സന്തോഷ് ട്രോഫി: ആദ്യ മത്സരത്തിൽ കേരളം ഇന്ന് റെയിൽവേസിനെതിരെ
text_fieldsകോഴിക്കോട്: ഗ്രൗണ്ട് പരിചയത്തിന്റെയും മികച്ച സ്ക്വാഡിന്റെയും ആത്മവിശ്വാസത്തിൽ സന്തോഷ് ട്രോഫി ഗ്രൂപ് എച്ചിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ കേരള ടീം ബുധനാഴ്ച റെയിൽവേസിനെ നേരിടും. കോർപറേഷൻ സ്റ്റേഡിയത്തിൽ വൈകീട്ട് 3.30നാണ് കളി. ടീം പ്രഖ്യാപനത്തിനുശേഷം നടന്ന ആദ്യ പ്രാക്ടീസ് മാച്ചിൽതന്നെ ഒത്തിണക്കവും ടീം സ്പിരിറ്റും നേടിയാണ് ആതിഥേയർ റെയിൽവേസിനെ നേരിടുന്നത്. ദേശീയതാരമായ ഷിജു സ്റ്റീഫന്റെ നേതൃത്വത്തിലിറങ്ങുന്ന റെയിൽവേസിനെതിരെ സർവസന്നാഹത്തോടെയുമാണ് അഞ്ചുതവണ സന്തോഷ് ട്രോഫി ഫുട്ബാളിൽ കളിച്ച് പരിചയമുറപ്പിച്ച ജി. സഞ്ജുവിന് കീഴിൽ കേരളത്തിന്റെ വരവ്.
എട്ടാം തവണ സന്തോഷ് ട്രോഫി കിരീടം പ്രതീക്ഷിക്കുന്ന കേരള ടീമിന്റെ കരുത്ത് കളിക്കാരുടെ പ്രായക്കുറവും മത്സരങ്ങളിലെ പരിചയവുമാണ്. കഴിഞ്ഞവർഷം ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയ ടീം പക്ഷേ ക്വാർട്ടർ ഫൈനലിൽ മടങ്ങി. കാലിക്കറ്റ് എഫ്.സിയുടെ ഗോളടിയന്ത്രം ഗനി അഹമ്മദ് നിഗം ഉൾപ്പെടെ സൂപ്പർ ലീഗ് കേരളയിൽ കളിച്ച എട്ടു താരങ്ങളിലാണ് പ്രധാന പ്രതീക്ഷ. സൂപ്പർ ലീഗിൽ ഏറ്റവും കുറച്ച് ഗോൾ വഴങ്ങിയ ഫോഴ്സ കൊച്ചിയുടെ ഗോൾകീപ്പർ പാലക്കാടുകാരൻ എസ്. ഹജ്മൽ സ്ക്വാഡിന്റെ ഉപനായകനുമാണ്. പ്രതിരോധനിരയിലും മധ്യനിരയിലും ഏഴുപേരെ വീതവും അറ്റാക്കിങ്ങിന് അഞ്ചുപേരെയുമാണ് കേരളം കോഴിക്കോട്ട് ഒരുക്കിനിർത്തിയത്.
പ്രതിരോധ പട്ടികയിൽ മുഹമ്മദ് അസ് ലം, ജോസഫ് ജസ്റ്റിൻ, ആദിൽ അമൽ, എം. മനോജ്, പി.ടി മുഹമ്മദ് റിയാസ്, ജി. സഞ്ജു, മുഹമ്മദ് മുഷറഫ് എന്നിവരുണ്ട്. സ്ട്രൈക്കർമാരായ ഗനി നിഗം, വി. അർജുൻ, ടി. ഷിജിൻ, ഇ. സജീഷ്, മുഹമ്മദ് അജ്സൽ എന്നിവർ ഏതു ദിശയിൽനിന്നും പന്ത് വലയിലാക്കാൻ കെൽപുള്ളവരാണ്. ക്രിസ്റ്റി ഡേവിസ്, മുഹമ്മദ് അഷ്റഫ്, പി.പി. മുഹമ്മദ് റോഷൽ, നസീബ് റഹ്മാൻ, സൽമാൻ കള്ളിയത്ത്, നിജോ ഗിൽബർട്ട്, മുഹമ്മദ് റിഷാദ് ഗഫൂർ എന്നിവർ മീഡ്ഫീൽഡർമാരായുള്ള കേരളം വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. 17 വയസ്സുകാരൻ മുഹമ്മദ് റിഷാദ് ഗഫൂർ കേരളത്തിന്റെ പ്രായം കുറഞ്ഞ താരമാണ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ രാവിലെ പുതുച്ചേരിയെ ലക്ഷദ്വീപ് നേരിടും.
റെയിൽവേസിൽ ആറ് മലയാളം
ആറു മലയാളികളെ അണിരത്തി റെയിൽവേസ് ബുധനാഴ്ച കേരളത്തിനെതിരെ കളത്തിലിറങ്ങും. അസം, കർണാടക, മഹാരാഷ്ട്ര, മണിപ്പൂർ, പഞ്ചാബ് എന്നിവിടങ്ങളിൽനിന്നുള്ള ഐ.എസ്.എൽ താരങ്ങൾ ഉൾപ്പെടെയുള്ളവരാണ് ടീമിന്റെ ശക്തി. തിരുവനന്തപുരം സ്വദേശി ഷിജു സ്റ്റീഫനാണ് റെയിൽവേസ് ക്യാപ്റ്റൻ. പ്രതിരോധനിലയിൽ ക്യാപ്റ്റനൊപ്പം മലപ്പുറം സ്വദേശി പി. ഫസീനും സ്ട്രൈക്കർ പാലക്കാട് സ്വദേശി എസ്. ആഷിഖും കളത്തിലിറങ്ങും. കണ്ണൂർ സ്വദേശി സിദ്ധാർഥും ഗോൾകീപ്പർ പട്ടികയിലുണ്ട്. തിരുവനന്തപുരം സ്വദേശിയായ ജോൺസൺ സെൻട്രൽ വിങ്ങിലും മലപ്പുറം സ്വദേശി അബ്ദുറഹീം വലതു വിങ്ങിലും റെയിൽവേക്കുവേണ്ടി കളത്തിലിറങ്ങും.
കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ ക്യാപ്റ്റനും അഞ്ചു തവണ സന്തോഷ് ട്രോഫി താരവുമായ പി.വി. വിനോയ് സഹപരിശീലകനും കേരള അണ്ടർ 23 മുൻ ക്യാപ്റ്റൻ വി.രാജേഷ് ടീം മാനേജരുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.