കേരളത്തിന്റെ കളിജയത്തിന് ഇന്ന് സുവർണ സന്തോഷം
text_fieldsകൊച്ചി: അമ്പതാണ്ട് മുമ്പുള്ള ഇന്ന്! അന്നത്തെ ‘ഇന്നാ ’യിരുന്നു ആ സന്തോഷ നാൾ. അതുവരെ ബാലികേറാമലയും നിത്യസ്വപ്നവുമായിരുന്ന സന്തോഷ് ട്രോഫി കിരീടത്തിൽ കേരളം ആദ്യമായി മുത്തമിട്ട നിമിഷം. എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിന്റെ ചുറ്റുമുള്ള ചൂളമര ഗാലറിയിലിരുന്ന് അരലക്ഷത്തോളം വരുന്ന കാണികൾ ‘കേരളം, കേരളം’ എന്നാർപ്പുവിളിച്ച് സന്തോഷിച്ച, പൊട്ടിച്ചിരിച്ച, ആനന്ദക്കണ്ണീരണിഞ്ഞ നിമിഷം... അതെ, 1973 ഡിസംബർ 27നാണ് കേരളം സന്തോഷ് ട്രോഫി കിരീടം എന്ന സ്വപ്നത്തിന്റെ ഗോൾപോസ്റ്റ് കുലുക്കിയത്. അന്നത്തെ കളിക്കളത്തിലെ കരുത്തരായ റെയിൽവേ ടീമിനോടായിരുന്നു 3-2 ഗോളിനുള്ള മിന്നുംജയം എന്നത് ആഹ്ലാദം ഇരട്ടിയാക്കി. കേരളത്തിന്റെ മൂന്നു ഗോളുകളും അന്നത്തെ ക്യാപ്റ്റൻ ടി.കെ.എസ്. മണിയുടെ ബൂട്ടിൽനിന്നുതിർന്നതായിരുന്നു. ഹോംഗ്രൗണ്ടിൽ ഹാട്രിക് ഗോളോടെ ജയിക്കുന്ന ക്യാപ്റ്റൻ എന്ന വിശേഷണവും അതിലൂടെ മണി സ്വന്തമാക്കി.
പെയ്യാൻ വെമ്പിനിൽക്കുന്ന മേഘങ്ങളെ സാക്ഷിനിർത്തിയും ഇടക്ക് തഴുകിയെത്തിയ ചാറ്റൽമഴക്ക് ചുവട്ടിലുമായിരുന്നു ആ കാൽപന്തുകളി ആഘോഷം. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ അതേ ദിനംതന്നെയായിരുന്നു കാൽപന്തുകളിയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കാണികൾ എത്തിയതും. അന്ന് മഹാരാജാസ് ഗാലറിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു കാഴ്ചക്കാർ. സ്റ്റേഡിയത്തിലെ ലൈനിനു തൊട്ടടുത്തുവരെ അന്ന് കാഴ്ചക്കാരുണ്ടായിരുന്നു എന്ന് കളിക്കാരും ദൃക്സാക്ഷികളും ഓർക്കുന്നു.
ടൂർണമെന്റിന് തൊട്ടുമുമ്പ് വരെ കളിക്കളത്തിൽ ശരാശരിയായിരുന്നു കേരള ടീമിന്റെ പ്രകടനമെങ്കിലും അന്നത്തെ കോച്ച് ഒളിമ്പ്യൻ സൈമൺ സുന്ദർരാജിന്റെ നേതൃത്വത്തിലുള്ള പരിശീലനം ആ ടീമിനെ മികവുറ്റതാക്കി മാറ്റി. അതുവരെയുള്ള കളികളിൽ എല്ലാം ജയിച്ച് അവരാ സ്വപ്നഫൈനലിൽ പ്രവേശിച്ചു. ചടുലമായ പാസുകളിലൂടെ, കൃത്യമായ നീക്കങ്ങളിലൂടെ കേരളം കളംനിറഞ്ഞുകളിച്ചപ്പോൾ റെയിൽവേസ് എന്ന പടക്കുതിര മൈതാനത്തു കാൽതെന്നി വീണു.
