രണ്ടു ഗോൾ ജയം; സന്തോഷ് ട്രോഫിയിൽ കേരളം ക്വാർട്ടറിൽ
text_fieldsഇറ്റനഗര്‍: സന്തോഷ് ട്രോഫി ഫുട്ബാളിൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി കേരളം. യുപിയയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ നടന്ന നിർണായക മത്സരത്തിൽ ആതിഥേയരായ അരുണാചൽ പ്രദേശിനെതിരെ മറുപടിയില്ലാത്ത രണ്ട് ഗോളിനായിരുന്നു ജയം.
പിന്നാലെ ഗോവ-മേഘാലയ കളി സമനിലയിൽ പിരിഞ്ഞതോടെ സർവിസസിനെതിരായ അവസാന പോരാട്ടത്തിന് കാത്തിരിക്കാതെതന്നെ കേരളത്തിന് (7) ക്വാർട്ടർ ബെർത്ത് ലഭിച്ചു. സർവിസസ് (9), ഗോവ (8), അസം (6) ടീമുകളും ഗ്രൂപ് എയിൽ നിന്ന് അവസാന എട്ടിലുണ്ട്. ഒരു കളി മാത്രം ബാക്കിയുള്ള നിലവിലെ റണ്ണറപ്പ് മേഘാലയയും (2) അരുണാചലും (1) പുറത്തായി. നാല് മത്സരങ്ങളിൽ രണ്ട് ജയവും ഓരോ തോൽവിയും സമനിലയുമായി ഏഴ് പോയന്റോടെ മൂന്നാം സ്ഥാനത്താണ് കേരളമിപ്പോൾ.
അരുണാചലിനെതിരെ 35ാം മിനിറ്റിൽ മുഹമ്മദ് ആഷിഖും 52ൽ വി. അർജുനും കേരളത്തിനായി സ്കോർ ചെയ്തു. നാല് മാറ്റങ്ങളുമായാണ് പരിശീലകൻ സതീവൻ ബാലൻ ടീമിനെ ഇന്നിറങ്ങിയത്. പ്രതിരോധത്തില്‍ ബെല്ജിന് പകരം ആര്. ഷിനുവും മധ്യനിരയില്‍ വി. അര്ജുന് പകരം ഗിഫ്റ്റി ഗ്രേഷ്യസും റിസ് വാൻ അലിക്ക് പകരം മുഹമ്മദ് സഫ്നീദും മുന്നേറ്റത്തില്‍ ഇ. സജീഷിന് പകരം മുഹമ്മദ് ആഷിഖും ആദ്യ ഇലവനിലെത്തി. കളിയുടെ തുടക്കം മുതൽ അരുണാചൽ ഗോൾ മുഖത്ത് കേരളം അപകടം വിതറി. ആതിഥേയരുടെ പ്രത്യാക്രമണം പ്രതിരോധനിര ചെറുത്തു. കേരളത്തിന് ലഭിച്ച അവസരങ്ങളെല്ലാം ലക്ഷ്യം കണ്ടിരുന്നെങ്കിൽ അര ഡസൻ ഗോളിനെങ്കിലും ടീം ജയിക്കേണ്ടതായിരുന്നു.
ഗോൾ രഹിതമായ ആദ്യ അരമണിക്കൂറിന് ശേഷം കേരളം ലീഡ് പിടിച്ചു. ഹാഫിൽനിന്ന് ലഭിച്ച പന്തുമായി വലതുവിങ്ങിലൂടെ സഫ്നീദിന്റെ മുന്നേറ്റം. പിന്നെ ബോക്സിലേക്ക് സഫ്നീദിന്റെ ക്രോസ്. മാർക്ക് ചെയ്യാനുണ്ടായിരുന്ന താരം നോക്കിനിൽക്കവെ ഹെഡ്ഡറിലൂടെ ആഷിഖ് പന്ത് വലയിലാക്കി. രണ്ടാം പകുതിയിൽ ഗ്രിഫ്റ്റിക്ക് പകരക്കാരനായെത്തിയ അർജുൻ 52ാം മിനിറ്റിൽ ഗോൾ നേടി. ഷിനുവിന്റെ ത്രോ ഇന്നിലെത്തിയ പന്ത് അരുണാചൽ താരം ബോക്സിൽ നിന്ന് ഹെഡ് ചെയ്തകറ്റിയെങ്കിലും എത്തിയത് അർജുന്റെ കാലിൽ. എതിർ ടീം താരങ്ങൾക്കിടയിലൂടെ അർജുൻ നിറയൊഴിച്ചത് ഗോളിയുടെ കൈയിലും കാലിലും തട്ടി വലയിലേക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.