സന്തോഷ് ട്രോഫി മലപ്പുറത്ത് പന്തുരുളാൻ 50 നാൾ...
text_fieldsമഞ്ചേരി: ഫുട്ബാളിനെ ഹൃദയത്തിലേറ്റിയ മലപ്പുറം ജനതക്ക് ഈ വേനലവധിക്കാലം സമ്മാനിക്കുന്നത് 'സന്തോഷ'ത്തിന്റെ നാളുകൾ. കോവിഡ് മൂന്നാം തരംഗം ഭീഷണി ഉയർത്തിയതോടെ മാറ്റിവെച്ച സന്തോഷ് ട്രോഫിക്ക് വീണ്ടും തീയതി കുറിച്ചതോടെ ആവേശം വാനോളം. ജില്ലയിലേക്ക് ആദ്യമായി വിരുന്നെത്തുന്ന ചാമ്പ്യൻഷിപ്പിനെ വരവേൽക്കാൻ ഒരുക്കം പുരോഗമിക്കുകയാണ്. കൃത്യം ഇനി അമ്പതാം നാൾ മത്സരങ്ങൾക്ക് വിസിൽ മുഴങ്ങും. മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് പന്തുരുളുക. ഏപ്രിൽ 15 മുതൽ മേയ് ആറുവരെയാണ് പുതിയ മത്സരക്രമം. നേരത്തെ ഫെബ്രുവരി 20 മുതൽ മാർച്ച് ആറു വരെ നടത്താനായിരുന്നു അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ തീരുമാനം. കോവിഡ് വില്ലനായതോടെ ടൂർണമെന്റ് നീട്ടിവെക്കുകയായിരുന്നു. റമദാൻ നാളിലാണ് ഇത്തവണ മത്സരമെങ്കിലും ഗാലറി നിറയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
കേരളം പന്തുതട്ടുക പയ്യനാട് സ്റ്റേഡിയത്തിൽ
പത്ത് ടീമുകളാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്. രണ്ട് ഗ്രൂപ്പുകളിലായി അഞ്ചുവീതം ടീമുകൾ പരസ്പരം ഏറ്റുമുട്ടും. കേരളം, ബംഗാൾ, പഞ്ചാബ്, മേഘാലയ, രാജസ്ഥാൻ എന്നീ ടീമുകളാണ് ഗ്രൂപ്പ് 'എ'യിലുള്ളത്. കർണാടക, മണിപ്പൂർ, ഗുജറാത്ത്, സർവിസസ്, ഒഡീഷ എന്നീ ടീമുകൾ 'ബി' ഗ്രൂപ്പിലും പന്തുതട്ടും. കേരളമടങ്ങുന്ന എ ഗ്രൂപ്പിന്റെ മത്സരങ്ങളാണ് പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുക. ഇങ്ങോട്ടേക്ക് കാണികളുടെ ഒഴുക്കുണ്ടാകുമെന്നാണ് കരുതുന്നത്. ബി ഗ്രൂപ്പ് മത്സരങ്ങൾ മലപ്പുറം കോട്ടപ്പടിയിലും നടക്കും. കോവിഡ് ഭീതി ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിൽ കാണികളെ പ്രവേശിപ്പിക്കുന്നതിൽ അന്തിമ തീരുമാനം കൈകൊണ്ടിട്ടില്ല. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളും പയ്യനാടാണ് നടക്കുക.
മത്സരങ്ങൾക്കായി പച്ചപ്പണിഞ്ഞ് പയ്യനാട്
ഗ്രൗണ്ടിലെ പുല്ലുകളുടെ പരിപാലനമാണ് നിലവില്‍ നടക്കുന്നത്. ആഴ്ചയിൽ ഒരുദിവസം യന്ത്രം ഉപയോഗിച്ച് പുല്ലുകൾ വെട്ടിയൊതുക്കും. കളിക്കാര്‍ക്കും റഫറിമാര്‍ക്കും മറ്റു ഒഫീഷ്യലുകള്‍ക്കുമുള്ള റൂമുകളുടെ പെയിന്റിങ്, വി.ഐ.പി പവലിയനില്‍ അധിക ഗാലറി സ്ഥാപിച്ച് കസേരയിടുന്നതടക്കമുള്ള പ്രവൃത്തി എന്നിവ പൂർത്തിയായി.
