldsകൊൽക്കത്ത: സാൾട്ട് ലേക് മൈതാനത്തെ തീപിടിപ്പിച്ച ആവേശപ്പോരിൽ മലയാളി താരം സഹൽ അബ്ദുൽ സമദും ജേസൺ കമിങ്സും നേടിയ ഗോളുകളിൽ ഒഡിഷ എഫ്.സിയെ വീഴ്ത്തി മോഹൻ ബഗാൻ വീണ്ടും ഐ.എസ്.എൽ ഫൈനലിൽ. സെമി ഫൈനൽ ആദ്യപാദത്തിൽ വഴങ്ങിയ ഒരു ഗോൾ ലീഡിനെതിരെ ഇരുപകുതികളിലായി രണ്ടുവട്ടം തിരിച്ചടിച്ചാണ് (ആകെ സ്കോർ 3-2) നിലവിലെ ചാമ്പ്യന്മാർ കലാശപ്പോരിലേക്ക് ടിക്കറ്റുറപ്പിച്ചത്. മേയ് നാലിലെ ഫൈനലിൽ ഇന്ന് മുംബൈയിൽ നടക്കുന്ന മുംബൈ സിറ്റി-എഫ്.സി ഗോവ രണ്ടാം സെമി വിജയികളെ നേരിടും.
ഒന്നാം മിനിറ്റിൽ ബഗാനുവേണ്ടി പെട്രാറ്റോസും കമിങ്സും ചേർന്ന് നടത്തിയ ഗോൾനീക്കത്തോടെയാണ് മൈതാനമുണർന്നത്. 22ാം മിനിറ്റിൽ ഇരുവരും ചേർന്ന് ഗോളും നേടി. ബോക്സിനു പുറത്തുനിന്ന് പെട്രാറ്റോസ് അടിച്ച ഷോട്ട് ഒഡിഷ ഗോളി അംരീന്ദർ തടുത്തിട്ടെങ്കിലും കാലിൽ കിട്ടിയ കമിങ്സ് അനായാസം വല കുലുക്കുകയായിരുന്നു. ഇതോടെ ശരാശരി തുല്യതയായതോടെ അടിച്ചുകയറാൻ ഒഡിഷ മൈതാനം നിറഞ്ഞോടുന്നതായിരുന്നു പിന്നീടുള്ള കാഴ്ച.
പ്രതിരോധം ശക്തമാക്കി ഗോൾശ്രമങ്ങൾ തടഞ്ഞ ബഗാൻ ഇടക്ക് ഒഡിഷ ബോക്സിലും അപായം വിതച്ചു. 71ാം മിനിറ്റിൽ ഥാപക്ക് പകരം സഹൽ ഇറങ്ങിയതോടെ ആതിഥേയ ആക്രമണങ്ങൾക്ക് മൂർച്ച കൂടി. ഇഞ്ച്വറി സമയത്ത് വലതുവിങ്ങിൽ മൻവീർ സിങ് നടത്തിയ മനോഹര നീക്കം ഒഡിഷ ഗോളിക്കു മുന്നിൽ എത്തുന്നത് സഹലിന് പാകമായി. കാലിലും തലയിലും രണ്ടുവട്ടം സ്പർശിച്ച പന്ത് ഗോളിയെ കടന്ന് വലയിൽ കടന്നതോടെ ബഗാൻ ഫൈനലിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.