സന്തോഷ് ട്രോഫി 2022: കേരള ടീമിനെ പരിചയപ്പെടാം...
text_fieldsവി. മിഥുൻ
29 വയസ്സ്. പരിചയസമ്പന്നനായ ഗോൾ കീപ്പർ. 2017-18ൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കേരളത്തിന് രക്ഷകനായി കിരീടം നേടിക്കൊടുത്ത താരം. 2019-20ൽ ദക്ഷിണമേഖല യോഗ്യത റൗണ്ടിൽ ക്യാപ്റ്റനായിരുന്നു. 2015 മുതൽ 19 വരെ അഞ്ച് തവണ ടീമിലിടം നേടി. കണ്ണൂർ സ്വദേശിയായ മിഥുൻ എസ്.ബി.ഐ ഉദ്യോഗസ്ഥനാണ്. കേരള യുനൈറ്റഡ് എഫ്.സിയുടെ താരം.
എസ്. ഹജ്മൽ
27 വയസ്സ്. അഞ്ചാം സന്തോഷ് ട്രോഫിയിൽ കളിക്കാനൊരുങ്ങുന്ന ഗോൾ കീപ്പർ. കെ.എസ്.ഇ.ബിയുടെ വിശ്വസ്ത താരം. കഴിഞ്ഞ ദിവസം സമാപിച്ച കേരള പ്രീമിയർ ലീഗിലെ മികച്ച ഗോളി. പാലക്കാട് സ്വദേശി.
ജി. സഞ്ജു
28 വയസ്സ്. രണ്ടു വർഷം മുമ്പ് ദക്ഷിണമേഖല യോഗ്യത മത്സരങ്ങൾ ജയിച്ച കേരള ടീമംഗം. കേരള പൊലീസിന്റെ പ്രതിരോധ ഭടൻ. എറണാകുളം സ്വദേശിയാണ്.
സോയൽ ജോഷി
20 വയസ്സ്. അണ്ടർ 21 താരം. കെ.പി.എൽ ജേതാക്കളായ ഗോൾഡൻ ത്രഡ്സ് എഫ്.സിയുടെ പ്രതിരോധ താരം. കെ.പി.എല്ലിലെ പ്രകടനം സന്തോഷ് ട്രോഫി ടീമിലേക്കുള്ള വഴി തുറന്നു. കന്നി ചാമ്പ്യൻഷിപ്. എറണാകുളം സ്വദേശി.
മുഹമ്മദ് ബാസിത്
20 വയസ്സ്. കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീം പ്രതിരോധ താരം. മുംബൈയിൽ റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്സ് പദ്ധതിയിലൂടെ വളർന്ന താരം. രണ്ടു വർഷമായി ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിനൊപ്പം.കോഴിക്കോട് മാത്തോട്ടം സ്വദേശി. സന്തോഷ് ട്രോഫിയിൽ ആദ്യം.
അജയ് അലക്സ്
24 വയസ്സ്. കെ.പി.എൽ ഫൈനലിലെ മനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ ശ്രദ്ധേയനായ ഡിഫൻഡർ. ഗോൾഡൻ ത്രഡ്സ് നായകൻ. അഖിലേന്ത്യ അന്തർ സർവകലാശാല ചാമ്പ്യൻഷിപ്പിൽ മൂന്ന് വട്ടം എം.ജി സർവകലാശാലയുടെ ജെഴ്സിയണിഞ്ഞു. സന്തോഷ് ട്രോഫിയിൽ ആദ്യമായി കളിക്കുന്നു.
മുഹമ്മദ് ഷഈഫ്
19 വയസ്സ്. ടീമിലെ ബേബി. അണ്ടർ 21 താരം. കന്നി സന്തോഷ് ട്രോഫി. പറപ്പൂർ എഫ്.സിയുടെ ഡിഫൻഡർ. 2018ൽ ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിൽ കേരളനിരയിൽ കളിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി.
ബിബിൻ അജയൻ
24 വയസ്സ്. ഗോൾഡൻ ത്രഡ്സ് എഫ്.സിയുടെ പ്രതിരോധത്തിൽ കെ.പി.എല്ലിൽ തിളങ്ങി. സന്തോഷ് ട്രോഫിയിൽ ഇതാദ്യം. എറണാകുളം സ്വദേശി.
ജിജോ ജോസഫ്
30 വയസ്സ്. കേരളം ആതിഥേയരാകുമ്പോൾ നായകസ്ഥാനമെന്ന നേട്ടം. മിഡ്ഫീൽഡർ. മുമ്പ് വൈസ് ക്യാപ്റ്റനായിരുന്നു. ഇത് ഏഴാം സന്തോഷ്ട്രോഫി. എസ്.ബി.ഐയിൽ തിരുവനന്തപുരത്ത് ക്ലാർക്ക്. നിലവിൽ കെ.എസ്.ഇ.ബിയുടെ അതിഥി താരം. തൂശൂർ തിരൂർ സ്വദേശി.
