പഞ്ചാബിനായി മലയാളി പഞ്ച്
text_fieldsമഞ്ചേരി: സ്വന്തം നാടും സ്വന്തം ടീമും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ആർക്കുവേണ്ടി കൈയടിക്കണമെന്ന സംശയത്തിലായിരുന്നു പഞ്ചാബ് ഗോൾ കീപ്പർ ആൻറണി മോസസ്. ആദ്യ ഇലവനിൽ കളിക്കാൻ അവസരം കിട്ടിയില്ലെങ്കിലും പഞ്ചാബിന്‍റെ ഓരോ മുന്നേറ്റത്തിനും ഡഗ്ഔട്ടിലിരുന്ന് പിന്തുണ നൽകുന്നുണ്ടായിരുന്നു താരം.
12ാം മിനിറ്റിൽ തന്നെ ടീം ആദ്യ ഗോൾ നേടിയതോടെ സ്വന്തം ടീമംഗങ്ങൾക്കൊപ്പം ആവേശത്തിലായിരുന്നു. പഞ്ചാബിനുവേണ്ടി തുടർച്ചയായി നാലാം തവണയാണ് തിരുവനന്തപുരം കൊച്ചുവേളി സ്വദേശിയായ മോസസ് ബൂട്ടുകെട്ടുന്നത്. കഴിഞ്ഞ തവണ റണ്ണേഴ്സ് ആയ ടീമിൽ അംഗമായിരുന്നു.
സർവിസസിനെതിരെ ഒരു ഗോളിനാണ് ഫൈനലിൽ പരാജയപ്പെട്ടത്. ചെറുപ്പം മുതൽ തന്നെ ഗോൾ കീപ്പിങ്ങിൽ ആയിരുന്നു ശ്രദ്ധ. തിരുവനന്തപുരം ജില്ലക്കായും കേരള യൂനിവേഴ്സിറ്റിക്കായും പന്തുതട്ടി. കെ.എസ്.ഇ.ബി, എസ്.ബി.ടി ടീമുകൾക്കായി അതിഥി താരമായും എത്തി. സി.ആർ.പി.എഫിനായി ഡ്യുറൻഡ് കപ്പിലും കളിച്ചിട്ടുണ്ട്.
2018ൽ മലപ്പുറത്ത് നടന്ന പൊലീസ് ഗെയിംസിൽ ഫുട്ബാളിൽ കിരീടം നേടിയ ടീമിനെ നയിച്ചത് ആൻറണി മോസസ് ആയിരുന്നു. പഞ്ചാബിലെ ജലന്ധറിൽ സി.ആർ.പി. എഫ് ഹെഡ് കോൺസ്റ്റബ്ൾ ആയി ജോലി ചെയ്യുകയാണ്. ഭാര്യ: ബൈലോൺ. നദാലിയ, ലിയോണ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.