കന്നട മണ്ണിൽ കാൽപന്തിൻ പുതുവസന്തം
text_fieldsബംഗളൂരു: എട്ടു പതിറ്റാണ്ട് പിന്നിട്ട സന്തോഷ് ട്രോഫിയുടെ ചരിത്രത്തിലെ അപൂർവ എഡിഷനാണ് ശനിയാഴ്ച റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിൽ സമാപിച്ചത്. കേരളം പുറത്തായതോടെ കാണികളുടെ പിന്തുണ കുറഞ്ഞെങ്കിലും വരുംനാളുകളിൽ സംഘാടനത്തിൽ മാറ്റത്തിന്റെ സൂചനകളാണിത് നൽകുന്നത്.
ഫുട്ബാളിലെ ഈ മാറ്റക്കാറ്റ് കന്നട മണ്ണിലും വീശിത്തുടങ്ങിയിരിക്കുന്നു. പഴയ പടക്കുതിരകളായിരുന്ന മൈസൂർ സ്റ്റേറ്റിനു കീഴിൽ ഇന്ത്യൻ ഫുട്ബാളിന്റെ ഭൂപടത്തിൽ കർണാടക സ്വന്തം ഇടം അടയാളപ്പെടുത്തിയ കാലമുണ്ടായിരുന്നു. 1969ൽ നേടിയ സന്തോഷ് ട്രോഫി കിരീടം ആ ഷോകേസിലേക്ക് വീണ്ടുമെത്താൻ അഞ്ചര പതിറ്റാണ്ടോളമാണ് കന്നടികർക്ക് കാത്തിരിക്കേണ്ടിവന്നത്.
കർണാടകയായി പേരുമാറിയശേഷം 1975ൽ കോഴിക്കോട്ട് നടന്ന സന്തോഷ് ട്രോഫിയിൽ കലാശക്കളിയിൽ മാറ്റുരച്ചശേഷം മറ്റൊരു ഫൈനൽ കണ്ടിട്ടില്ല; അന്ന് ബംഗാളിനോട് ഒന്നിനെതിരെ മൂന്നു ഗോളിന് തോൽവിയായിരുന്നു ഫലം.
വെറും ഭാഗ്യമല്ല; സ്ഥിരതയുടെ ഫലം
ഐ.ടി.ഐ, എച്ച്.എ.എൽ, സി.ഐ.എൽ തുടങ്ങിയ ടീമുകൾ മൈതാനത്ത് കത്തിനിന്ന കാലത്തുനിന്ന് കർണാടക ഫുട്ബാൾ പതിയെ പ്രാദേശികമായൊതുങ്ങിയിരുന്നു. എന്നാൽ, 2013ൽ ബംഗളൂരു എഫ്.സിയുടെ വരവും ഏതാനും വർഷങ്ങളായി കർണാടക സ്റ്റേറ്റ് ഫുട്ബാൾ അസോസിയേഷൻ നടപ്പാക്കിയ മാറ്റങ്ങളുമൊക്കെ കർണാടക മണ്ണ് വീണ്ടും വളക്കൂറുള്ളതാക്കി.
54 വർഷത്തിനുശേഷം ചരിത്രനേട്ടം കർണാടക എത്തിപ്പിടിക്കുമ്പോൾ അതു വെറും ഭാഗ്യമെന്ന് എഴുതിത്തള്ളാനാവില്ല. സ്ഥിരതയില്ലായ്മയുടെ പേരിൽ കേരള ടീം പഴികേൾക്കുന്നത് പതിവാകുമ്പോഴാണ് സന്തോഷ് ട്രോഫിയിൽ കഴിഞ്ഞ മൂന്നു വർഷവും സ്ഥിരതയാർന്ന പ്രകടനത്തിലൂടെ കർണാടക സെമിയിൽ ഇടം പിടിച്ചത്.
കഴിഞ്ഞ വർഷം മലപ്പുറത്ത് നടന്ന സെമിയിൽ കേരളത്തോട് തോറ്റെങ്കിലും ഇത്തവണ ഒഡിഷയിൽവെച്ച് കടം വീട്ടി. ആ തോൽവി കേരളത്തിന്റെ പുറത്താകലിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു. ശക്തമായ ലീഗ് സമ്പ്രദായം കർണാടക അടുത്തിടെ പിന്തുടരുന്നുണ്ട്. 19 ടീമുകൾ മാറ്റുരക്കുന്ന, നാലു മാസത്തോളം നീളുന്ന സൂപ്പർ ഡിവിഷൻ ലീഗാണിത്. ഇതോടെ കളിക്കാർക്ക് കൂടുതൽ കളികളും തിളങ്ങാൻ അവസരങ്ങളും ലഭിക്കും.