നിജോ ഗിൽബർട്ട്
23 വയസ്സ്. കേരള ബ്ലാസ്റ്റേഴ്സിലായിരുന്ന ഈ മിഡ്ഫീൽഡർ അടുത്തിടെ കെ.എസ്.ഇ.ബിയിൽ ചേർന്നു. ഖേലോ ഇന്ത്യ കേരള ടീമംഗമായിരുന്നു. തിരുവനന്തപുരം സ്വദേശി. സന്തോഷ് ട്രോഫിയിൽ ആദ്യം.
മുഹമ്മദ് റാഷിദ്
29 വയസ്സ്. ഗോകുലം കേരളയുടെ കരുത്തനായ മിഡ്ഫീൽഡർ. ഡ്യുറാന്റ് കപ്പിലും ഐ ലീഗിലും ഗോകുലം ജയിച്ചപ്പോൾ ടീമിലുണ്ടായിരുന്നു.
എം. ഫസലുറഹ്മാൻ
27 വയസ്സ് മിഡ്ഫീൽഡർ. സാറ്റ് തിരൂരിന്റെ താരം. മലപ്പുറം സ്വദേശി. സന്തോഷ് ട്രോഫിയിൽ കന്നിപോരാട്ടം.
എൻ.എസ്. ഷിഗിൽ
19 വയസ്സ്. അണ്ടർ 21 താരം. ബംഗളൂരു എഫ്.സിയുടെ ജൂനിയർ ടീമംഗം. ദേശീയ സബ്ജൂനിയർ ചാമ്പ്യഷിപ്പിൽ കേരളത്തിന്റെ ജഴ്സിയണിഞ്ഞു. മലപ്പുറം സ്വദേശിയാണ് ഈ മിഡ്ഫീൽഡർ. സന്തോഷ് ട്രോഫിയിൽ ആദ്യം.
പി.എൻ. നൗഫൽ
22 വയസ്സ്. ബാസ്കോ ഒതുക്കുങ്ങലിന്റെ മിഡ്ഫീൽഡ് താരം. കോസ്മോസ് തിരുവമ്പാടിയിലൂടെ കാൽപ്പപന്തു കളിയിലേക്കെത്തി. ചേലേമ്പ്ര എൻ.എൻ.എം എച്ച്.എസിലൂടെ വളർന്ന താരം. അണ്ടർ 21 ഖേലോ ഇന്ത്യയിൽ കേരളത്തിന്റെ ജഴ്സിയണിഞ്ഞു. കോഴിക്കോട് സ്വദേശി. സന്തോഷ് ട്രോഫിയിൽ ആദ്യം.
അർജുൻ ജയരാജ്
26 വയസ്സ്. മിഡ്ഫീൽഡർ. ഗോകുലം കേരളയിലും കേരള ബ്ലാസ്റ്റേഴ്സിലും കളിച്ചു. സുബ്രതോ കപ്പിൽ റണ്ണേഴ്സപ്പായ ടീമിലംഗം. അണ്ടർ 17, 19 ദേശീയ സ്കൂൾ ഫുട്ബാൾ ചാപ്യൻഷിപ്പിലെ കേരള ടീമംഗം. നിലവിൽ കേരള യുനൈറ്റഡ് എഫ്.സിയുടെ ക്യാപ്റ്റൻ. സന്തോഷ് ട്രോഫിയിൽ ആദ്യം.
പി. അഖിൽ
29 വയസ്സ്. 2019ലെ സന്തോഷ്ട്രോഫിയിൽ കളിച്ചു. കേരള യുനൈറ്റഡ് എഫ്.സിയുടെ മിഡ്ഫീൽഡർ. ഓസോൺ എഫ്.സിയിലും മിനർവ പഞ്ചാബിലും ബൂട്ടണിഞ്ഞു. എറണാകുളം സ്വദേശി.
കെ. സൽമാൻ
27 വയസ്സ്. മിഡ്ഫീൽഡർ. ഗോകുലം കേരളയിൽ ഐ ലീഗിലടക്കം പന്ത് തട്ടി. സന്തോഷ് ട്രോഫിയിൽ ആദ്യതവണ. മലപ്പുറം തിരൂർ സ്വദേശി.
എം. വിഘ്നേഷ്
26 വയസ്സ്. ഫോർവേഡ്. ടീമിലെ 'അതിഥി' താരം. തമിഴ്നാട് കന്യാകുമാരി പൂത്തറ സ്വദേശി. കെ.പി.എല്ലിൽ കെ.എസ്.ഇ.ബിയുടെ നിരയിലെ ഗംഭീരപ്രകടനത്തിന്റെ പ്രതിഫലമായി കൂടിയെത്തിയ ടീമംഗത്വം. കന്നി സന്തോഷ് ട്രോഫി.
ടി.കെ. ജസിൻ
22 വയസ്സ്. കേരള യുനൈറ്റഡ് എഫ്.സിയുടെ ഫോർവേഡ്. സന്തോഷ്ട്രോഫിയിൽ ആദ്യ അവസരം. മലപ്പുറം സ്വദേശി.
മുഹമ്മദ് സഫ്നാദ്
20 വയസ്സ്. വയനാട്ടുകാരനായ സഫ്നാദ് കേരള യുനൈറ്റഡ് എഫ്.സിയുടെ ഫോർവേഡാണ്. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കളിച്ചിട്ടുണ്ട്. കന്നി സന്തോഷ് ട്രോഫി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.