നജീമുദ്ദീൻ നൽകിയ പാസിലൂടെയാണ് ക്യാപ്റ്റൻ മണി ആദ്യ ഗോളടിച്ചത്. പിന്നീട് രണ്ടാം പകുതിയിൽ വില്യം ഒരുക്കിയ വഴികളിലൂടെ അതേ ക്യാപ്റ്റന്റെ കാലടികൾ ഗോളെന്ന കവിത ഒരിക്കൽകൂടി രചിച്ചു. 65ാം മിനിറ്റിൽ റെയിൽവേക്ക് ആദ്യ ഗോൾ നേടിക്കൊടുത്തത് ചിന്ന റെഡ്ഡിയാണ്. സമനിലക്കായി അവർ ആഞ്ഞുപരിശ്രമിച്ചെങ്കിലും 70ാം മിനിറ്റായപ്പോൾ വീണ്ടും മണി ഗോളടിച്ച് മാന്ത്രികനായി. നജീമുദ്ദീൻ തന്നെയായിരുന്നു വഴിയൊരുക്കിയത്. എട്ടു മിനിറ്റ് മാത്രം ബാക്കിനിൽക്കേ ദിലീപ് പാലിത്ത് ഒരിക്കൽകൂടി റെയിൽവേസിനായി കേരളത്തിന്റെ ഗോൾവല കുലുക്കി. എന്നാൽ, പിന്നീടൊരു സമനിലയെടുക്കാനുള്ള നീക്കം അതിസാഹസികമായി കേരളം ഇല്ലാതാക്കുകയായിരുന്നു.
പ്രധാന ഗോളി വിക്ടർ മഞ്ഞിലയും രണ്ടാം ഗോളി കെ.പി. സേതുമാധവനും പരിക്കിന്റെ പിടിയിൽ അമർന്നതുമൂലം ജി. രവീന്ദ്രൻ നായർ ആയിരുന്നു അന്ന് ഗോൾവല കാത്തത്. ഉദ്വേഗം മാത്രം നിറഞ്ഞ നിമിഷങ്ങളായിരുന്നു അന്നത്തെ കളിയിലുടനീളമെന്ന് പരിക്ക് വില്ലനായതിനാൽ പുറത്തിരുന്ന മെയിൻ ഗോളി വിക്ടർ മഞ്ഞില ഓർക്കുന്നു. കളിക്കാനാവാതിരുന്നത് തന്റെ ജീവിതത്തിലുടനീളം ഒരു സ്വകാര്യ ദുഃഖമാണെന്നും മഞ്ഞിലയുടെ വാക്കുകൾ. കേരളത്തിന്റെ കായികഭൂപടത്തിൽ സ്വർണലിപികളാൽ എഴുതിയ ആ ഏടിനിന്ന് അമ്പതാണ്ട് തികയുമ്പോൾ കൊച്ചി കോർപറേഷന്റെ നേതൃത്വത്തിൽ ബുധനാഴ്ച വീണ്ടുമൊരു സോക്കർ കാർണിവൽ ഒരുക്കുകയാണ്. അന്നത്തെ സന്തോഷ് ട്രോഫി താരങ്ങൾക്കുള്ള ആദരമുൾപ്പെടെയാണ് ചടങ്ങിലുള്ളത്. ഞായറാഴ്ച അന്തരിച്ച 1973ലെ കിരീട ടീം വൈസ് ക്യാപ്റ്റൻ ടി.എ. ജാഫറിന് അനുശോചനവും രേഖപ്പെടുത്തും.
ആദരം ആയിരത്തിലൊതുക്കി
ചരിത്രപ്രസിദ്ധമായ വിജയത്തിനുശേഷം അന്നത്തെ സർക്കാർ താരങ്ങൾക്കായി ആയിരം രൂപ കാഷ് അവാർഡും ഫലകവും സമ്മാനിച്ചിരുന്നു. മുഖ്യമന്ത്രിയായ സി. അച്യുതൻ മേനോനാണ് കളിക്കാരെ ആദരിച്ചത്. കിരീടനേട്ടത്തിന്റെ പിറ്റേന്ന് സംസ്ഥാനത്തിന് പൊതു അവധി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, അതിനുശേഷം ഇന്നുവരെ മാറിമാറി വന്ന സർക്കാറുകൾ ഒന്നും ഇവരെ തിരിഞ്ഞുനോക്കിയിട്ടില്ല.
ഫുട്ബാൾ അസോസിയേഷൻ അന്നുമിന്നും ചരിത്ര വിജയശിൽപികളെ വേണ്ടവിധം ആദരിക്കാൻ മുന്നോട്ടുവന്നില്ലെന്നതാണ് യാഥാർഥ്യം. ദിവസങ്ങൾക്കുമുമ്പ് സന്തോഷ് ട്രോഫി പ്ലെയേഴ്സ് വെൽഫെയർ അസോസിയേഷൻ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ അന്നത്തെ താരങ്ങൾക്ക് ആദരവ് ഒരുക്കിയിരുന്നു. ഇന്നിതാ കൊച്ചിൻ കോർപറേഷനും ആദരിക്കൽ ചടങ്ങ് ഒരുക്കുന്നു, എന്നാൽ, ഇതിലൊന്നും കായികവകുപ്പോ കെ.എഫ്.എയോ പേരിനുപോലും സഹകരിച്ചില്ല. ഇതിന്റെ അമർഷം അന്നത്തെ താരങ്ങൾക്ക് ഇന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.