സർവിസസിന് ഏഴാം സന്തോഷ് ട്രോഫി കിരീടം; ഫൈനലിൽ ഗോവയെ വീഴ്ത്തിയത് ഒരു ഗോളിന്
text_fieldsഇട്ടനഗർ: സന്തോഷ് ട്രോഫി ഫുട്ബാളിൽ ഇടവേളക്ക് ശേഷം വീണ്ടും കിരീടം ചൂടി സർവിസസ്. ഫൈനലിൽ ഗോവയെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപിച്ചത്. മലയാളി താരങ്ങളുടെ മികവിലായിരുന്നു കിരീടനേട്ടം. 67ാം മിനിറ്റിൽ രാഹുൽ രാമകൃഷ്ണന്റെ അസിസ്റ്റിൽ പി.പി ഷഫീൽ സ്കോർ ചെയ്തു.
പട്ടാള ടീമിന്റെ ഏഴാം കിരീടമാണിത്. ആറാം കിരീടം തേടിയ ഗോവയുടെ പോരാട്ടം വൃഥാവിലായി. യു.പിയിലെ ഗോള്‍ഡന്‍ ജൂബിലി സ്‌റ്റേഡിയത്തില്‍ ശനിയാഴ്ച രാത്രി നടന്ന മത്സരത്തിൽ ഒപ്പത്തിനൊപ്പമാണ് സർവിസസും ഗോവയും മുന്നേറിയത്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിരവധി കണ്ടെങ്കിലും ഷോട്ടുകൾ പലതും ലക്ഷ്യം കാണാതെ പറന്നു. ആദ്യ പകുതിയിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചത് ഗോവക്കാണ്. കളി അവസാന അരമണിക്കൂറിലേക്ക് കടന്നിട്ടും സ്കോർ ബോർഡ് ചലിച്ചില്ല.
ഒടുവിൽ സർവിസസിന്റെ ഗോളെത്തി. ബോക്സിന് തൊട്ടരികെ രാഹുലിന്റെ പാസ്. ഷഫീലിന്റെ ഉഗ്രനടി തടുക്കാൻ ഡൈവ് ചെയ്ത ഗോവൻ ഗോളി അന്റോണിയോ ഡിലൻഡിനെയും കീഴ്പ്പെടുത്തി പന്ത് പോസ്റ്റിന്റെ വലതുമൂലയിൽ. ഗോൾ മടക്കാനുള്ള നീക്കങ്ങൾക്ക് സർവിസസ് പ്രതിരോധ ഭടന്മാർ കോട്ടകെട്ടിയത് തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.