സ്ഥലത്ത് കോൺക്രീറ്റ് ചെയ്ത് ഉയരം കൂട്ടിയാണ് വി.ഐ.പി പവലിയന് ഒരുക്കിയത്. ഇവിടെ 1000 കസേരകള്‍ സ്ഥാപിക്കാന്‍ സാധിക്കും. ഗ്രൗണ്ട് സുരക്ഷക്കുള്ള ഫെന്‍സിങ്ങിന്റെ അറ്റകുറ്റപ്പണികള്‍, ഇലക്ട്രിക്കല്‍ ജോലികള്‍, സ്റ്റേഡിയം മുഴുവനായും പെയിന്റ് അടിക്കൽ, സ്റ്റേഡിയത്തിലേക്ക് ഇറങ്ങുന്ന ഭാഗത്ത് കട്ടവിരിക്കൽ എന്നിവ ബാക്കിയുണ്ട്.
പവർഫുൾ ഫ്ലഡ്ലൈറ്റ്
നിലവിലുള്ള ഫ്ലഡ്ലൈറ്റുകളുടെ പ്രകാശ തീവ്രത വർധിപ്പിക്കാൻ 80 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. 1200 ലെക്സസ് ലൈറ്റ് 2000 ആയാണ് ഉയർത്തുന്നത്. നാല് ടവറുകളിലായി ഏകദേശം 84 ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. പയ്യനാട് ആദ്യമായി നടന്ന ഫെഡറേഷൻ കപ്പിൽ താൽക്കാലിക ഫ്ലഡ്ലൈറ്റിലായിരുന്നു നടന്നിരുന്നത്. സ്ഥിരമായി വെളിച്ച സംവിധാനം ഇല്ലാത്തതോടെ ഒട്ടേറെ മത്സരങ്ങളും നഷ്ടമായിരുന്നു. ഇതോടെ 2020ല്‍ നാല് കോടി രൂപ ചെലവഴിച്ചാണ് പയ്യനാട് ഫ്ലഡ്ലൈറ്റ് സ്ഥാപിച്ചത്. സ്റ്റേഡിയത്തിന് പ്രത്യേകമായി 22 ലക്ഷം ചെലവിട്ട് ട്രാന്‍സ്ഫോർമറും സ്ഥാപിച്ചിട്ടുണ്ട്. മികച്ച വെളിച്ച സംവിധാനം ഉള്ളതിനാൽ പയ്യനാട് രാത്രി എട്ട് മുതലാണ് മത്സരങ്ങൾ. തത്സമയ സംപ്രേഷണത്തിനും തടസ്സമുണ്ടാകില്ല. കോട്ടപ്പടിയിൽ വൈകീട്ട് അഞ്ച് മുതലും മത്സരങ്ങൾ നടക്കും.
പാർക്കിങ്ങിനായി വിശാലമായ മൈതാനം
പയ്യനാട് സ്റ്റേഡിയത്തിൽ മത്സരങ്ങൾ വീക്ഷിക്കാനെത്തുന്നവർക്ക് വാഹനങ്ങൾ നിർത്തിയിടാൻ ഒരു പ്രയാസവും ഉണ്ടാകില്ല. ഇതിനായി വിശാലമായ സ്ഥലമാണ് ഒരുക്കിയിട്ടുള്ളത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിരപ്പാക്കിയിട്ടുണ്ട്. ഒരേസമയം ആയിരത്തിലധികം കാറുകളും ഇരുചക്ര വാഹനങ്ങളും നിർത്തിയിടാനാകും. എന്നാൽ കോട്ടപ്പടിയിൽ പാർക്കിങ്ങിനായി മറ്റുസ്ഥലം കണ്ടെത്തേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.