ക്വാർട്ടറിൽ കണ്ണുവെച്ച് കേരളം
text_fieldsഹൈദരാബാദ്: തുടർച്ചയായ മൂന്നാം ജയവുമായി ക്വാർട്ടർ ബർത്തുറപ്പിക്കാൻ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലെ മൂന്നാം പോരിന് കേരളം വ്യാഴാഴ്ച കളത്തിലിറങ്ങുന്നു. ഡെക്കാൻ അറീനയിൽ രാവിലെ നടക്കുന്ന മത്സരത്തിൽ ഒഡിഷയാണ് എതിരാളി. ഗോവയെയും മേഘാലയയെയും വീഴ്ത്തിയ കേരളം വിജയപ്രതീക്ഷയുമായാണ് ഒഡിഷക്കെതിരെ ഇറങ്ങുന്നത്. ആദ്യപകുതി ഒത്തിണക്കത്തോടെ കൈയടക്കുന്ന കേരളത്തിന് രണ്ടാം പകുതിയിൽ എതിരാളികളിൽനിന്ന് കനത്ത സമ്മർദമേൽക്കേണ്ടി വരുന്നതാണ് കഴിഞ്ഞ കളികളിലെ കാഴ്ച.
ഏഴു ഗോളുകൾ പിറന്ന ഗോവക്കെതിരായ മത്സരത്തിൽ സമനിലയിൽനിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു. മേഘാലയക്കെതിരെയാകട്ടെ ആദ്യ പകുതിയിൽ പിറന്ന ഒറ്റ ഗോളിന്റെ കാവലിലാണ് കളിയവസാനിച്ചത്. രണ്ടാം പകുതിയിൽ മേഘാലയ മികച്ച അവസരങ്ങളൊരുക്കിയെങ്കിലും ഗോൾമാത്രം വഴിമാറി. രണ്ടു മത്സരങ്ങളിലും മുന്നേറ്റ താരം അജ്സലിന് സ്കോർ ചെയ്യാനായത് കേരളത്തിന് പ്രതീക്ഷ നൽകുന്നു. വലതുവിങ്ങിൽ നിജോ ഗിൽബർട്ട് ഫോം വീണ്ടെടുക്കുക കൂടി ചെയ്താൽ ആക്രമണത്തിന് മൂർച്ച കൂടും.
ഡൽഹിയോട് രണ്ടുഗോളിന് തോറ്റെങ്കിലും കരുത്തരായ ഗോവയെ മറുപടിയില്ലാത്ത രണ്ടുഗോളിന് വീഴ്ത്തി കറുത്ത കുതിരകളായാണ് ഒഡിഷയുടെ വരവ്. ഗ്രൂപ് ബിയിൽ വ്യാഴാഴ്ച നടക്കുന്ന മറ്റു മത്സരങ്ങളിൽ ഡൽഹി മേഘാലയയെയും തമിഴ്നാട് ഗോവയെയും നേരിടും. അഞ്ചു മത്സരങ്ങളുള്ള ഗ്രൂപ് ഘട്ടത്തിൽ കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച കേരളത്തിനും ഡൽഹിക്കും ആറു പോയന്റ് വീതമാണുള്ളത്. ഗോൾ ശരാശരിയിൽ ഡൽഹിയാണ് തലപ്പത്ത്.
ഇന്നു ജയിക്കാനായാൽ കേരളത്തിനും ഡൽഹിക്കും അവസാന എട്ടിൽ നേരത്തെ സീറ്റു പിടിക്കാം. ആറു ടീമുകൾ വീതമുള്ള ഇരു ഗ്രൂപ്പിൽനിന്നും ആദ്യ നാലു സ്ഥാനക്കാർ ക്വാർട്ടറിലിടം നേടും. ബുധനാഴ്ച നടന്ന ഗ്രൂപ് എ മത്സരങ്ങളിൽ മണിപ്പൂർ-ജമ്മു കശ്മീർ മത്സരം സമനിലയിലായപ്പോൾ ബംഗാൾ രാജസ്ഥാനെയും 2-0 നും സർവിസസ് 3-1 ന് തെലങ്കാനയെയും തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.