സന്തോഷ് ട്രോഫി ചരിത്ര ഫൈനലിൽ കർണാടകക്ക് കിരീടം
text_fieldsറിയാദ്: ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ വിരുന്നെത്തിയ സന്തോഷ് ട്രോഫി ഫൈനൽ മത്സരത്തിന് ഉജ്വല പരിസമാപ്തി. ശനിയാഴ്ച റിയാദ് കിങ് ഫഹദ് ഇൻറർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് നവാഗതരായ മേഘാലയയെ തകർത്ത് കർണാടക വിജയം വരിച്ചു. 82 വർഷം പഴക്കമുള്ള ഇന്ത്യയുടെ അന്തർ സംസ്ഥാന ചാമ്പ്യൻഷിപ്പിന്റെ ആദ്യത്തെ അന്താരാഷ്ട്ര വേദിയായി സൗദി അറേബ്യൻ തലസ്ഥാനം മാറിയത് വേറിട്ട അനുഭവമായി മാറി.
മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെ മേഘാലയുടെ വലകുലുക്കി കർണാടകയുടെ സുനിൽ കുമാർ ഗോൾവേട്ടക്ക് തുടക്കം കുറിച്ചു. ഉണർന്നുകളിച്ച മേഘാലയുടെ മുന്നേറ്റത്തെ തടഞ്ഞപ്പോൾ കർണാടകക്ക് ശക്തമായ വില കൊടുക്കേണ്ടി വന്നു. ഏഴാം മിനിറ്റിൽ തന്നെ പെനാൽറ്റി സ്‌കോർ ചെയ്ത് മേഘാലയ സമനിലനേടി. പത്തൊൻപതാം മിനിറ്റിൽ കർണാടകയുടെ ഒരു ശക്തമായ മുന്നേറ്റം ഫലം കണ്ടു. ബീകെ ഒറാമിന്റെ ഒരു തകർപ്പൻ ഷോട്ടിലൂടെ കർണാടക വീണ്ടും മുന്നിലെത്തി.
മുപ്പതാം മിനിറ്റിൽ മേഘാലയുടെ നല്ലൊരു നീക്കം കർണാടകയുടെ പ്രതിരോധത്തിൽ തട്ടി വിഫലമായി. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് കർണാടകക്ക് ലഭിച്ച ഒരു ഫ്രീ കിക്ക് റോബിൻ യാദവ് ലക്ഷ്യത്തിലെത്തിച്ചു 3-1ന് പിരിഞ്ഞു. മത്സരം കാണാൻ സെമി ഫൈനലിലെ അപേക്ഷിച്ച് കൂടുതൽ ഫുട്‌ബാൾ പ്രേമികൾ എത്തിയിരുന്നു. ആവേശം പകരാൻ റിയാദ് ടാക്കീസ് ചെണ്ടമേളക്കാർ ഗാലറിയിൽ താളമേളം മുഴക്കി. രണ്ടാം പകുതിയിൽ മേഘാലയ കൂടുതൽ മെച്ചപ്പെട്ട കളി പുറത്തെടുത്തപ്പോൾ 60-ാം മിനിറ്റിൽ ലഭിച്ച അനുകൂല കോർണറിനെ തുടർന്ന് രണ്ടാം ഗോൾ നേടി (3-2). 80, 81 മിനുറ്റുകളിൽ രണ്ട് കോർണറുകൾ ലഭിച്ചെങ്കിലും മേഘാലയക്ക് ലക്ഷ്യം കാണാനായില്ല.
ഒരു സമനിലക്ക് വേണ്ടിയുള്ള മേഘാലയുടെ ശ്രമങ്ങൾ അവസാന ഘട്ടംവരെ പുലർന്നില്ല. അന്തിമ വിസിൽ മുഴങ്ങുമ്പോൾ കർണാടകത്തിന്റെ കൂടെയായിരുന്നു മരുഭൂമിയിലെ സന്തോഷ് ട്രോഫി കിരീടം. അറബ് മണ്ണിൽ ഇന്ത്യൻ ഫുട്ബാളിന്റെ ആദ്യപരീക്ഷണത്തിന് മനോഹരമായ പരിസമാപ്തി. ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, സൗദി ഫുട്‌ബാൾ ഫെഡറേഷൻ പ്രസിഡൻറ് യാസർ അൽ മിഷേൽ, വൈസ് പ്രസിഡൻറ് ഇബ്രാഹിം അൽതാബ, ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് കല്യാൺ ചുബ്ബെ, വൈസ് പ്രസിഡൻറ് എൻ.എ. ഹാരിസ്, സെക്രട്ടറി ഡോ. ഷാജി പ്രഭാകർ എന്നിവർ ഫൈനൽ മത്സരങ്ങൾ വീക്ഷിക്കാനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.