കേരളത്തിനും മാതൃകയാക്കാം
സന്തോഷ് ട്രോഫി സീസണാവുമ്പോൾ മാത്രം ഉണരുന്നതാണ് കേരളത്തിലെ രീതി. കർണാടകയിൽനിന്ന് ഏറെ പഠിക്കാനുണ്ട്. മലയാളിയും കോൺഗ്രസ് എം.എൽ.എയും അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ വൈസ് പ്രസിഡന്റുമായ എൻ.എ. ഹാരിസ് കർണാടക ഫുട്ബാൾ അസോസിയേഷൻ അധ്യക്ഷ സ്ഥാനമേറ്റശേഷം 200ഓളം പുതിയ ക്ലബുകളാണ് രജിസ്റ്റർ ചെയ്തത്. 12 ജില്ലകൾ മാത്രം സഹകരിച്ചിരുന്നിടത്ത് 29 ജില്ലകളിലേക്ക് അഫിലിയേഷൻ ഉയർത്തി.
സംസ്ഥാനങ്ങളുടെ പെർഫോമൻസ് പട്ടികയിൽ 25ാമതായിരുന്ന കർണാടകയെ നാലാമതെത്തിക്കാനായതും നേട്ടമാണ്. നോൺ സ്റ്റോപ് ഫുട്ബാളാണ് തങ്ങൾ കർണാടകയിൽ ലക്ഷ്യമിടുന്നതെന്നും അതിന്റെ അനുരണനമാണ് ഈ കിരീടവിജയമെന്നും കെ.എസ്.എഫ്.എ സെക്രട്ടറി സത്യനാരായണ പറഞ്ഞു.
വനിത ഫുട്ബാളിലും മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. നാലു വർഷം മുമ്പ് രജിസ്റ്റർ ചെയ്ത നാലു വനിത ക്ലബുകളുണ്ടായിരുന്നത് ഇന്ന് 40 ക്ലബുകളായി. വിജയകരമായ വനിത ലീഗും അരങ്ങേറുന്നുണ്ട്. രാജ്യത്തെ പഴക്കം ചെന്ന ഫുട്ബാൾ ടൂർണമെന്റുകളിലൊന്നായ സ്റ്റഫോർഡ് ചലഞ്ച് കപ്പിന്റെ ആരവം വീണ്ടും മൈതാനത്തേക്ക് എത്തിക്കാനും കെ.എസ്.എഫ്.എക്ക് കഴിഞ്ഞു.
തിങ്കളാഴ്ച ബാംഗ്ലൂർ ഫുട്ബാൾ സ്റ്റേഡിയത്തിൽ സ്റ്റഫോർഡ് ചലഞ്ച് കപ്പ് ഫൈനലിനുശേഷം നടക്കുന്ന ചടങ്ങിൽ സന്തോഷ് ട്രോഫി ജേതാക്കളായ ടീമിന് വൻ സ്വീകരണമാണ് ഒരുക്കുന്നത്. കിരീടവുമായി ഞായറാഴ്ച രാത്രി ബംഗളൂരു വിമാനത്താവളത്തിലിറങ്ങിയ ടീമിന് വരവേൽപ് നൽകി. തിങ്കളാഴ്ച വൈകീട്ട് കിരീടവുമായി ബംഗളുരു നഗരത്തിൽ ടീം പ്രദക്ഷിണം നടത്തും.
മലയാളി സാന്നിധ്യമായി ജേക്കബ്
ബംഗളൂരു: സന്തോഷ് ട്രോഫിയിൽ കർണാടക ചരിത്രനേട്ടം കൈവരിച്ചപ്പോൾ ടീമിൽ കരുത്തായി മലയാളി താരവും. തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ജേക്കബ് ജോൺ കാട്ടൂക്കാരനാണ് ചാമ്പ്യന്മാർക്കായി ബൂട്ടണിഞ്ഞത്. ടൂർണമെന്റിൽ ജേക്കബ് മൂന്നു ഗോളും അഞ്ച് അസിസ്റ്റും നേടി.
ബംഗളൂരു സ്പോർട്ടിങ് ക്ലബിന്റെ ഫോർവേഡായ ജേക്കബ്, ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടിയും ജഴ്സിയണിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിൽ 2019ൽ കളിച്ചിട്ടുണ്ട്. പ്രവാസി മലയാളികളായ ജോൺ ലൂയി കാട്ടൂക്കാരൻ- സീമ ദമ്പതികളുടെ മകനാണ്. ബംഗളൂരു സെന്റ് ജോസഫ്സ് കോളജിൽ ബിരുദ വിദ്യാർഥിയാണ്. മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി ജാബിറാണ് കർണാടക ടീമിന്റോ ഫിസിയോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.