വിജയാഘോഷത്തിൽ നുഴഞ്ഞുകയറി ലോകകപ്പ് കൈയിലെടുത്തു; യു.എസ് ഓപ്പൺ കപ്പ് ഫൈനലിൽ പങ്കെടുക്കുന്നതിന് ‘സാൾട്ട് ബേ’ക്ക് വിലക്ക്
text_fieldsഖത്തർ ലോകകപ്പിൽ അർജന്‍റീന കിരീടം ചൂടിയതിനു പിന്നാലെ മെസ്സിയുടെയും കൂട്ടരുടെയും വിജയാഘോഷത്തിലേക്ക് നുയഞ്ഞുകയറി വിശ്വകിരീടം കൈയിലെടുത്ത് ചുംബിച്ച പ്രമുഖ ടർക്കിഷ് പാചക വിദഗ്ധൻ സാൾട്ട് ബേ എന്നറിയപ്പെടുന്ന നസ്ർ-എറ്റ് ഗോക്‌സെയെ യു.എസ് ഓപ്പൺ കപ്പ് ഫൈനലിൽനിന്ന് വിലക്കി.
ലോകകപ്പ് കിരീടം കൈയിലെടുത്ത് നിൽക്കുന്നതിന്‍റെ ചിത്രങ്ങളും വിഡിയോയും ഇദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. മുൻ താരങ്ങൾ ഉൾപ്പെടെ ഒട്ടേറെപേരാണ് സാൾട്ട് ബേക്കെതിരെ വിമർശനവുമായി രംഗത്തുവന്നത്. 1914ൽ തുടങ്ങിയ അമേരിക്കയിലെ ഏറ്റവും പഴക്കമേറിയതും പ്രസിദ്ധവുമായ സോക്കർ ടൂർണമെന്റാണ് യു.എസ് ഓപ്പൺ കപ്പ്. അമേരിക്കയിലെ ഏറ്റവും ദൈർഘ്യമേറിയ ടൂർണമെന്‍റുകൂടിയാണിത്.
2023 ഓപ്പൺ കപ്പ് ഫൈനലിൽനിന്ന് സാൾട്ട് ബേയെ വിലക്കിയതായി ഓപ്പൺ കപ്പിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അറിയിച്ചത്. 20 മില്യൺ ഡോളർ വിലമതിക്കുന്ന 18 കാരറ്റ് സ്വർണ ട്രോഫി തെരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രമേ തൊടാൻ അവസരമുള്ളൂ. ഫിഫയുടെ നിയമാവലി പ്രകാരം, ഫിഫ ലോകകപ്പ് മുൻ ജേതാക്കൾക്കും രാഷ്ട്രതലവന്മാർക്കും തെരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്കും വിജയികൾക്കും മാത്രമേ ലോകകപ്പ് ട്രോഫി തൊടാനും പിടിക്കാനും അനുവാദമുള്ളൂ.
സാൾട്ട് ബേയെ വിലക്കിയുള്ള തീരുമാനത്തെ പലരും ട്വിറ്ററിൽ സ്വാഗതം ചെയ്തു. ഒരു തുർക്കി പൗരനെന്ന നിലയിൽ ഇത് തന്നെ വളരെയധികം സന്തോഷിപ്പിച്ചെന്നും നന്ദിയുണ്ടെന്നും ഒരാൾ ട്വിറ്ററിൽ കുറിച്ചു. ആഘോഷത്തിനിടെ ലയണൽ മെസ്സിയുടെ അടുത്തെത്തി സാൾട്ട് ബേ ചിത്രമെടുക്കാൻ ശ്രമിക്കുന്നതിന്‍റെ വിഡിയോയും പുറത്തുവന്നിരുന്നു.
എയ്ഞ്ചൽ ഡി മരിയ, ക്രിസ്റ്റ്യൻ റൊമേരോ ഉൾപ്പെടെ വിവിധ താരങ്ങൾക്കൊപ്പം ചിത്രം പകർത്തുകയും അവരുടെ മെഡൽ കടിച്ചുപിടിക്കുകയും ചെയ്യുന്നതിന്‍റെയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.